ന്യൂയോര്‍ക്ക്: ശീതകാല സായംസന്ധ്യയെ പുതുതലമുറയുടെ ആഘോഷമാക്കി മാറ്റി യുവ കലാകാരന്മാരുടെ വിവിധ കലാവിരുന്നൊരുക്കി ട്രിനിറ്റി സ്‌കൂള്‍ ഓഫ് ആര്‍ട്ട്‌സും സോളിഡ് ആക്ഷന്‍ സ്റ്റുഡിയോയും  സംയുക്തമായി സംഘടിപ്പിച്ച കലാ സന്ധ്യ ന്യൂയോര്‍ക്കില്‍ അരങ്ങേറി. ഫ്‌ളോറല്‍  പാര്‍ക്കിലുള്ള ടൈസണ്‍ സെന്ററില്‍ ഫെബ്രുവരി 25-ന് അരങ്ങേറിയ കലാവിരുന്ന് വളര്‍ന്നുവരുന്ന മലയാളീ പുതുതലമുറയുടെ കലാവാസനകളെ വെളിപ്പെടുത്തുന്നതായിരുന്നു.

”നിങ്ങള്‍ ഭൂലോകം എങ്ങും പോയി സുവിശേഷം അറിയിപ്പീന്‍”  എന്ന സന്ദേശം ഉള്‍ക്കൊണ്‍ട് സംഗീതത്തിലൂടെയും കലാപ്രകടനങ്ങളിലൂടെയും ദൈവത്തെ മഹത്വപ്പെടുത്താം എന്ന ലക്ഷ്യത്തോടും പൈതൃകമായ മലയാളീ  സംസ്‌കാരം പുതുതലമുറയില്‍ നിലനിര്‍ത്തണമെന്ന മനസ്സിലെ ആഗ്രഹത്തെ യാഥാര്‍ധ്യമാക്കുവാന്‍ ഉദ്ദേശിച്ചും തമ്പി എന്ന തോമസ്  ചെറിയാന്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ന്യൂയോര്‍ക്കില്‍ ആരംഭിച്ച  സംരംഭമാണ് ട്രിനിറ്റി സ്‌കൂള്‍ ഓഫ് ആര്‍ട്ട്‌സ്.

സംഗീതത്തോടും സംഗീത ഉപകരണങ്ങളോടും നൃത്തത്തോടും അഭിരുചിയുള്ളവരുടെ കഴിവുകള്‍ വികസിപ്പിക്കുന്നതിനായി  ക്ലാസ്സുകള്‍ സംഘടിപ്പിച്ചും അവരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുവാന്‍ വേദികളൊരുക്കിയും മുന്നേറുന്ന ട്രിനിറ്റി സ്‌കൂള്‍ ഇതിനോടകം ധാരാളം ഗായകരെയും കൊച്ചു കലാകാരന്മാരേയും  രൂപപ്പെടുത്തി കഴിഞ്ഞു. അത്തരം കൊച്ചു കലാകാരന്മാരുടെയും കലകാരികളുടെയും മനോഹരങ്ങളായ കലാവിരുന്നാണ് പ്രേക്ഷകര്‍ക്കായി കലാസന്ധ്യയില്‍ അവതരിപ്പിച്ചത്.

ദൈവത്തെ മഹത്വപ്പെടുത്തിയും ഹൃദയ സ്പര്‍ശിയായ ഗാനങ്ങള്‍ അവതരിപ്പിച്ചും  വാദ്യോപകരണങ്ങളിലൂടെ മാസ്മരിക നാദങ്ങള്‍ തൊടുത്തുവിട്ടും അനുഗ്രഹീത  കലാകാരന്മാര്‍ പ്രേക്ഷക മനസ്സ് കയ്യടക്കി. അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും  ചേര്‍ന്ന ഓര്‍ക്കസ്ട്രാ ടീമിന്റെ വിവിധ വാദ്യോപകരണങ്ങളാലുള്ള ഫ്യൂഷന്‍ സംഗീതം പ്രേക്ഷകരെല്ലാം നന്നായി ആസ്വദിച്ചു.

അമേരിക്കന്‍ മണ്ണില്‍ ജനിച്ചു വളര്‍ന്നതെങ്കിലും മലയാളഭാഷയില്‍ മനോഹരമായി ഗാനങ്ങള്‍ ആലപിച്ച പുതുതലമുറ ഗായകരെ ഏവരും വളരെയധികം  പ്രശംസിച്ചു. അതില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് യുവഗായകനായ അലക്‌സ് ജോര്‍ജ്ജിന്റെ ശ്രവണ സുന്ദരമായ  മലയാള ഗാനങ്ങളായിരുന്നു. പല മത്സര വേദികളിലും കലാപരിപാടികളിലും  ഗാനങ്ങള്‍ ആലപിച്ച് കഴിവ് തെളിയിച്ച അനുഗ്രഹീത യുവഗായകനാണ്  അലക്‌സ് ജോര്‍ജ്ജ്. മറ്റൊരു കൊച്ചു കലാകാരനായ നോയല്‍ അലക്‌സ് മണലില്‍ അവതരിപ്പിച്ച  സാക്‌സോഫോണ്‍ വാദ്യോപകരണ ഗാനവും ഹിന്ദി ഗാനവും ഏവരും  നന്നായി ആസ്വദിച്ചു. ട്രിനിറ്റി സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ അലീനാ  ഷാജിയുടെ മനോഹരമായ ഗാനവും ആന്‍ജലിനയുടെ നൃത്തവും ഹന്നാ  ജേക്കബ് ടീം ഷാരോണ്‍-ലിസ ടീം ഫയോണ-ഫെബിന ടീം  എന്നിവരുടെ ഗ്രൂപ്പ് ഡാന്‍സുകളും ജെഫ്രിയുടെ ഗാനവുമെല്ലാം  പ്രേക്ഷക മനസ്സുകള്‍ കീഴടക്കി. ട്രിനിറ്റി വേയിസ് ടീമിന്റെ മനോഹരങ്ങളായ  സംഘഗാനങ്ങള്‍ കലാ സന്ധ്യക്ക് കൊഴുപ്പേകി.

വിവിധ രോഗാവസ്ഥയിലൂടെ കടന്നു പോകുന്നവരുടെ ആശ്വാസത്തിനായി ട്രിനിറ്റി  വേയിസ് ടീം ആലപിച്ച ഗാനങ്ങള്‍ ഹൃദയ സ്പര്‍ശിയായിരുന്നു.  കലാ സന്ധ്യയുടെ അവതാരകനായിരുന്ന റവ. ജോണി തോമസ്  വാദ്യോപകരണങ്ങളായ ഫ്‌ളൂട്ടും സാക്‌സോഫോണും ഉപയോഗിച്ച് അവതരിപ്പിച്ച ഫ്യൂഷന്‍ ഗാനം  പ്രേക്ഷകരെ സ്തബ്ധരാക്കി. ജഫ്രി, സാബു, ഹെബ്‌സിബാ, ആരോണ്‍ ജോബി, ജോസ്സി,  ആഷ്‌ലി, ജോസ് കുര്യന്‍ എന്നിവരുടെ മലയാളം ഗാനങ്ങളും  ജെറി ആലപിച്ച തമിഴ് ഗാനങ്ങളുമെല്ലാം മനോഹരമായിരുന്നു. ട്രിനിറ്റി സ്‌കൂള്‍ ഓഫ് ആര്‍ട്ട്‌സിലെ  പിയാനോ അദ്ധ്യപകന്‍ ഇറ്റാലിയന്‍ വംശജനായ ഡോ. ബാര്‍ബറ  മിലുകോളാസിന്റെ സാന്നിദ്ധ്യം ശ്രദ്ധേയമായിരുന്നു. മറ്റ് വാദ്യോപകരണ അദ്ധ്യാപകരായ  മാത്യുവിന്റെയും ജോസ് കുര്യന്റെയും വാദ്യോപകരണ സംഗീതം നന്നായിരുന്നു.  മാര്‍ത്തോമ്മാ യൂത്ത് ചാപ്ലയിന്‍ റവ. ഷിബി എബ്രഹാമിന്റെയും  മറ്റ് പല ദൈവദാസന്മാരുടെയും സാന്നിദ്ധ്യം അനുഗ്രഹപ്രദമായിരുന്നു. ഹെബ്രോന്‍ ഗേസ്പല്‍ അസ്സംബ്ലി പാസ്റ്റര്‍ റവ. ജോണ്‍ തോമസ് (ജയിംസ്) കലാസന്ധ്യയിലെ പ്രാരംഭ പ്രാര്‍ത്ഥന നടത്തി. രണ്ട്് മണിക്കൂറലധികം  അരങ്ങ് തകര്‍ത്ത കലാസന്ധ്യ പ്രേക്ഷകര്‍ക്കെല്ലാം മാനസിക ഉല്ലാസം  നല്‍കി.

Group Dance IMG_2019 IMG_2029 IMG_2042

LEAVE A REPLY

Please enter your comment!
Please enter your name here