ഇന്ത്യന്‍ രൂപയുടെ മൂല്യം വര്‍ധിക്കുന്നത് സാധാരണക്കാരായ പ്രവാസികളെ ആശങ്കയിലാഴ്ത്തുന്നു. ഒരു റിയാലിന് 18.20 ആയിരുന്ന രൂപ ഇപ്പോള്‍ 17.47 റിയാലായി കുറഞ്ഞിട്ടുണ്ട്. സഊദി റിയാലുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം ഒന്നരവര്‍ഷത്തിനു ശേഷമാണ് ഉയര്‍ന്ന നിരക്കിലെത്തുന്നത്. ഡോളറുമായുള്ള വിനിമയനിരക്കില്‍ രൂപ നല്ല മുന്നേറ്റം നടത്തുന്നതാണ് ഗള്‍ഫ് കറന്‍സികളുമായുള്ള വിനിമയ മൂല്യത്തെ ബാധിച്ചത്. നിലവില്‍ രൂപയുടെ വിനിമയ മൂല്യത്തിലുണ്ടായ കുതിപ്പ് കാരണം റിയാലിന് ഒരു രൂപ വരെ നഷ്ടപ്പെട്ട സാഹചര്യമാണുള്ളത്. സഊദി ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങള്‍ അഞ്ചു ശതമാനം മൂല്യവര്‍ധിത നികുതി ഏര്‍പ്പെടുത്താനിരിക്കെ, പ്രവാസികളെ സംബന്ധിച്ചട്ടുത്തോളം കന്നത്ത പ്രഹരമാണ് രൂപയുടെ മൂല്യ വര്‍ധനവ്.

ഇതോടെ മാസാവസാനം നാട്ടിലേക്ക് പണം അയക്കാന്‍ കാത്തിരിക്കുന്ന പ്രവാസികള്‍ക്കാണ് രൂപയുടെ മൂല്യം വര്‍ധിച്ചത് തിരിച്ചടിയാകുന്നത്. വായ്പകള്‍ക്കും കുടുംബത്തിന്റെ ചെലവിലേക്കും മറ്റുമായി നിശ്ചിത തുക അയക്കുന്നവര്‍ക്ക് രൂപയുടെ മൂല്യം കൂടുന്നതനുസരിച്ച് ഇനി അല്‍പം കൂടുതല്‍ റിയാല്‍ നീക്കിവെക്കേണ്ടി വരും. സാധാരണക്കാരായ പ്രവാസികളെ സംബന്ധിച്ച് രൂപയുടെ മൂല്യം വര്‍ധിച്ചത് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്ന് യു.എ.ഇ. എക്‌സ്‌ചേഞ്ച് സഊദി കണ്‍ട്രി ഹെഡ് പറഞ്ഞു.

എന്നാല്‍ പര്‍ച്ചേസിങ് പവര്‍ കൂടിയതിനാല്‍ ഇന്ത്യയില്‍ നിക്ഷേപം നടത്തുന്ന പ്രവാസികളെ സംബന്ധിച്ച് രൂപയുടെ മൂല്യം വര്‍ധിച്ചത് ഏറെ ഗുണകരമാണ്. യു.പി അടക്കമുള്ള സംസ്ഥാനത്ത് നടന്ന തിരഞ്ഞെടുപ്പിന്റെ പ്രതിഫലനമാണ് ഇന്ത്യന്‍ ഓഹരി വിപണിയുടെ മുന്നേറ്റത്തിന് കാരണം. ഓഹരി വിപണിയുടെ മുന്നേറ്റമാണ് ഡോളറിനെ മറികടന്ന് രൂപയുടെ മൂല്യം വര്‍ധിക്കാന്‍ കാരണമായി സാമ്പത്തിക വിദ്ധക്തര്‍ പറയുന്നത്. അതേസമയം വരും ദിവസങ്ങളില്‍ രൂപയുടെ മൂല്യം ഇനിയും വര്‍ധിച്ചേക്കുമെന്ന ആശങ്കയില്‍ കൈയില്‍ സൂക്ഷിച്ചിരിക്കുന്ന പണം എത്രയും പെട്ടെന്ന് നാട്ടിലേക്ക് അയക്കാനായി നിരവധി പേര്‍ യു.എ.ഇ എക്‌സ്‌ചേഞ്ച് എത്തുന്നുണ്ട്.

അതേ സമയം ഊഹാധിഷ്ഠിത വ്യാപാരത്തിന്റെ പ്രതിഫലനമാണ് ഇപ്പോള്‍ കാണുന്നതെന്നും ഏപ്രില്‍ മാസത്തോടെ മാത്രമേ ഈ പ്രവണത തുടരുമോ എന്ന് ഉറപ്പിക്കാനാവൂ എന്നും സാമ്പത്തിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ അഭിപ്രായപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here