കെ.എം. മാണിയും കേരള കോണ്‍ഗ്രസും യുഡിഎഫിലേക്കു മടങ്ങിവരണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും.

മലപ്പുറം ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ പി.കെ. കുഞ്ഞാലിക്കുട്ടിക്കായി കേരളാ കോണ്‍ഗ്രസ് കണ്‍വെന്‍ഷന്‍ വിളിച്ചതു ശുഭസൂചകമാണ്. മാണിയുടെ മടങ്ങിവരവിനു കുഞ്ഞാലിക്കുട്ടി മുന്‍കൈയെടുക്കുമെന്നാണു പ്രതീക്ഷയെന്നും ഇരുവരും ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞു.

കേരള കോണ്‍ഗ്രസ് എന്നും യുഡിഎഫിന്റെ അവിഭാജ്യഘടകമാണെന്നാണ് കരുതുന്നത്. പാര്‍ട്ടി എന്നതിനു പുറമെ യു.ഡി.എഫിനു ശക്തിപകര്‍ന്ന നേതാവാണ് കെ.എം. മാണി. അദ്ദേഹത്തിന്റെ സാന്നിധ്യവും പങ്കാളിത്തവും യുഡിഎഫ് ആഗ്രഹിക്കുന്നുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.  അദ്ദേഹത്തോടു മുന്നണി വിടാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് ചെന്നിത്തലയും കൂട്ടിച്ചേര്‍ത്തു.

അതേസമയം, കേരള കോണ്‍ഗ്രസ്എമ്മിനെ യുഡിഎഫിലേക്ക് ക്ഷണിച്ച ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും മനസിന് നന്ദി അറിയിച്ച് കെ.എം.മാണി രംഗത്തുവന്നു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മാണി.

മലപ്പുറത്ത് യുഡിഎഫ് സ്ഥാനാര്‍ഥിക്ക് പാര്‍ട്ടി പിന്തുണ നല്‍കുന്നത് മുസ്‌ലിം ലീഗുമായും പി.കെ.കുഞ്ഞാലിക്കുട്ടിയുമായുള്ള അടുപ്പംകൊണ്ടാണ്. ഈ പിന്തുണ യുഡിഎഫിനുള്ളതായി ആരും തെറ്റിദ്ധരിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.

യുഡിഎഫിനോടുള്ള വിരോധം കൊണ്ടല്ല കേരള കോണ്‍ഗ്രസ്എം മുന്നണി വിട്ടത്. ശപിച്ചിട്ടല്ല താന്‍ ഇറങ്ങിപ്പോന്നതെന്നും വിഷമംകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here