ബറാക് ഒബാമ അധികാരത്തിലിരിക്കെ തന്റെ ഫോണ്‍ കോളുകള്‍ ചോര്‍ത്തിയെന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ ആരോപണത്തില്‍ കഴമ്പില്ലെന്ന് എഫ്.ബി.ഐ. ആരോപണങ്ങള്‍ ശരിവെക്കുന്ന തരത്തിലുള്ള തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് യു.എസ് അന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐ ഡയരക്ടര്‍ ജെയിംസ് കോമെ പറഞ്ഞു. രാജ്യത്തെ ഏതെങ്കിലുമൊരു വ്യക്തിയുടെ ഫോണ്‍ ചോര്‍ത്താന്‍ യു.എസ് ഭരണഘടന പ്രസിഡന്റിന് അനുവാദം നല്‍കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ റഷ്യയുടെ കൈകടത്തല്‍ ഉണ്ടായിരുന്നോ എന്ന കാര്യം എഫ്.ബി.ഐ അന്വേഷിക്കുമെന്നും കോമെ അറിയിച്ചു.

അതിനിടെ റഷ്യയുമായി രഹസ്യധാരണയുണ്ടാക്കിയെന്ന വാര്‍ത്ത വ്യാജമെന്ന് തെളിഞ്ഞതായി ഡൊണാള്‍ഡ് ട്രംപ് തിങ്കളാഴ്ച ട്വീറ്റ് ചെയ്തിരുന്നു. തെരഞ്ഞെടുപ്പില്‍ തന്നെ പരാജയപ്പെടുത്താനായി ഡമോക്രാറ്റുകള്‍ മെനഞ്ഞുണ്ടാക്കിയ വാര്‍ത്തയായിരുന്നു ഇതെന്നും എന്നാല്‍ അവരാണ് പരാജയപ്പെട്ടതെന്നും അദ്ദേഹത്തിന്റെ ട്വീറ്റില്‍ പറയുന്നു.

എന്നാല്‍ ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് ട്രംപിന്റെ ട്വീറ്റെന്നാണ് വിലയിരുത്തല്‍.

LEAVE A REPLY

Please enter your comment!
Please enter your name here