ഇന്ത്യ-ആസ്‌ത്രേലിയ ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് സമനിലയില്‍. ഇന്ത്യന്‍ വിജയപ്രതീക്ഷകളെ തച്ചുടച്ചാണ് ആസ്‌ത്രേലിയ ടെസ്റ്റ് സമനിലയിലാക്കിയത്. അഞ്ചാം ദിനം വിജയപ്രതീക്ഷയുമായി ഇറങ്ങിയ ഇന്ത്യ വിജയത്തിലെത്തുമെന്ന് തോന്നിച്ചെങ്കിലും ആസ്‌ത്രേലിയന്‍ താരങ്ങളായ ഷോണ്‍ മാര്‍ഷും ഹാന്‍ഡ്‌സ്‌കൊമ്പും സമനില പിടിച്ചുവാങ്ങുകയായിരുന്നു.

രണ്ടാം ഇന്നിങ്‌സില്‍ ആസ്‌ത്രേലിയയെ പെട്ടെന്ന് ഓള്‍ ഔട്ട് ആക്കി വിജയം കൊയ്യാമെന്ന ഇന്ത്യന്‍ മോഹങ്ങള്‍ ഷോണ്‍ മാര്‍ഷും ഹാന്‍ഡ്‌സ്‌കൊമ്പും തീര്‍ത്ത വന്‍മതിലില്‍ തട്ടിത്തെറിക്കുകയായിരുന്നു. കളി അവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ ആസ്‌ത്രേലിയ ആറു വിക്കറ്റിന് 204 റണ്‍സെടുത്തു. മൂന്നാം ടെസ്റ്റ് സമനിലയില്‍ കലാശിച്ചതോടെ പരമ്പരയിലെ അടുത്ത ടെസ്റ്റ് നിര്‍ണായകമായിരിക്കുകയാണ്. അടുത്ത മത്സരം മാര്‍ച്ച് 25 മുതല്‍ ധര്‍മശാലയില്‍ നടക്കും.

നാല് വിക്കറ്റിന് 63 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന ആസ്‌ത്രേലിയയെ ഷോണ്‍ മാര്‍ഷും ഹാന്‍ഡ്‌സ്‌കൊമ്പും ചേര്‍ന്നാണ് തോല്‍വിയില്‍ നിന്നും കരകയറ്റിയത്. 124 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ ആസ്‌ത്രേലിയന്‍ അക്കൗണ്ടിലേക്ക് കൂട്ടിച്ചേര്‍ത്തത്. ഷോണ്‍ മാര്‍ഷ് 53 റണ്‍സും ഹാന്‍ഡ്‌സ്‌കൊമ്പ് 72 റണ്‍സും നേടി.

അഞ്ചാം ദിനമായ ഇന്ന് ക്യാപ്റ്റന്‍ സ്മിത്ത് പുറത്തായതാണ് ആസ്‌ത്രേലിയന്‍ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചത്. സ്മിത്തി(21)നെ ജഡേജ ക്ലീന്‍ ബൗള്‍ഡ് ആക്കുകയായിരുന്നു. സ്മിത്തും റെന്‍ഷായും ചേര്‍ന്ന് ഇന്ത്യയുടെ ലീഡ് 100ല്‍ താഴെയാക്കി ഓസീസ് പ്രതീക്ഷകളെ കൈപ്പിടിച്ചുയര്‍ത്തി മുന്നേറുന്നതിനിടെയാണ് രണ്ട് ഓവറുകള്‍ക്കിടയില്‍ രണ്ട് പേരും കൂടാരം കയറിയത്. 15 റണ്‍സെടുത്ത റെന്‍ഷായെ വിക്കറ്റിന് മുന്നില്‍ കുടുക്കി ഇശാന്ത് ഓസീസിന് ആദ്യ പ്രഹരം സമ്മാനിച്ചു. തൊട്ടടുത്ത ഓവറിലെ ആദ്യ പന്തിലായിരുന്നു സ്മിത്തിന്റെ പതനം.

ഇന്ത്യയ്ക്ക് വേണ്ടി ജഡേജ നാല് വിക്കറ്റും അശ്വിനും ഇഷാന്തും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ആസ്‌ത്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 451 റണ്‍സിന് മറുപടിയായി ഇന്ത്യ 603 റണ്‍സെടുത്തിരുന്നു. ചേതേശ്വര്‍ പൂജാരയുടെ ഡബിള്‍ സെഞ്ച്വറിയുടെയും വൃദ്ധിമാന്‍ സാഹയുടെ സെഞ്ച്വറിയുടെ പിന്‍ബലത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ നേടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here