തമിഴ്‌നാട് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ചിഹ്നത്തിനു വേണ്ടി ശശികല- പനീര്‍ശെല്‍വം പക്ഷങ്ങള്‍ നടത്തിയ തര്‍ക്കത്തിന് അവസാനമായി. ശശികലക്ക് തൊപ്പിയും പനീര്‍ശെല്‍വത്തിന് ഇലക്ട്രിക് പോസ്റ്റും ചിഹ്നമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു. ഇരു പക്ഷത്തിനും പുതിയ പാര്‍ട്ടി പേരുകളും തീരുമാനമായി. എ.ഐ.ഡി.എം.കെ അമ്മ എന്നാണ് ശശികലയുടെ പാര്‍ട്ടിയുടെ പേര്. എ.ഐ.ഡി.എം.കെ പുരൈട്ചി തലൈവി അമ്മയാണ് ശെല്‍വത്തിന്റെ പാര്‍ട്ടി.

ഇന്നലെ രാത്രി വൈകിയാണ് രണ്ടില ചിഹ്നം മരവിപ്പിച്ചു കൊണ്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവിട്ടത്. ആര്‍.കെ നഗറില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ചിഹ്നം ആവശ്യപ്പെട്ട് പാര്‍ട്ടിയിലെ പനീര്‍ശെല്‍വം വിഭാഗവും ശശികല വിഭാഗവും എത്തിയതോടെയായിരുന്നു നടപടി. ഓള്‍ ഇന്ത്യാ അണ്ണാ ഡി.എം.കെ എന്ന പേര് ഇരു പക്ഷവും ഉപയോഗിക്കാന്‍ പാടില്ലെന്നും നിര്‍ദ്ദേശിച്ചിരുന്നു.

ഇരുകൂട്ടര്‍ക്കും മൂന്നു സ്വതന്ത്ര ചിഹ്നങ്ങള്‍ വീതവും പകരം ഉപയോഗിക്കാവുന്ന പാര്‍ട്ടി പേരും നിര്‍ദേശിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു. ഇത് പ്രകാരം ഇരുപക്ഷവും നിര്‍ദ്ദേശിച്ച പേരുകളും ചിഹ്നങ്ങളുമാണ് ഇരുപാര്‍ട്ടികള്‍ക്കുമായി നല്‍കിയിരിക്കുന്നത്. ശശികല പക്ഷം സ്ഥാനാര്‍ഥിയായി ടി.ടി.വി ദിനകരനും പനീര്‍ശെല്‍വം പക്ഷം സ്ഥാനാര്‍ഥിയായി ഇ. മധുസൂദനനുമാണ് മത്സരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ഒഴിവുവന്ന ആര്‍.കെ നഗര്‍ മണ്ഡത്തിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here