sanju-kedar.jpg.image.784.410

ഹരാരെ ∙ ഇന്ത്യൻ ടീമിലേക്ക് സഞ്ജു സാംസണ് കയ്പ്പേറിയ അരങ്ങേറ്റം. സിംബാംബ്‌വെയ്ക്കെതിരായ രണ്ടാം ട്വന്റി 20യിൽ 10 റൺസിന് ഇന്ത്യ തോറ്റു. ഇതോടെ രണ്ടു മൽസരങ്ങളുള്ള ട്വന്റി 20 പരമ്പര സമനിലയിലായി (1-1). സിംബാബ്‍വെ ഉയർത്തിയ 146 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയുടെ പോരാട്ടം ഒൻപത് വിക്കറ്റിന് 135 റൺസിൽ അവസാനിക്കുകയായിരുന്നു. മൂന്നു വിക്കറ്റ് വീഴ്ത്തിയ ക്രീമർ ആണ് ഇന്ത്യൻ ബാറ്റിങ് നിരയെ തകർത്തത്.

ആദ്യ രാജ്യാന്തര മൽസരത്തിൽ അഞ്ചാമനായി ഇറങ്ങിയ സഞ്ജു 24 പന്തിൽ ഒരു ബൗണ്ടറി ഉൾപ്പെടെ 19 റൺസാണ് നേടിയത്. പതിനെട്ടാം ഒാവറിൽ മപ്ഫുവിന്റെ പന്ത് ബൗണ്ടറി ലൈനിന് സമീപത്ത് വില്യംസ് പിടിച്ചാണ് സഞ്ജു പുറത്തായത്. ഫീൽഡിൽ സഞ്ജു തന്റെ ആദ്യ ക്യാച്ച് രേഖപ്പെടുത്തി. സിബാംബ്‍വെ ക്യാപ്റ്റൻ റാസയെ സന്ദീപ് ശർമയുടെ പന്തിൽ പിടിച്ചാണ് സഞ്ജു പുറത്താക്കിയത്.

ഇന്ത്യൻ നിരയിൽ 42 റൺസെടുത്ത് റോബിൻ ഉത്തപ്പ മാത്രമാണ് പിടിച്ചു നിന്നത്. സ്റ്റുവർട്ട് ബിന്നി 24 റൺസ് നേടി.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സിംബാംബ്‌വെ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 145 റൺസെടുത്തു. 67 റൺസെടുത്ത ഓപ്പണർ ചാമു ചിഭാഭയാണ് സിംബാബ്‍വെയുടെ ടോപ് സ്കോറർ.

ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് സഞ്ജു സാംസൺ ഇന്ത്യക്കായി അരങ്ങേറി. ഹർഭജൻ സിങ്ങിന് പകരക്കാരനായിട്ടാണ് സഞ്ജുവിനെ അവസാന ഇലവനിൽ ഉൾപ്പെടുത്തിയത്. ദേശീയ ടീമിലെത്തുന്ന ആദ്യ മലയാളി ബാറ്റ്സ്മാനാണ് സ‍ഞ്ജു. 20-ാം വയസിലാണ് സഞ്ജുവിന്റെ ഇന്ത്യൻ ടീമിലേയ്ക്കുള്ള അരങ്ങേറ്റം. മുരളി വിജയ് ആണ് സഞ്ജുവിന് ഇന്ത്യൻ ക്യാപ് കൈമാറിയത്.

അവസാനം സഞ്ജു ടീമിലെത്തി, ഇന്ത്യൻ ക്രിക്കറ്റിൽ ഇനി മുതൽ സഞ്ജുവിന്റെ കാലഘട്ടം തുടങ്ങുകയായി എന്നാണ് സഞ്ജു സാംസണെ അവസാന ഇലവനിൽ ഉൾപ്പെടുത്തിയെന്ന വാർത്തയെ വിശേഷിപ്പിച്ചിരിക്കുന്നത്.

ദേശീയ ടീമിലെത്തുന്ന നാലാമത് മലയാളിയാണ് സഞ്ജു. എബി കുരുവിള, ടിനു യോഹന്നാൻ, എസ്. ശ്രീശാന്ത് എന്നീ ബോളർമാരാണ് നേരത്തെ ഇന്ത്യൻ ടീമിൽ ഇടം നേടിയിട്ടുള്ളവർ.

ആദ്യ ട്വന്‍റി20 ആധികാരികമായി 54 റണ്‍സിനാണ് അജിങ്ക്യ രഹാനെയും കൂട്ടരും വിജയിച്ചത്.

 

India-players.jpg.image.784.410 Zimbabwe.jpg.image.784.410

LEAVE A REPLY

Please enter your comment!
Please enter your name here