uma-behra.jpg.image.784.410

പത്തനംതിട്ട∙ പാലക്കാട്ട് റയിൽവേ ട്രാക്കിൽ രണ്ടു പെൺകുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആദ്യ അന്വേഷണ സംഘത്തിന് വീഴ്ചപറ്റിയെന്ന് പുതിയ അന്വേഷണ മേധാവി എസ്പി ഉമാ ബെഹ്റ. ആദ്യ അന്വേഷണ സംഘത്തെ എസ്പി ശകാരിച്ചു. വീഴ്ചവരുത്തിയതിന് കോന്നി സിഐയ്ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന. പെൺകുട്ടികൾ മാവേലിക്കരയിൽ ഉണ്ടായിട്ടും റയിൽവേ പൊലീസിനെ അറിയിക്കാൻ വൈകി. ഇതുമായി ബന്ധപ്പെട്ട് റയിൽവേ അധികൃതരിൽ നിന്ന് എസ്പി വിവരം ശേഖരിച്ചു.

പൊലീസ് ജാഗ്രത പാലിച്ചിരുന്നുവെങ്കിൽ കോന്നിയിലെ പെൺകുട്ടികളുടെ മരണം ഒഴിവാക്കാമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ ആരോപിച്ചിരുന്നു. ഉയർന്ന ഉദ്യോഗസ്ഥരടക്കം ജാഗ്രത പാലിക്കണമായിരുന്നു. പെൺകുട്ടികളെ കണ്ടെത്തുന്നതിൽ പൊലീസിന് വീഴ്ച പറ്റിയെന്നും പെൺകുട്ടികളുടെ വീട്ടിൽ സന്ദർശനം നടത്തിയതിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് പുതിയ അന്വേഷണ മേധാവി ഉമാ ബെഹ്റയും സംഘവും കോന്നിയിലെത്തിയിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലുള്ള ആര്യ കെ. സുരേഷിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. ആര്യയിൽ നിന്ന് മൊഴിയെടുത്ത ശേഷം കോന്നിയിലെത്താനായിരുന്നു അന്വേഷണ സംഘത്തിന്‍റെ ആദ്യ തീരുമാനം. എന്നാല്‍ പെണ്‍കുട്ടിയുടെ ആരോഗ്യനില വഷളായതിനെത്തുടർന്ന് തീരുമാനം മാറ്റുകയായിരുന്നു. ഉമാ ബെഹ്റ പത്തനംതിട്ട റെസ്റ്റ്ഹൗസില്‍ ജില്ലാപൊലീസ് മേധാവിയുമായി ചര്‍ച്ച നടത്തി.

പെണ്‍കുട്ടികള്‍ ഉപയോഗിച്ചിരുന്ന ടാബ്‌ലറ്റ് പൊലീസ് ബെംഗളൂരുവില്‍ നിന്ന് കണ്ടെടുത്തിരുന്നു. ചാമ്‌രാജ് പേട്ടയിലെ ഒരു മൊബൈല്‍ കടയില്‍ പെണ്‍കുട്ടികള്‍ ടാബ്‌ലറ്റ് വിറ്റതായാണ് പൊലീസ് കണ്ടെത്തിയത്. കടയുടമ പെണ്‍കുട്ടികളുടെ ഫോട്ടോ തിരിച്ചറിഞ്ഞിട്ടുണ്ട്. കോന്നി സിഐയുടെ നേതൃത്വത്തിലുള്ള സംഘം രണ്ടുദിവസം കൂടി ബെംഗളൂരുവില്‍ താമസിച്ച് വിവരങ്ങള്‍ ശേഖരിക്കും.

ട്രെയിനില്‍ നിന്നു വീണ് പരുക്കേറ്റ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന കോന്നി സ്വദേശിനി ആര്യ സുരേഷിന്‍റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. പെണ്‍കുട്ടിക്ക് വിദഗ്ധ ചികില്‍സ നല്‍കുന്നതിനായി പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു.

തൃശൂര്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ട് െക.ബാലഗോപാലിന്‍റെ നേതൃത്വത്തില്‍ വിവിധ വകുപ്പ് തലവന്‍മാര്‍ ഉള്‍പ്പെടുന്നതാണ് ബോര്‍ഡ്. ഇന്നലെ മുതല്‍ ഇവരുടെ പ്രത്യേക നിരീക്ഷണത്തിലാണ് ചികില്‍സ തുടരുന്നത്. അതേസമയം ശ്വാസകോശത്തിലേറ്റ അണുബാധയ്ക്ക് കുറവുണ്ടായിട്ടില്ല. വെന്‍റിലേറ്ററിന്‍റെ സഹായത്തിലാണ് ജീവന്‍ നിലനിര്‍ത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here