ന്യൂയോര്‍ക്ക്: രാജ്യ സേവനത്തിനിടെ 2011ല്‍ അഫ്ഗാനിസ്ഥാനിലുണ്ടായ സ്‌ഫോടനത്തില്‍ ഇരുകാലുകളും നഷ്ടപ്പെട്ട മറീനും, വിമുക്ത ഭടനുമായ മാറ്റിയാസ് ഫെറേറ (28) ന്യൂയോര്‍ക്ക് സഫോള്‍ക്ക് കൗണ്ടിയില്‍ പൂര്‍ണ്ണ സമയ പോലീസ് ഓഫീസറായി ഉദ്യോഗത്തില്‍ പ്രവേശിച്ചു.
അമേരിക്കയില്‍ ഇരുകാലുകളും നഷ്ടപ്പെട്ട് പോലീസ് ഓഫീസറായി ചുമതലയേല്‍ക്കുന്ന ആദ്യ വ്യക്തിയാണ് മാറ്റിയാസ്. ‘ഇന്ന് എന്റെ ജീവിതാഭിലാഷം സഫലമാവുകയാണ്’. വെള്ളിയാഴ്ച സഫോള്‍ക്ക് കൗണ്ടി പോലീസ് അക്കാദമിയില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ മാറ്റിയാസ് പറഞ്ഞു. ഭാര്യയും മകളും ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
മറ്റുള്ളവര്‍ക്ക് പ്രചോദനം നല്‍കി അടുത്ത ആഴ്ച മുതല്‍ പൂര്‍ണ്ണ സമയ പോലീസ് ഉദ്യോഗസ്ഥനായി പ്രവര്‍ത്തനം ആരംഭിക്കുമെന്നും മാറ്റിയാസ് പറഞ്ഞു.
ഉറുഗ്വേയില്‍ നിന്നും ചെറുപ്പത്തില്‍ അമേരിക്കയിലെത്തിയ മാറ്റിയാസ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി മറീന്‍ ഉദ്യോഗം സ്വീകരിക്കുകയായിരുന്നു.
ആറുമാസം നീണ്ടു നിന്ന പോലീസ് ട്രെയിനിങ്ങില്‍ മറ്റുള്ളവരോടൊപ്പം പരിശീലനം നടത്തിതിനുശേഷം പോലീസ് പരീക്ഷയില്‍ നൂറുശതമാനം മാര്‍ക്ക് വാങ്ങിയാണ് വിജയിച്ചത്. കൃത്രിമ കാലുകള്‍ ഘടിപ്പിച്ചു സാധാരണക്കാരെപോലെ പ്രവര്‍ത്തിക്കാനാകും എന്നാണ് മാറ്റിയാസിന്റെ വിശ്വാസം. സഫോള്‍ക്ക് കൗണ്ടിയിലെ പൗരന്മാര്‍ക്ക് വേണ്ട സംരക്ഷണം നല്‍കുന്നതില്‍ മാറ്റിയാസിന് പങ്കുവഹിക്കാനാകും എന്നാണ് കൗണ്ടി പോലീസ് കമ്മീഷനര്‍ തിമോത്തി സിനി അഭിപ്രായപ്പെട്ടത്.
പി. പി. ചെറിയാന്‍

LEAVE A REPLY

Please enter your comment!
Please enter your name here