മാധ്യമങ്ങളുടെ അധികാരം ദുരുപയോഗം ചെയ്യുന്ന പ്രവര്‍ത്തിയാണ് മംഗളം ചാനല്‍ ചെയ്തതെന്ന് ഏഷ്യാനെറ്റ് സ്ഥാപകന്‍ ശശികുമാര്‍ പറയുന്നു  ഒരു മന്ത്രി ഒരു സ്ത്രീയുമായി നടത്തിയ (അതും അവര്‍ക്ക് കൂടി പങ്കാളിത്തമുള്ള) സ്വകാര്യ ലൈംഗീകസംഭാഷണം ടെലിക്കാസ്റ്റ് ചെയ്യാന്‍ ഒരു മലയാള വാര്‍ത്താചാനലിനു ഇടയാക്കിയത് എന്താണ്? (മന്ത്രി പിന്നീട് രാജി വച്ചു)   വളരെ അസഹ്യമായ ഒന്നാണിത്, കാരണം ഇത് മാധ്യമത്തിന്റെ യഥാര്‍ത്ഥ ശക്തിയുടെ ദുര്‍വിനയോഗമാണ്. രാഷ്ട്രീയ അധികാരത്തെ ചോദ്യം ചെയ്യുന്നതും പരിശോധിക്കുന്നതുമായ മാധ്യമപ്രവര്‍ത്തനത്തെ കുറിച്ച് ആര്‍ക്കും തര്‍ക്കമുണ്ടാകില്ല.

പ്രശസ്തനോ അപ്രശസ്തനോ ആയ ഒരാളുടെ മതിപ്പിനെയും അഭിമാനത്തെയും തകര്‍ക്കാന്‍ വേണ്ടി മനപ്പൂര്‍വ്വമായി കഥകള്‍ കെട്ടിച്ചമയ്ക്കുകയും അതിനായി ഹണി ട്രാപ്പ് ഒരുക്കുകയും ചെയ്യുമ്പോള്‍ ഇതിനൊന്നും ന്യായീകരണമില്ലാതെയാകുന്നു. ഇങ്ങനെയുള്ള മാധ്യമത്തിനു യാതൊരു സദാചാര പശ്ചാത്തലം അവകാശപ്പെടാനോ ശിക്ഷയില്‍ നിന്നും ഒഴിയാനോ കഴിയില്ല.     അഭയം തേടി ചെന്ന വീട്ടമ്മയോടു മന്ത്രി ലൈംഗീകചുവയോടു സംസാരിച്ചു ആക്രമണം നടത്തി എന്നാണ് ഈ വാര്‍ത്തയില്‍ വിവരിക്കുന്നത്. എന്നാല്‍ ഇത് കൂടുതല്‍ വിശദീകരിക്കാന്‍ ചാനല്‍ തയ്യാറായില്ല. മാത്രമല്ല കൂടുതല്‍ വ്യക്തത നല്‍കാനും അവര്‍ക്കായില്ല. ചാനല്‍ പറയുന്നത് കണ്ണുമടച്ചു വിശ്വസിക്കുക മാത്രമാണ് നമ്മള്‍ ചെയ്യേണ്ടത്.

മന്ത്രിയുടെ വാക്കുകള്‍ മാത്രമാണ് ചാനല്‍ എഡിറ്റ്‌ ചെയ്തു കേള്‍പ്പിക്കുന്നത്. അതിനാല്‍ത്തന്നെ മറുപുറത്തുള്ള വ്യക്തി ഈ സംഭാഷണത്തില്‍ ഉഭയസമ്മതമില്ലതെയാണോ സംസാരിക്കുന്നതെന്ന് വ്യക്തമല്ല. മറുപുറത്ത് ഒരു സ്ത്രീയാണോ എന്ന് പോലും പ്രേക്ഷകന് അറിയില്ല. അങ്ങനെയെങ്കില്‍, പുറത്തുവിട്ട ഏകാംഗ സംഭാഷണം ഒരാളെ മാത്രം വ്യക്തിപരമായി തേജോവധം ചെയ്യാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നു.  മനപ്പൂര്‍വ്വമായി പശ്ചാത്തലം മറച്ചുവയ്ക്കുകയും, മന്ത്രിയുടെ ശബ്ദം മാത്രമായി സംഭാഷണം എഡിറ്റ്‌ ചെയ്യുകയും ചെയ്ത മാധ്യമപ്രവര്‍ത്തനം നിഷ്‌കപടത്വമുള്ളതും, അസാന്മാര്‍ഗ്ഗികവുമാണ്. ഒരാളെ മനപ്പൂര്‍വ്വമായി ഒറ്റപ്പെടുത്താനും ആക്രമിക്കുവാനുമുള്ള ഗൂഡലക്ഷ്യമാണ്‌ ഇതിനു പിന്നില്‍. മാന്യത ഇനിയും നഷ്ടപ്പെട്ടിട്ടില്ലാത്ത നമ്മുടെ സമൂഹത്തില്‍ ലൈംഗീകത സംസാരിച്ചു എന്ന കാരണത്താല്‍ ഒരാളെ ഇങ്ങനെയും തകര്‍ത്തു കളഞ്ഞു.

എവിടെയാണ് പരാതി?എന്താണ് പരാതി? കാര്യങ്ങള്‍ ഇങ്ങനെയാണ് എങ്കില്‍ ഒരാളുടെ കിടപ്പറയിലും, കുളിമുറിയിലും ഒളിക്യാമറ സ്ഥാപിച്ചും, അയാള്‍ സ്വയംഭോഗം ചെയ്യുന്നതും ചിത്രീകരിച്ചു കഴിഞ്ഞാല്‍ അവന്‍/ അവലെ കുറിച്ചുള്ള മതിപ്പ് തകര്‍ക്കാന്‍ കഴിയുമല്ലോ? ഇനി അങ്ങനെയല്ല, ഒരു പടി കൂടി കടന്നു അവരുടെ ചിന്തകളില്‍ കൂടി കടന്നു പോകുന്ന ലൈംഗീകത കൂടി നിരീക്ഷിച്ചു അത് ടെലിക്കാസ്റ്റ് ചെയ്യാന്‍ കഴിയുമെങ്കില്‍ കപടസദാചാരക്കാരുടെ മുന്നില്‍ അയാളെ അപമാനിച്ചു ഇല്ലാതെയാക്കാന്‍ കഴിയുമായിരുന്നു.  ആരാണ് സംഭാഷണം റെക്കോര്‍ഡ് ചെയ്തതെന്ന് ഇതുവരെ അജ്ഞാതമാണ്, അതിനിയും അങ്ങനെ തുടരാന്‍ അനുവദിച്ചു കൂടാ. അത് ആ സ്ത്രീയാണോ? (അങ്ങനെ ഒരാള്‍ ഉണ്ടെങ്കില്‍) അതോ സംസ്ഥാന മന്ത്രിമാരുടെ ഫോണ്‍ ഉള്‍പ്പെടെ ചോര്‍ത്തുന്നു എന്ന് ആരോപിക്കപ്പെടുന്ന ഏജന്‍സിയോ?

ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചു വിശ്വാസവഞ്ചനയിലൂടെ സാമ്പത്തികചൂഷണത്തിനും ശ്രമം നടന്നിട്ടുണ്ടോ എന്ന് അടിയന്തരമായി സംസ്ഥാനം അന്വേഷണം പ്രഖ്യാപിക്കണം.   ഗുരുതരമായ ശിക്ഷയ്ക്ക് ഈ ചാനല്‍ അര്‍ഹമാണ്. എഡിറ്റ്‌ ചെയ്ത അതീവ ലൈംഗീകചുവയുള്ള ഒരു സ്വകാര്യ സംഭാഷണം ഒരു മാസ് മീഡിയയിലൂടെ കുടുംബസദസ്സുകളുടെ മുന്‍പില്‍ ടെലിക്കാസ്റ്റ് ചെയ്യാന്‍ ഇവര്‍ക്കെങ്ങനെ കഴിയും? ആ സമയത്ത് ടി.വിയുടെ മുന്നിലുണ്ടായിരുന്ന കുട്ടികളെയും ചെറുപ്പക്കാരായ പ്രായപൂര്‍ത്തിയായവരുടേയും മുന്നില്‍ ഇത് പ്രദര്‍ശിപ്പിക്കുക വഴി ഇവര്‍ നിയമലംഘനം നടത്തിയില്ലേ? ഇത് വാര്‍ത്താ പോണോഗ്രാഫിയല്ലേ? നാണക്കേട്!

  (ശശികുമാര്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റിന്റെ വിവര്‍ത്തനം)

 

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here