തിരുവനന്തപുരം∙ സര്‍ക്കാര്‍ കുടിശിക നല്‍കാത്തത് കാരണം ആന്ധ്രയില്‍ നിന്നുള്ള അരിവരവു നിലച്ചു. കണ്‍സ്യൂമര്‍ഫെ‍ഡ് നല്‍കാനുള്ള 69 കോടി രൂപ കിട്ടാതെ കേരളത്തിലെ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കോ, ഇടനിലക്കാര്‍ക്കോ അരി വിതരണം ചെയ്യേണ്ടെന്ന് ഈസ്റ്റ് ഗോദാവരി റൈസ് മില്ലേഴ്സ് അസോസിയേഷന്‍ തീരുമാനിച്ചു. ഇതോടെ ഒാണത്തിനു പൊതുവിപണിയില്‍ അരിവില കുത്തനെ ഉയരുമെന്ന് ഉറപ്പായി.

500 മുതല്‍ 600 ലോഡ് വരെ ജയ അരിയാണ് സപ്ലൈകോയും കണ്‍സ്യൂമര്‍ഫെഡും ഈസ്റ്റ് ഗോദാവരി റൈസ് മില്ലേഴ്സ് അസോസിയേഷനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത്. ഒാണം ഉള്‍പ്പടെയുള്ള പ്രധാന സീസണുകളിൽ ഇത് 1,100 ലോഡ് വരെയായി ഉയരും. കൊല്ലത്തുള്ള മൊത്തകച്ചവടക്കാരാണ് ഇടനിലക്കാര്‍. എന്നാല്‍ മൂന്നുവര്‍ഷമായി കേരളത്തിലെ സര്‍ക്കാര്‍ ഏജന്‍സികള്‍ കൃത്യമായി പണം നല്‍കുന്നില്ലെന്ന് മില്ലുടമകള്‍ പറയുന്നു. 69 കോടി രൂപയാണ് കണ്‍സ്യൂമര്‍ഫെഡില്‍ നിന്ന് കിട്ടാനുള്ളത്. ഇതു കിട്ടാതെ ഇനി സര്‍ക്കാര്‍ ഏജന്‍സികള്‍ക്കോ, കേരളത്തിലെ ഇടനിലക്കാര്‍ക്കോ അരി നല്‍കേണ്ടെന്നാണ് അസോസിയേഷന്റെ തീരുമാനം.

എറണാകുളം മുതല്‍ തെക്കോട്ടുള്ള ജില്ലകളിലാണ് ജയ അരി ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്നത്. ആന്ധ്രയില്‍ നിന്നുള്ള അരി വരവ് പൂര്‍ണമായും നിലയ്ക്കുന്നതോടെ കണ്‍സ്യൂമര്‍ഫെഡിന്റെയും സപ്ലൈകോയുടേയും വിപണി ഇടപെടലും പ്രതിസന്ധിയിലാകും. അങ്ങനെ വന്നാല്‍‌ ഒാണത്തിനു പൊതുവിപണിയില്‍ അരിയുടെ വില കുതിച്ചുയരും. കടം വീട്ടാനായി 150 കോടി രൂപ ജില്ലാ സഹകരണ ബാങ്കുകളില്‍ നിന്ന് എടുക്കാന്‍ കണ്‍സ്യൂമര്‍ഫെഡ് തീരുമാനിച്ചെങ്കിലും ഹൈക്കോടതി ഇടപെട്ടതോടെ അതും പ്രതിസന്ധിയിലായിരിക്കുകയാണ്. അതുകൊണ്ടുതന്നെ സര്‍ക്കാരിന്‍റെ നേരിട്ടുള്ള ഇടപെടലാണ് ഇനി വേണ്ടത്

LEAVE A REPLY

Please enter your comment!
Please enter your name here