ബെയ്ജിങ് ∙ ലോകത്തെ എറ്റവും വലിയ ജലവിമാനവുമായി ചൈന. ദക്ഷിണ ചൈനാക്കടലിലെ തർക്കമേഖലയി‍ൽ വിന്യസിക്കാനുള്ളതെന്നു കരുതപ്പെടുന്ന ഭീമൻ വിമാനമാണ് ചൈനീസ് പണിപ്പുരയി‌ൽ. വിദേശവിപണി ലക്ഷ്യമിട്ടു വികസിപ്പിച്ച വിമാനത്തിന്റെ യന്ത്രഭാഗങ്ങൾ കൂട്ടിയോജിപ്പിക്കുന്ന അവസാനഘട്ട പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നു ചൈന ഡെയ്‌ലി റിപ്പോർട്ട് ചെയ്തു.

ചൈനീസ് ഏവിയേഷൻ ഇൻഡസ്ട്രി ജനറൽ എയർക്രാഫ്റ്റിനാണ് (സിഎഐജിഎ) എജി–600 ജലവിമാനത്തിന്റെ നിർമാണച്ചുമതല. 2009 സെപ്റ്റംബറിലാണ് പദ്ധതി ആരംഭിച്ചത്. ആകാശത്തും കടലിലും ഉപയോഗിക്കാനാകുന്ന ഈ വിമാനം സ്വന്തമാക്കാൻ പതിനേഴോളം ചൈനീസ് കമ്പനികൾ സിഎഐജിഎയെ സമീപിച്ചുകഴിഞ്ഞു. ഇതിലൊരു കമ്പനി ദക്ഷിണ ചൈനാക്കടലിലെ വിനോദസഞ്ചാര ആവശ്യത്തിനായാണ് വിമാനം ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നത്. ദ്വീപുകളേറെയുള്ള മലേഷ്യയും ന്യൂസീലൻഡും ജലവിമാനം വാങ്ങാൻ താൽപര്യം അറിയിച്ചിട്ടുണ്ടെന്നും സിഎഐജിഎ ജനറൽ മാനേജർ ക്യു ജിങ്‌വെൻ അറിയിച്ചു.

കടലിലെ രക്ഷാപ്രവർത്തന വേളകളിൽ പരമാവധി 50 പേരെ വഹിക്കാം. കടലിൽനിന്നോ കായലിൽനിന്നോ 12 ടൺ ജലം 20 സെക്കൻഡിനുള്ളിൽ സംഭരിക്കാൻശേഷിയുള്ള വിമാനത്തെ കാട്ടുതീയണയ്ക്കാനും മറ്റും പ്രയോജനപ്പെടുത്താം. അടുത്ത വർഷമാണ് കന്നിപ്പറക്കൽ. അടുത്ത പതിനഞ്ചു വർഷത്തിനുള്ളിൽ ചൈനയ്ക്കു കുറഞ്ഞതു നൂറു ജലവിമാനങ്ങളെങ്കിലും ആവശ്യമായി വരുമെന്നാണു വിലയിരുത്തൽ.

ജപ്പാന്റെ ഷിൻ മയ്‌വ യുഎസ്–2, റഷ്യയുടെ ബെറീവ് ബി–200 എന്നീ ജലവിമാനങ്ങളെ കടത്തിവെട്ടിയാണ് എജി–600 വലുപ്പത്തിൽ മേൽക്കോയ്മ നേടുന്നത്. ഇന്ത്യ വാങ്ങുന്നത് ജപ്പാന്റെ ജലവിമാനമാണ്.

*എജി 600 *

∙ ലോകത്തെ ഏറ്റവും വലിയ ‘ഉഭയ’വിമാനം ∙ ആകാശത്തും കടലിലും പ്രവർത്തനക്ഷമം ∙ നാല് ടർബോപ്രോപ് എൻജിനുകൾ ∙ ഭാരം – 53.5 ടൺ ∙ ഫ്ലൈറ്റ് റേഞ്ച്– 4500 കിലോമീറ്റർ

LEAVE A REPLY

Please enter your comment!
Please enter your name here