സൂറിക് ∙ സ്ഥാനമൊഴിയുന്ന പ്രസിഡന്റ് സെപ് ബ്ലാറ്ററിനു പകരക്കാരനെ കണ്ടെത്താനുള്ള വോട്ടെടുപ്പിനു ദിവസം നിശ്ചയിക്കാൻ രാജ്യാന്തര ഫുട്ബോൾ ഫെഡറേഷൻ ഇന്നു യോഗം ചേരും. മാർക്കറ്റിങ് ഇടപാടുകളുകളിൽനിന്നു ദശലക്ഷക്കണക്കിനു ഡോളർ കൈക്കൂലി കൈപ്പറ്റിയെന്ന ആരോപണം നേരിടുന്ന മുൻ വൈസ് പ്രസിഡന്റ് ജെഫ്‌റി വെബ് ന്യൂയോർക്ക് കോടതിയിൽ ഹാജരായതിനു തൊട്ടുപിന്നാലെയാണ് ഫിഫ യോഗം. ആരോപണം നിഷേധിച്ച ജെഫ്‌റിയെ ആറുകോടി രൂപ കെട്ടിവച്ചതിനെത്തുടർന്നു ജാമ്യത്തിൽ വിട്ടയച്ചു.

അമേരിക്കയിൽ നിയമനടപടികൾ നേരിടുന്ന ഫുട്ബോൾ അധികൃതരും ബിസിനസ് എക്സിക്യൂട്ടീവുകളുമായ 14 പേരിൽ ഒരാളാണ് ജെ‌ഫ്‌റി വെബ്. മേയിൽ ഫിഫ കോൺഗ്രസിനു തൊട്ടുമുൻപു സൂറിക് ഹോട്ടലിൽ നടത്തിയ റെയ്ഡിൽ പിടിയിലായവരിൽ വെബും ഉൾപ്പെടുന്നു. രണ്ടു ദിവസത്തിനുശേഷം നടന്ന തിരഞ്ഞെടുപ്പിൽ ബ്ലാറ്റർ അഞ്ചാംവട്ടവും ഫിഫ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും നാലു ദിവസത്തിനുള്ളിൽ രാജിതീരുമാനം അറിയിച്ചു.

ലോക ഫുട്ബോളിലെ അതിശക്തനായ ബ്ലാറ്റർ ഇന്നത്തെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിനു പിന്നാലെ പുതിയ വോട്ടെടുപ്പിന്റെ തീയതി പ്രഖ്യാപിക്കും. ഈ വർഷം ഡിസംബറിനും 2016 ഫെബ്രുവരിക്കും മധ്യേ സൂറിക്കിൽ വോട്ടെടുപ്പു നടത്താനാണു സാധ്യത. സ്ഥാനമൊഴിയുന്ന കാര്യം വ്യക്തമായി പ്രഖ്യാപിക്കാൻ ബ്ലാറ്റർക്കുമേലും സമ്മർദം ഉണ്ടാവുമെന്നാണു വിലയിരുത്തപ്പെടുന്നത്.

പുതിയ തിരഞ്ഞെടുപ്പു നടത്തുമെന്നു പ്രഖ്യാപിച്ചപ്പോഴും രാജിവയ്ക്കുന്നുവെന്നു പറയാതിരിക്കാൻ ബ്ലാറ്റർ ശ്രദ്ധിച്ചിരുന്നു. കൂടാതെ സമീപകാലത്തു വിവിധ മാധ്യമങ്ങൾക്കു നൽകിയ അഭിമുഖങ്ങളിൽ പ്രസിഡന്റ് സ്ഥാനത്തു തുടരാൻ തനിക്കു താൽപര്യമുണ്ടെന്നു വ്യാഖ്യാനിക്കാവുന്ന തരത്തിലുള്ള ഉത്തരങ്ങൾ ബ്ലാറ്റർ നൽകുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here