അടുത്തകാലത്തായി മാധ്യമപ്രവർത്തനരംഗം ആകെ കറപുരണ്ടിരിക്കുന്നതായി കാണാം. ചാനലുകളായാലും പത്രങ്ങളായാലും അവരവരുടെ ധാർമ്മികതക്കെതിരായി പ്രവർത്തിക്കുന്നതായി കാണുന്നു. ഏത് രീതിയിലായാലും ആരെ കരിതേച്ചിട്ടായാലും തങ്ങളുടെ റേറ്റിങ്ങും സർക്കുലേഷനും കൂട്ടുക എന്നതിലുപരി,സമൂഹത്തോടും രാജ്യത്തോടുമുള്ള കടമകൾ ഇവർ നിർവ്വഹിക്കുന്നതായി കാണുന്നതേയില്ല.

അന്വേഷണാത്മക പത്രപ്രവർത്തനം (Investigative journalisam ) : വളരെ നല്ല രീതിയിൽ ഉപയോഗിക്കാവുന്ന ഒരു പത്രപ്രവർത്തനരീതിയാണ് Investigative ജേർണലിസം .എന്താണ് Investigative ജേർണലിസം ?.

ഏതെങ്കിലുമൊരു കുറ്റത്തെക്കുറിച്ചോ സംഭവിക്കാൻ സാധ്യതയുള്ള കുറ്റകൃത്യങ്ങളെക്കുറിച്ചോ, ഔദ്യോഗിക ഏജൻസികൾ അന്വേഷിച്ചിട്ടും ഫലം കാണാത്തതോ അല്ലെങ്കിൽ അലംഭാവം കാണിച്ചിട്ടുള്ളതോ, അതുമൂലം ഇരയ്ക്ക് (Victim) നീതി ലഭിക്കാഞ്ഞതോ ആയ കേസുകളിൽ /സംഭവങ്ങളിൽ ,പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട മാധ്യമപ്രവർത്തകരുടെ ടീം, ആ കുറ്റകൃത്യത്തിന്റെ നാൾ വഴികളിലൂടെ സഞ്ചരിച്ച് ,സത്യസന്ധമായ നിലയിൽ ,തങ്ങളുടേതായ നിയമവിധേയമായ രീതികൾ ഉപയോഗിച്ച് സത്യം കണ്ടെത്തി ,ഇരയ്ക്കും സമൂഹത്തിനും ഗുണപ്രദമായ രീതിയിൽ ഉപയോഗിക്കുന്നതിനെയാണ് അന്വേഷണാത്മക പത്രപ്രവർത്തനം അഥവാ Investigative Journalisam എന്ന് പറയുന്നത് .

എന്നാൽ ഇന്ന് നടക്കുന്നത് എന്താണ് .. മാധ്യമപ്രവർത്തനം എന്നുപറഞ്ഞ് ആരുടെയും കിടക്കറയിലും,കുളിമുറിയിലും ഒളിഞ്ഞുനോക്കുക ,ക്യാമറ വയ്ക്കുക ,ഫോൺ ചോർത്തുക ,അതിൽ നിന്നും കിട്ടുന്ന വിവരങ്ങളും സംഭാഷണങ്ങളും,വിഡിയോകളും തങ്ങൾക്ക് ഇഷ്ടമായ രീതിയിൽ എഡിറ്റ് ചെയ്ത് പൊതുജനമധ്യത്തിൽ സംപ്രേഷണം ചെയ്യുക /പ്രസിദ്ധീകരിക്കുക .. പ്രസിദ്ധീകരിക്കുന്നതിന് മുൻപ് ശേഖരിക്കപ്പെട്ട വിവരങ്ങൾ സത്യമാണോയെന്ന് പരിശോധിക്കാൻ പരിശോധിക്കാൻ പോലും മാധ്യമപ്രവർത്തകർ തയ്യാറാവുന്നില്ല .

കഴിഞ്ഞയാഴ്ച്ച കേരളക്കരയാകെ ഞെട്ടിച്ച ഒരു “Live Exclussive “. ഒരു നേതാവിന്റേതെന്ന് അവർ അവകാശപ്പെടുന്ന സ്വകാര്യസംഭാഷണ ശകലങ്ങളാണ് അവർ ടെലിവിഷനിലൂടെ തത്സമയം സംപ്രേഷണം ചെയ്തത് .വളരെ മ്ലേച്ഛകരമായ ആ സംഭാഷണം കേട്ടത് കേരളത്തിലെ നിരപരാധികളായ ,കുഞ്ഞുങ്ങളുൾപ്പടെയുള്ള കുടുംബങ്ങളായിരുന്നു .ഒരിക്കലും ഒരച്ഛനും അമ്മയ്ക്കും മക്കളോടൊപ്പമിരുന്ന് കേൾക്കാൻ കഴിയാത്ത രീതിയിലുള്ള,നാലാംകിട ഇക്കിളിപ്പടങ്ങളിൽ പോലും കേൾക്കാത്ത സംഭാഷണശകലങ്ങൾ ആയിരുന്നു അവർ “Air” ചെയ്തത് .എന്തിനു എന്തിനുവേണ്ടിയായിരുന്നു ഇത് ..? ഇത് കേരളത്തിലെ ജനങ്ങൾക്കോ സർക്കാരിനോ ഏതെങ്കിലും രീതിയിൽ ഗുണമുണ്ടാക്കുന്ന കാര്യമായിരുന്നോ ..?
മന്ത്രിയെന്നത് പോട്ടെ, ഒരു പൗരന്റെ സ്വകാര്യ ഫോൺ സംഭാഷണങ്ങൾ ചോർത്താൻ ഇവർക്ക് ആര് അധികാരം നൽകി ..?

രാജ്യവിരുദ്ധമായോ, രാജ്യസുരക്ഷക്ക്  എതിരായി പ്രവർത്തിക്കുന്നവരോ ആയ വ്യക്തികളുടെ ഫോൺ സംഭാഷണങ്ങൾ ചോർത്തണമെങ്കിൽ പോലും ഗവൺമെന്റിന്റെയും, ബന്ധപ്പെട്ട വകുപ്പുകളുടെയും മുൻ‌കൂർ അനുമതി വേണമെന്നിരിക്കെ,അവരെങ്ങനെ ആ സംഭാഷണം ചോർത്തി ? അശ്ലീലമായ രംഗങ്ങളോ ,അശ്ളീലസംഭാഷങ്ങൾ അടങ്ങിയ പരിപാടികളോ സംപ്രേഷണം ചെയ്യുന്നതിന് രാത്രി പതിനൊന്ന് മണി കഴിഞ്ഞേ നിയമപ്രകാരം അനുമതിയുള്ളൂയെന്നിരിക്കെ പട്ടാപ്പകൽ ഈ Exclussive അവരെങ്ങനെ സംഭാഷണം ചെയ്തു ? സ്വതന്ത്ര ഏജൻസികൾ ഗൗരവമായി അന്വേഷിച്ച് ,പ്രസ്തുത ചാനലിനെതിരെ നടപടി എടുക്കേണ്ടതുണ്ട് .അല്ലെങ്കിൽ മറ്റ് മാധ്യമങ്ങളും ഇതേവഴി തന്നെ തുടരാൻ സാധ്യതയുണ്ട് .

പ്രസ്തുത ചാനലിന്റെ “Investigative ടീമിൽ ഉണ്ടായിരുന്ന മാധ്യമപ്രവർത്തക സംപ്രേഷണം കഴിഞ്ഞയുടൻ ചാനലിന്റെ പ്രവർത്തികളിൽ പ്രതിഷേധിച്ച് ആ ചാനലിൽ നിന്നും രാജി വച്ചു .

അവരുടെ വാക്കുകളിലേക്ക് :

“”ഇന്നലെ വരെ മംഗളത്തിൽ ജോലി ചെയ്ത ഞാൻ ഇന്ന് രാജി വച്ചു.രാജി കത്ത് ബന്ധപ്പെട്ടവർക്ക് കൈമാറിയതിന് ശേഷമാണ് ഈ പോസ്റ്റ് എഴുതുന്നത്. ഇഷ്ടപ്പെട്ട് തിരഞ്ഞെടുത്ത ജോലിയായിരുന്നു ഇത്. പ്രധാനപ്പെട്ട മീഡിയ ഹൗസിന്റെ ഭാഗമായ ചാനലിൽ ജോലി കിട്ടിയപ്പോൾ സന്തോഷിക്കുകയും ചെയ്തു. പക്ഷേ മാധ്യമ പ്രവർത്തക എന്ന നിലയിൽ മാത്രമല്ല സ്ത്രീയെന്ന നിലയിലും അസഹ്യമായ സാഹചര്യമായതിനാലാണ്  രാജി വച്ചത്.ആദ്യ വാർത്ത തന്നെ അവിടെ ജോലി ചെയ്യുന്നവരെ അപാമനകരമായ സാഹചര്യത്തിലാണ് എത്തിച്ചിരിക്കുന്നത്. ഇത് ഒരു അളവോളം പ്രതീക്ഷിച്ചിരുന്നു.എന്നാൽ ഇത്രക്കു തരം താഴ്ന്ന രീതിയിൽ ആകുമെന്ന് കരുതിയിരുന്നേയില്ല.

കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് ഞാൻ മംഗളത്തിൽ ജോയിൻ ചെയ്തത്.ആ ഘട്ടത്തിൽ തന്നെ 5 റിപ്പോർട്ടർമാരെ ഉൾപ്പെടുത്തി ഒരു investigation team നെ രൂപീകരിച്ചിരുന്നു. ആ സംഘത്തിലേക്ക് എന്നെയും നിർദ്ദേശിച്ചിരുന്നു.എന്നാൽ ഞാൻ അതിന് തയ്യാർ അല്ല എന്ന് അറിയിച്ചിരുന്നു.investigation team ന്റെ ഉദ്ദേശങ്ങൾ എന്റെ പ്രതീക്ഷയിലെ മാധ്യമ പ്രവർത്തനം അല്ല എന്ന് അപ്പോൾ തന്നെ തോന്നിയതിനാലാണ് അങ്ങനെ പറഞ്ഞത്.

മന്ത്രി ——— മായി  ബന്ധപ്പെട്ട വിവാദ വാർത്ത, ചാനൽ പുറത്ത് വിട്ടപ്പോളാണ് ഞാനും അറിഞ്ഞത്. എന്നാൽ വലിയ ചാനൽ breaking ഉണ്ടാകുമെന്ന് സൂചന തന്നിരുന്നുവെങ്കിലും, പക്ഷേ ഇങ്ങനെ ഒരു വാർത്ത ആണ് എന്ന് അറിയില്ലായിരുന്നു.തുടക്കത്തിൽ investigation team രൂപീകരണ സമയത്ത് പറഞ്ഞ കാര്യങ്ങളുമായി ചേർത്ത് ആലോചിച്ചപ്പോൾ ഇതിലെ ശരികേട് പൂർണമായും ബോധ്യപ്പെട്ടത്. എന്റെ മനസ്സിൽ പല ചോദ്യങ്ങളും ഉണ്ട്. ആരാണ് ആ പരാതിക്കാരിയായ സ്ത്രീ ? ,എന്ത് പരാതി പറയാനാണ് ——— മന്ത്രിയെ സമീപിച്ചത്?, ഫോണിന്റെ മറുതലക്കൽ ഉള്ള ആ സ്ത്രീയുടെ സംഭാഷണം എന്തിനാണ് എഡിറ്റ് ചെയ്ത് മാറ്റിയത്?.ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം എല്ലാവരെയും പോലെ എനിക്കും അറിയാൻ ആഗ്രഹമുണ്ട്. മറ്റ് ചില ചോദ്യങ്ങൾ കൂടി എന്റെ ഉള്ളിൽ ഉണ്ട്.

ഈ സംഭവത്തോടെ സംസ്ഥാനത്തെ മുഴുവൻ വനിതാ മാധ്യമ പ്രവർത്തകരും സംശയത്തിന്റെ നിഴലിലാക്കുകയും അപമാനിതരാക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ട്.അത് സങ്കടകരമാണ്.

ഞാൻ പഠിക്കുമ്പോഴും ജോലി ചെയ്ത് തുടങ്ങിയപ്പോഴും മാധ്യമ പ്രവർത്തനത്തെ കുറിച്ച് എനിക്ക് ഉണ്ടായിരുന്ന സങ്കൽപങ്ങൾ ഏതായാലും ഇവിടെ ഇപ്പോൾ നടക്കുന്നത് അല്ല. ഇവിടുന്ന് പുറത്ത് ഇറങ്ങിയാലും യഥാർത്ഥ journalism ചെയ്യാൻ ആകുമെന്ന പ്രതീക്ഷ എനിക്ക് ഉണ്ട്. എല്ലാവർക്കും നന്ദി.””

സദാചാര മാധ്യമപ്രവർത്തനത്തിന്റെ ഉള്ളുകള്ളികൾ എന്താണെന്ന് നിങ്ങൾക്ക് ഏറെക്കുറെ മനസിലായിക്കാണുമെന്ന് ഞാൻ വിചാരിക്കുന്നു .

പുറത്തുവരുന്ന പലവാർത്തകളും “Paid news” ആണെന്നുള്ളതാണ് പല മാധ്യമങ്ങളെക്കുറിച്ചുമുള്ള മറ്റൊരു ആക്ഷേപം. പല പാർട്ടികളും വ്യക്തികളും പ്രസ്ഥാനങ്ങളും അവർക്കനുകൂലമായി വാർത്തവരുത്തുന്നതിനും, എതിരാളികളെ കരിവാരിത്തേക്കുന്നതിനുമായി പണം കൊടുത്ത് വാർത്തകൾ സൃഷ്‌ടിച്ച് വിതരണം ചെയ്യുന്നു.

“പ്രമുഖരായ” വ്യക്തികൾ ഗുരുതരമായ കുറ്റങ്ങൾ ചെയ്താലും അവരുടെ പേരോ മറ്റുവിവരങ്ങളോ വെളിയിൽ വിടാതെ “പ്രമുഖൻ ” എന്നുമാത്രം പറയുകയും ,ഏതെങ്കിലും സാധാരണക്കാരനാണ് പ്രതിയെങ്കിൽ അവന്റെ വീട്ടുനമ്പർ വരെ വെണ്ടയ്ക്ക അക്ഷരത്തിൽ അച്ചടിക്കുകയും ചെയ്യുന്ന മാധ്യമവ്യഭിചാരത്തിന് കടിഞ്ഞാണിടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

മാധ്യമങ്ങളെ ശരിയായ രീതിയിൽ നിയന്ത്രിക്കാൻ “ട്രായ് (TRAI)” മോഡലിലുള്ള സ്ഥിരം സംവിധാനങ്ങൾ ഉണ്ടാകേണ്ടത് ആവശ്യമാണ്. ലൈവ് പ്രക്ഷേപണങ്ങളും അന്തിചർച്ചകളും നിരീക്ഷിക്കാൻ ഫലപ്രദമായ സെൻസറിങ് സംവിധാനങ്ങൾ സിനിമയിലെപ്പോലെ ഉണ്ടാകണം. തെറ്റിദ്ധാരണകൾ പരത്തുന്ന മാധ്യമസ്ഥാപനങ്ങളുടെ അംഗീകാരം റദ്ദ് ചെയ്യുന്നതിനും അതിന്റെ അമരക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിനുമുള്ള നിയമനിർമ്മാണങ്ങൾ നമ്മുടെ പ്രതിനിധിസഭകൾ  ചെയ്യേണ്ടതുണ്ട്. അതിലുപരി, കച്ചവടത്തെക്കാൾ സ്വന്തം മനഃസാക്ഷിയെയും സത്യത്തെയും സ്നേഹിക്കുന്ന, മാധ്യമധർമ്മം യഥാവിധി പാലിക്കുന്ന നല്ല മാധ്യമപ്രവർത്തകർ നമ്മുടെ നാട്ടിൽ ഉണ്ടാകട്ടെ .
—————————-
ബിനു കല്ലറക്കൽ ©

1 COMMENT

  1. വളരെ വിശദമായി തന്നെ താങ്കൾ വിഷയം അവതരിപ്പിച്ചു.അഭിപ്രായത്തോട് പൂർണമായും യോജിക്കുന്നു. അഭിനന്ദനങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here