ചിക്കാഗോ: ഫോമ നാഷണല്‍ വിമന്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ പന്ത്രണ്ട് റീജിയനുകളിലും അതത് സ്ഥലങ്ങളിലുള്ള വനിതകളെ ഒന്നുചേര്‍ത്ത് റീജിയന്‍ വിമന്‍സ് ഫോറങ്ങള്‍ രൂപീകൃമാകുന്നു. ചിക്കഗോ റീജിയന്‍ വിമന്‍സ് ഫോറത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം ഏപ്രില്‍ രണ്ടിനു ഞായറാഴ്ച വൈകിട്ട് 5 മണിക്ക് മൗണ്ട് പ്രോസ്‌പെക്ടസിലുള്ള ചിക്കാഗോ മലയാളി അസോസിയേഷന്‍ ഹാലില്‍ വച്ചു നടത്തുന്നു.

സാമൂഹിക പ്രതിബദ്ധതയോടെ ഫോമ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ വനിതാ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിനായുള്ള തീരുമാനത്തില്‍ ഏറെ സന്തോഷിക്കുന്നതായി ചിക്കാഗോ റീജിയന്‍ ചെയര്‍പേഴ്‌സണ്‍ ആഗ്‌നസ് മാത്യുവും, നാഷണല്‍ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറയും പറഞ്ഞു.

അഭിപ്രായ സമന്വയത്തോടെ സമൂഹ നന്മയ്ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ക്കാവും മുന്‍തൂക്കം നല്‍കുക. വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്ക് ഒന്നിച്ചുചേരുവാനുള്ള നല്ലൊരു വേദിയാകും ഇത്. ആഗ്നസ് മാത്യു (ചെയര്‍പേഴ്‌സണ്‍), ഏലമ്മ ചൊള്ളമ്പേല്‍ (വൈസ് ചെയര്‍), സിമി ജോസഫ് (സെക്രട്ടറി), മിഷേല്‍ ഇടുക്കുതറ (ജോ. സെക്രട്ടറി), ബിജിലി കണ്ടാരപ്പള്ളില്‍ (ട്രഷറര്‍), കുഞ്ഞുമോള്‍ തോബിയാസ് (ജോയിന്റ് ട്രഷറര്‍) എന്നിവര്‍ അടങ്ങുന്നതാണ് എക്‌സിക്യൂട്ടീവ് ബോര്‍ഡ്.

അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായി ഗ്രേസി വാച്ചാച്ചറി, ലവ്‌ലി വര്‍ഗീസ്, ഫിലോമിന ഫിലിപ്പ് എന്നിവരും കമ്മിറ്റി കണ്‍വീനര്‍മാരായി ഷിജി അലക്‌സ് (എഡ്യൂക്കേഷന്‍), നിഷ മാണി (ചാരിറ്റി), നിഷ എറിക് (കള്‍ച്ചറല്‍) എന്നിവരും ഈ വനിതാ ഫോറത്തില്‍ പങ്കുചേരുന്നു.

തങ്ങളുടെ റീജിയനുകളില്‍ രൂപീകൃതമാകുന്ന ഈ വനിതാ ഫോറത്തില്‍ താത്പര്യത്തോടെ പങ്കുചേര്‍ന്ന ഏവരേയും അഭിനന്ദിക്കുന്നതായും, പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ പേര്‍ പങ്കാളികളാകാന്‍ ആഗ്രഹിക്കുന്നതായും നാഷണല്‍ വിമന്‍സ് ഫോറം വൈസ് ചെയര്‍പേഴ്‌സണ്‍ ബീന വള്ളിക്കളവും അഡൈ്വസറി മെമ്പര്‍ പ്രതിഭാ തച്ചേട്ടും പറഞ്ഞു.

ചിക്കാഗോ റീജിയന്‍ ഫോമാ നാഷണല്‍ കണ്‍വന്‍ഷന് ആതിഥേയത്വം വഹിക്കാനൊരുങ്ങുന്ന ഈ വേളയില്‍ വനിതാ ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രതീക്ഷയോടെ കാണുന്നതായി റീജിയന്‍ വൈസ് പ്രസിഡന്റ് ബിജി എടാട്ട് പറഞ്ഞു.

ഏപ്രില്‍ രണ്ടിന് വൈകിട്ട് നടക്കുന്ന പ്രവര്‍ത്തനോദ്ഘാടനത്തില്‍ ഏവരും എത്തിച്ചേരുവാനും പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരുന്നതിനും ഏവരേയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here