ആവശ്യാനുസരണം വളവും വെള്ളവും അനുസ്യൂതം പകര്‍ന്നു നല്‍കിയെങ്കില്‍ മാത്രമെ ഒരു ഫലവൃക്ഷം അതില്‍ നിന്നും ശരിയായ ഫലങ്ങളും തണലും തരികയുള്ളൂ എന്നു പറയുന്നതുപോലെ നമ്മുടെ കുഞ്ഞുങ്ങള്‍ വളര്‍ന്ന് നല്ല കലാമൂല്യവും സംസ്‌ക്കാരമുള്ളവരുമായിതീരണമെങ്കില്‍ നിരന്തരം അവരെ നമ്മുടെ കമ്മ്യൂണിറ്റിയിലേക്ക് കൈപിടിച്ചു നടത്തി കൊണ്ടുവരികയും അവര്‍ക്കു വേണ്ടുന്ന കലാപരമായ പ്രോല്‍സാഹനങ്ങള്‍ നല്‍കി വളര്‍ത്തികൊടുക്കുകയും ചെയ്യേണ്ടതുണ്ട്. കലാപരമായി കഴിവുള്ള ധാരാളം കുഞ്ഞുങ്ങള്‍ നമ്മുടെ കമ്മ്യൂണിറ്റിയില്‍ തന്നെയുണ്ട്. നല്ല രീതിയില്‍ ഗാനം ആലപിക്കാനും അനേകം മ്യൂസിക് ഇന്‍സ്ട്രമെന്റ്‌സ് വായിക്കാനും പ്രസംഗിക്കാനും കഴിവുള്ള ധാരാളം യുവാക്കള്‍ അമേരിക്ക എന്ന കുടിയേറ്റ ഭൂമിയില്‍ അധിവസിക്കുന്നുവെന്നു നാം മനസ്സിലാക്കണം.

സംഗീതത്തിന്റെ ചിറകടിച്ച് വിഹായസ്സില്‍ പറന്നുയരാന്‍ കൊതിക്കുന്ന ഒരു പറ്റം ഗായകര്‍, സംഗീത ഉപകരണത്തിന്റെ മാസ്മരികതയില്‍ നമ്മെ കോള്‍മയിര്‍കൊള്ളിക്കുന്ന 30-ല്‍ പരം കലാകാരന്മാര്‍, നൃത്തചുവടുകളാല്‍ നമ്മെ ആനന്ദലഹരിയിലാറാടിക്കുന്ന ഒരു കൂട്ടം പെണ്‍കൊടിമാര്‍, പ്രാസംഗിക കലയില്‍ പ്രാവീണ്യം നേടിയ ധാരാളം യുവാക്കള്‍ അങ്ങനെ ഏതാണ്ട് മൂന്നു നാലു ഗ്രൂപ്പുകള്‍ ഉള്‍ക്കൊണ്ട ഒരു വലിയ കലാകാരന്മാരുടെ കൂട്ടം ഒരു സ്റ്റേജിനു വേണ്ടി കാത്തുദാഹിച്ചിരിക്കുമ്പോള്‍ അവര്‍ക്കൊരു പ്രോല്‍സാഹനം തീര്‍ച്ചയായും നമുക്ക് നല്‍കേണ്ടത് അത്യാന്താപേക്ഷിതമാണ്. ന്യൂയോര്‍ക്കില്‍ മലയാളികള്‍ തിങ്ങിവസിക്കുന്ന ന്യൂഹൈഡ്പാര്‍ക്കില്‍ ഇവര്‍ തയ്യാറെടുത്തു കഴിഞ്ഞിരിക്കുന്നു.

ഇവരെ പ്രോല്‍സാഹിപ്പിച്ച് വളര്‍ത്തി വലുതാക്കി നല്ല കലാകാരന്മാരാക്കി നമ്മടെ കമ്മ്യൂണിറ്റിയില്‍ ഉയര്‍ത്തികൊണ്ടു വന്നെങ്കില്‍ മാത്രമെ നമ്മുടെ പൈതൃകത്തിലും ശിക്ഷണത്തിലും സംസ്‌ക്കാരത്തിലും ഇവര്‍ വളര്‍ന്നു വരികയുള്ളൂ. നമ്മുടെ സംസ്‌ക്കാരവും ആത്മീയ പാരമ്പര്യങ്ങളും വിശ്വാസങ്ങളും യുവതലമുറയിലേക്കു പകര്‍ന്നു നല്‍കുവാന്‍ മൂല്യമുള്ള കലാസൃഷ്ടികള്‍ക്കു സാധിക്കുമെന്നതില്‍ തര്‍ക്കമില്ല. ഇത്തരത്തിലുള്ള കലാസംഘടനകളില്‍ യുവാക്കളെ അംഗങ്ങളാക്കി വളര്‍ത്തിവലുതാക്കേണ്ട ബാദ്ധ്യത തീര്‍ച്ചയായും നമുക്കുണ്ട്.

ഇതുകൊണ്ടു മാത്രം മതിയാകുന്നില്ല. ഇവര്‍ക്കു കുറെ നല്ല സ്റ്റേജുകള്‍ ലഭിക്കേണ്ട ആവശ്യകതയുമുണ്ട്. ആയതിനാല്‍ നമുക്ക് പറയുവാന്‍ അനേകം മലയാളി സംഘടനകള്‍ ഉണ്ട്, ഫൊക്കാന, ഫോമ, മഹിമ, കേരളസമാജം, ഓര്‍മ്മ, ഒരുമ, നോര്‍ക്കാന, വേള്‍ഡ് മലയാളി അതുപോലെ തന്നെ അനവധി സ്ഥലനാമ അസോസിയേഷനുകള്‍ക്കു പുറമേ അനേകം ആത്മീയ സംഘടനകള്‍ ഇതര മതസംഘടനകള്‍ ഇവരെല്ലാവരും കൂടി ഒരു മതേതരസ്വഭാവത്തോടു കൂടി കൈകോര്‍ത്താല്‍- നമ്മുടെ യുവതലമുറയ്ക്കു ധാരാളം സ്‌റ്റേജുകള്‍ ലഭിക്കുമെന്നുള്ളത് ഒരു സത്യാവസ്ഥയാണ്.

മറ്റു രാജ്യത്തുനിന്നും ധാരാളം കലാകാരന്‍മാര്‍ ഈ രാജ്യത്തുവന്ന് ടാക്‌സ് പോലും നല്‍കാതെ ധാരാളം ഡോളര്‍ ഉണ്ടാക്കി കൊണ്ട് നമ്മെ പുച്ഛമാക്കി തിരികെ പറന്നു പോകുന്ന കാഴ്ച എല്ലാ സമ്മര്‍കാലദിനങ്ങളിലും നാം കാണാറുള്ളതാണല്ലോ അവരില്‍ ചിലര്‍ നമ്മെ കോമാളികളാക്കിയും ശുംഭന്മാരാക്കിയതും കഴിഞ്ഞ കഥ. അതുപോകട്ടെ അവര്‍ക്കു നല്‍കുന്ന നാലിലൊന്നു പണം നമ്മുടെ വളര്‍ന്നു വരുന്ന ഇവിടുത്തെ യുവതലമുറയ്ക്കു നല്‍കിയാല്‍ അവര്‍ക്കൊരു പ്രോല്‍സാഹനവുമാകും മുന്‍പ് പറഞ്ഞതുപോലെ നമ്മുടെ കമ്മ്യൂണിയോട് ഒരു പ്രതിബദ്ധതയും അവരില്‍ ഉളവാവുകയും അവര്‍ നമ്മെ വേണ്ടവിധം ബഹുമാനിക്കയും ചെയ്യുമെന്നതില്‍ തര്‍ക്കമില്ല. ആയതിനാല്‍ അമേരിക്കന്‍ മലയാളി സംഘടനകള്‍ വളര്‍ന്നു വരുന്ന ഈ കലാകാരന്മാര്‍ക്ക് കുറച്ചു സ്റ്റേജുകളെങ്കിലും നല്‍കി അവരെ പ്രോല്‍സാഹിപ്പിക്കണമെന്നു താഴ്മയായി അപേക്ഷിച്ചു കൊള്ളട്ടെ.

LEAVE A REPLY

Please enter your comment!
Please enter your name here