വാഷിംഗ്ടണ്‍ ഡി.സി.: സിറിയായിലെ ബാഷാര്‍ ആസാദ് ഗവണ്‍മെന്റ് നിരപരാധികള്‍ക്കെതിരെ രാസായുധ പ്രയോഗം നടത്തിയാല്‍ വീണ്ടും മിസൈല്‍ ആക്രമണം നടത്തുമെന്ന് യു.എന്‍.അബാംസിഡര്‍ നിക്കി ഹെയ്‌ലി മുന്നറിയിപ്പു നല്‍കി.

ഏപ്രില്‍ 6 വ്യാഴാഴ്ച മെഡിറ്ററേനിയന്‍ സമുദ്രത്തിലുള്ള അമേരിക്കന്‍ യുദ്ധകപ്പലുകളില്‍ നിന്നും സിറിയയെ ലക്ഷ്യമാക്കി അറുപതോളം മിസൈലുകളാണ് അമേരിക്ക പ്രയോഗിച്ചത്. ഇതൊരു മുന്നറിയിപ്പു മാത്രമാണെന്നും ഇതില്‍ നിന്നും ആസാദ് പാഠം പഠിക്കുന്നില്ലെങ്കില്‍ യു.എസ്സിന് കണ്ണടച്ചിരിക്കാന്‍ കഴിയുകയില്ലെന്നും ഹെയ്‌ലി വ്യക്തമാക്കി.

അമേരിക്കന്‍ മിസൈലാക്രമണത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് അടിയന്തിരമായി വിളിച്ചു ചേര്‍ത്ത യു.എന്‍. സെക്യൂരിറ്റി കൗണ്‍സിലില്‍ അമേരിക്കന്‍ നടപടിയെ ന്യായീകരിച്ചു പ്രസംഗിക്കുകയായിരുന്നു നിക്കി ഹെയ്‌ലി.

ആസാദ് ഗവണ്‍മെന്റ് രണ്ടു ദിവസം മുമ്പ് നടത്തിയ ആക്രമണത്തില്‍ കുട്ടികളും, സ്ത്രീകളും ഉള്‍പ്പെടെ 87 പേരാണ് സിറിയന്‍ ടൗണില്‍ മരിച്ചു വീണത്.

ഓരോ തവണയും സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്ന സിറിയന്‍ പ്രസിഡന്റിന് അനുകൂലമായി നിലപാടുകള്‍ സ്വീകരിക്കുന്ന റഷ്യന്‍ സമീപനത്തെ നിക്കിഹെയ്‌ലി രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്.

യു.എസ്. നടത്തിയ മിസൈല്‍ ആക്രമണത്തെ ഇംഗ്ലണ്ട്്, ഇറ്റലി, ഇസ്രായേല്‍, ഡന്‍മാര്‍ക്ക്, കാനഡ, യു.എ.ഇ. തുടങ്ങിയ രാജ്യങ്ങള്‍ ന്യായീകരിച്ചു. യു.എസ്.നടപടി, ഭീകരര്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ നിന്നും പിന്തിരിക്കുകയില്ലെന്ന് സിറിയന്‍ പ്രസിഡന്റ് ബാഷാര്‍ ആസാദ് ആവര്‍ത്തിച്ചു വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here