സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും പത്താം ക്ലാസ് വരെ മലയാളം പഠിപ്പിക്കുന്നത് നിര്‍ബന്ധമാക്കിയുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭയുടെ അംഗീകാരം.സ്‌കൂളുകളില്‍ മലയാളം സംസാരിക്കുന്നതിന് വിലക്കേര്‍പെടുത്തരുതെന്ന വ്യവസ്ഥയും ഓര്‍ഡിനന്‍സിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏതെങ്കിലും സ്‌കൂളില്‍ വിലക്കുള്ളതായി പരാതി ലഭിച്ചാല്‍ പിഴ ചുമത്തും. മലയാളം പഠിപ്പിക്കാന്‍ വിസ്സമ്മതിച്ചാല്‍ പ്രധാനഅധ്യാപകന്‍ 5000 രൂപ പിഴ അടക്കേണ്ടി വരും. വിലക്ക് ആവര്‍ത്തിച്ചാല്‍ സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കും. സംസ്ഥാനത്തു പഠിക്കുന്ന ഇതരസംസ്ഥാനക്കാരായ വിദ്യാര്‍ഥികളും മലയാളം പഠിക്കേണ്ടി വരും.

അടുത്ത അധ്യയനവര്‍ഷം മുതല്‍ ഇതു നടപ്പാക്കാനാണ് തീരുമാനം. ഗവര്‍ണര്‍ അംഗീകാരം നല്‍കുന്നതോടെ ഓര്‍ഡിനന്‍സ് നിലവില്‍ വരും.

മലയാളം പഠിപ്പിക്കാത്ത സ്‌കൂളുകളുടെ അംഗീകാരം റദ്ദാക്കാന്‍ ഓര്‍ഡിനന്‍സില്‍ വ്യവസ്ഥയുണ്ട്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസുകള്‍ ഉള്ളവയടക്കം സര്‍ക്കാര്‍, എയ്ഡഡ്, സ്വാശ്രയ മേഖലകളിലെ സ്‌കൂളുകള്‍ക്കെല്ലാം നിയമം ബാധകമാണ്. നിലവില്‍ ഐ.സി.എസ്.ഇ സിലബസുള്ള സ്‌കൂളുകളാണ് മലയാളം തീരെ പഠിപ്പിക്കാത്തത്. അവര്‍ ആ സ്ഥിതി തുടര്‍ന്നാല്‍ അംഗീകാരം നഷ്ടമാകും. സി.ബി.എസ്.ഇ സ്‌കൂളുകള്‍ എട്ടാം ക്ലാസ് വരെ മലയാളം പഠിപ്പിക്കുന്നുണ്ട്. അവരും ഇനി പത്താം ക്ലാസ് വരെ മലയാളം പഠിപ്പിക്കേണ്ടി വരും.

മെഡിക്കല്‍ പ്രവേശനത്തില്‍ സമഗ്ര പരിഷ്‌കരണം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകള്‍ക്ക് നീറ്റ് റാങ്ക് ലിസ്റ്റ് അടിസ്ഥാനത്തില്‍ പ്രവേശനം. പ്രവേശന സമയത്ത് മുഴുവന്‍ ഫീസും വാങ്ങാന്‍ പാടില്ല. ഫിസ്, പ്രവേശം, സംവരണം എന്നിവ നിയന്ത്രിക്കാന്‍ പ്രത്യേക സമിതി വരുമെന്നും അദ്ദേഹം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here