സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മുഖ്യമന്ത്രി പിണറായി വിജയനും ആഭ്യന്തര വകുപ്പിനുമെതിരെ ഉയര്‍ത്തിയ രൂക്ഷ വിമര്‍ശനത്തിന് കോടിയേരി നല്‍കിയ മറുപടിയെ ചൊല്ലി സിപിഎമ്മില്‍ അമര്‍ഷം പുകയുന്നു.

മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യമിട്ട് കാനം നടത്തിയ രൂക്ഷമായ അഭിപ്രായപ്രകടനത്തിനെതിരെ ശക്തമായ ഭാഷയില്‍ മറുപടി പറയേണ്ടതിനു പകരം മൃദു സമീപനത്തോടെയുള്ള മറുപടി കോടിയേരി പറഞ്ഞതാണ് ഒരു വിഭാഗം നേതാക്കളെ ചൊടിപ്പിച്ചിരിക്കുന്നത്. സിപിഎം അണികളാവട്ടെ സിപിഐയുമായുള്ള സഹവാസം അവസാനിപ്പിക്കണമെന്ന കടുത്ത വികാരത്തിലുമാണ്.

കാനത്തിനു മറുപടി നല്‍കാന്‍ ശനിയാഴ്ച കണ്ണൂരില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സിപിഐയെ പ്രകോപിതരാക്കാതിരിക്കാന്‍ കോടിയേരി പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പാര്‍ട്ടി തീരുമാനപ്രകാരം മറുപടി നല്‍കുന്നു എന്ന മട്ടിലായിരുന്നു വിശദീകരണം.

തക്കം പാര്‍ത്തിരിക്കുന്ന പ്രതിപക്ഷത്തിന് ആയുധം കൊടുക്കുന്ന വാക്കോ പ്രവര്‍ത്തിയോ ഘടകകക്ഷി നേതാക്കളില്‍ നിന്നുണ്ടാകാന്‍ പാടില്ലന്നും ശത്രുക്കള്‍ക്ക് മുതലെടുക്കാന്‍ അവസരമുണ്ടാക്കരുതെന്നുമാണ് കോടിയേരി സിപിഐ സംസ്ഥാന സെക്രട്ടറിക്ക് നല്‍കിയ പ്രധാന ഉപദേശം.

ഭരണത്തിലെ അഭിപ്രായ വ്യത്യാസം തുറന്നു പറയുന്നത് ഭരണത്തെ ദുര്‍ബലപ്പെടുത്തുമെന്നും അദ്ദേഹം ചൂണ്ടികാട്ടുകയുണ്ടായി. ഇതിനു ശേഷമാണ് കാനം ഉന്നയിച്ച ഓരോ ആരോപണങ്ങള്‍ക്കും കോടിയേരി മറുപടി നല്‍കിയത്.

കോടിയേരിയുടെ പത്ര സമ്മേളനം കഴിഞ്ഞ ഉടനെ പ്രതികരണവുമായി രംഗത്തു വന്ന കാനം രാജേന്ദ്രന്‍, സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള നടപടികളും രാഷ്ട്രീയ കക്ഷികളുടെ ഭാഗത്ത് നിന്നുള്ള നടപടിയും പ്രതിപക്ഷത്തിന്റെ കയ്യിലെ ആയുധമാവാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് തിരിച്ചും ആവശ്യപ്പെട്ടു.

ഓരോ പാര്‍ട്ടിക്കും വ്യത്യസ്ത നിലപാടുകള്‍ ഉണ്ടാകുമെന്നും എന്നാല്‍ പൊതുവില്‍ കോടിയേരിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നതായും കാനം പറഞ്ഞു.

‘അനിയന്‍ ബാവ ചേട്ടന്‍ ബാവ ‘ രൂപത്തിലായി പോയി കോടിയേരിയുടെ പത്ര സമ്മേളനവും കാനത്തിന്റെ മറുപടിയുമെന്നാണ് ഇപ്പോള്‍ സിപിഎം കേന്ദ്രങ്ങളില്‍ നിന്നു തന്നെ ഉയരുന്ന പ്രതികരണം.

ഒരു കേരള കോണ്‍ഗ്രസ്സ് നേതാവിന്റെ നിലവാരത്തിലുള്ള മറുപടിയല്ല, മറിച്ച് പാര്‍ട്ടിയുടെ വോട്ട് കൊണ്ടു മാത്രം നിലനില്‍ക്കുന്ന സിപിഐയെ നിലയ്ക്കു നിര്‍ത്തുന്നതിന് ആവശ്യമായ ‘മറുപടി’ തന്നെയാണ് നല്‍കേണ്ടിയിരുന്നതെന്നാണ് ഈ വിഭാഗത്തിന്റെ അഭിപ്രായം.

പിണറായി ഭരണത്തില്‍ ‘ബാഹ്യ ‘ ഇടപെടലുകള്‍ക്ക് റെഡ് സിഗ്‌നല്‍ ഉയര്‍ത്തിയതില്‍ അസംതൃപ്തരായ വിഭാഗത്തിന്റെ കൈകള്‍ സിപിഐ സെക്രട്ടറിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്ന കാര്യത്തിലും സിപിഎമ്മില്‍ തന്നെ ഇപ്പോള്‍ സംശയമുയര്‍ന്നിട്ടുണ്ട്.

കാര്യങ്ങള്‍ എന്ത് തന്നെയായാലും സിപിഐയുമായി ഇനി മുന്നോട്ട് പോവാന്‍ സാധിക്കില്ലന്നും ബദല്‍ സംവിധാനത്തെ കുറിച്ച് ഇപ്പോഴേ ചിന്തിച്ചു തുടങ്ങുന്നതാണ് നല്ലതെന്നുമുള്ള അഭിപ്രായമാണ് മുതിര്‍ന്ന നേതാക്കള്‍ക്കിടയിലടക്കം രൂപപ്പെട്ടു വരുന്നത്.

കാനം രാജേന്ദ്രന്റെ വിവാദ പ്രസ്താവന

1. മഹിജയുടെ സമരത്തില്‍നിന്ന് എന്തുനേടിയെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം:-

സമരം കൊണ്ട് എന്തു നേടി എന്ന ചോദ്യം പണ്ടൊക്കെ ട്രേഡ് യൂണിയന്‍ സമരങ്ങളുമായി ബന്ധപ്പെട്ടു മുതലാളിമാര്‍ ചോദിക്കുന്ന ചോദ്യമാണ്. മഹിജയുടെ സമരം തീര്‍ക്കാന്‍ താന്‍ ഇടപെട്ടെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല.

2. രമണ്‍ ശ്രീവാസ്തവ:-

രമണ്‍ ശ്രീവാസ്തവ എന്നു കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ വരുന്നത് കെ.കരുണാകരനെയും പാലക്കാട്ട് പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ട സിറാജുന്നീസയേയുമാണ്. മുഖ്യമന്ത്രിക്ക് ഒരുപാട് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കിട്ടുന്നുണ്ടാകും. തനിക്ക് കിട്ടുന്നത് പൊതുജനങ്ങളില്‍ നിന്നുള്ള വിവരങ്ങളുടെ ഇന്റലിജന്‍സ് മാത്രമാണ്. പൊലീസ് നടപടികളില്‍ സംസ്ഥാന നിര്‍വാഹകസമിതി തൃപ്തി രേഖപ്പെടുത്തുന്നില്ല.

3. നിലമ്പൂരിലെ മാവോയിസ്റ്റ് കൊലപാതകം:-

നിലമ്പൂരില്‍ മാവോയിസ്റ്റുകളെ വെടിവച്ചുകൊന്ന സംഭവത്തില്‍ സര്‍ക്കാര്‍ നിലപാടിനൊപ്പമായിരുന്നു പ്രതിപക്ഷം. എന്നാല്‍, സിപിഐയുടേത് വ്യത്യസ്തമായ നിലപാടായിരുന്നു.

4. യുഎപിഎ:-

ഇടതുപക്ഷ സര്‍ക്കാര്‍ ഒരിക്കലും യുഎപിഎ നിയമം നടപ്പാക്കരുത്. ഇത് രാജ്യത്തെ ഇടതുപോരാട്ടങ്ങളെ ദുര്‍ബലപ്പെടുത്തും.

5. മൂന്നാര്‍ കയ്യേറ്റം:-

മൂന്നാര്‍ ഭൂമി കയ്യേറ്റ വിഷയത്തില്‍ സിപിഐക്കും സിപിഎമ്മിനും രണ്ടു നിലപാടില്ല, മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞതാണ് ഇക്കാര്യത്തില്‍ മുന്നണി നിലപാട്. ഇതിനെതിരെ മന്ത്രിയും എംഎല്‍എയും പറയുന്നത് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും.

6. പ്രകാശ് കാരാട്ടിന്റെ പ്രസ്താവന:-

സിപിഐ പ്രതിപക്ഷത്തല്ലെന്ന് ഓര്‍ക്കണമെന്ന് പ്രകാശ് കാരാട്ട് ആവശ്യപ്പെട്ടിരുന്നു. ഇത് പ്രതിപക്ഷത്തിന്റെയല്ല, ഇടതുപക്ഷ നിലപാടുകളാണ്.

7. ഇ.പി ജയരാജനെതിരെയുള്ള പരാമര്‍ശം:-

ഇ.പി. ജയരാജനെ പോലുള്ളവര്‍ വലിയ ആളുകളാണ് അദ്ദേഹത്തിന് മറുപടി പറയാന്‍ താന്‍ ആളല്ല. ജയരാജന്‍ മുന്നണിയ്ക്ക് വലിയ സംഭാവനകള്‍ എന്തെന്ന് വിലയിരുത്താന്‍ താന്‍ അശക്തനാണ്.’മേലാവി’ എന്ന പദം ജയരാജന്‍ മലയാള ഭാഷയ്ക്ക് നല്‍കിയ സംഭാവനയാണ്.

കാനം രാജേന്ദ്രന്‍ ഉന്നയിച്ച വിഷയങ്ങളില്‍ കോടിയേരിയുടെ മറുപടി

1. മഹിജയ്‌ക്കെതിരായ പൊലീസ് നടപടി:- ഡിജിപി ഓഫിസിനു മുന്നില്‍ ജിഷ്ണുവിന്റെ കുടുംബം നടത്തിയ സമരം അനാവശ്യമായിരുന്നു. അവരുടെ പ്രശ്‌നങ്ങള്‍ നേരിട്ട് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹരിക്കാന്‍ അവസരമുണ്ടായിരുന്നു. അതീവ സുരക്ഷാ മേഖലയാണ് ഡിജിപി ഓഫിസ്. അതങ്ങനെയാക്കിയത് എ.കെ. ആന്റണി സര്‍ക്കാരാണ്. ജിഷ്ണു കേസിലെ പ്രതികള്‍ക്ക് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. സ്വാശ്രയ മാനേജ്‌മെന്റിനെതിരെ ശക്തമായ നിലപാടാണ് പിണറായി സര്‍ക്കാരിന്റേത്. ഒരു സ്വാശ്രയ സ്ഥാപനത്തിന്റെ മേധാവി കേസില്‍ പ്രതിയാകുന്നതും ഇതാദ്യമാണ്.

2. രമണ്‍ ശ്രീവാസ്തവ:- ഞാന്‍ ആഭ്യന്തരമന്ത്രിയായിരുന്ന സമയത്ത് രമണ്‍ ശ്രീവാസ്തവ ഡിജിപിയായിരുന്നു. ആരോപണങ്ങളില്‍നിന്ന് കുറ്റവിമുക്തനായ വ്യക്തിയാണ് അദ്ദേഹം. പഴയ കാര്യങ്ങള്‍ പരിശോധിച്ചാല്‍ ആരെയും ഒരു സ്ഥാനത്തും നിയമിക്കാനാകില്ല.

3. നിലമ്പൂരിലെ മാവോയിസ്റ്റ് കൊലപാതകം:- ഇതര സംസ്ഥാനങ്ങളില്‍നിന്നെത്തിയ മാവോയിസ്റ്റുകളാണ് നിലമ്പൂരില്‍ കൊല്ലപ്പെട്ടത്. അവര്‍ എന്തോ കാര്യം നേടുന്നതിനായി ഇവിടെ വന്നവരായിരുന്നു. സമരത്തിനിടയിലല്ല അവിടെ ഏറ്റുമുട്ടല്‍ നടന്നത്. അത് വ്യാജ ഏറ്റുമുട്ടലുമല്ല. മാവോയിസ്റ്റുകള്‍ പോലും ഉന്നയിക്കാത്ത ആരോപണമാണ് ഇക്കാര്യത്തില്‍ ഉയര്‍ന്നുവരുന്നത്. നക്‌സല്‍ വര്‍ഗീസിനെ കൊന്നതാണ് വ്യാജ ഏറ്റുമുട്ടല്‍. നിലമ്പൂരിലേതല്ല.

4. യുഎപിഎ:- യുഎപിഎ എന്ന കരിനിയമത്തിന് സിപിഎം എന്നും എതിരാണ്. പി. ജയരാജന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഈ നിയമത്തിന്റെ ഇരകളായിട്ടുണ്ട്. ഈ വിഷയത്തില്‍ കാര്യം മനസിലാക്കാതെയാണ് കാനം പ്രതികരിച്ചത്.

5. മൂന്നാര്‍ കയ്യേറ്റം:- കയ്യേറ്റം ഒഴിപ്പിക്കുന്നതിനെ തടയരുത് എന്നാണ് പാര്‍ട്ടി നിലപാട്. കയ്യേറ്റം ഒരു തരത്തിലും അനുവദിക്കാനാവില്ല. മൂന്നാര്‍ വിഷയത്തില്‍ ശക്തമായ നിലപാടാണ് സര്‍ക്കാര്‍ എടുത്തിട്ടുള്ളത്. കയ്യേറ്റം ഒഴിപ്പിക്കാനായി പോകുന്ന വിവരം സബ് കലക്ടര്‍ പൊലീസിനെ അറിയിച്ചിരുന്നില്ല. അറിയിച്ചിരുന്നെങ്കില്‍ ഈ പ്രശ്‌നമൊന്നും ഉണ്ടാകുമായിരുന്നില്ല. സബ് കലക്ടറെ തടഞ്ഞത് പ്രാദേശിക ഇടപെടലാണ്. സിപിഎം ഇടപെട്ടാണ് ഇവിടെ കയ്യേറ്റം ഒഴിപ്പിച്ചത്.

6. വിവരാവകാശ നിയമം:- വിവരാവകാശ നിയമപ്രകാരം മന്ത്രിസഭാ തീരുമാനങ്ങള്‍ നല്‍കുന്നതിന് എല്‍ഡിഎഫ് എതിരല്ല. തീരുമാനങ്ങള്‍ അപ്പപ്പോള്‍ സര്‍ക്കാരിന്റെ വെബ്‌സൈറ്റില്‍ നല്‍കുന്നുണ്ട്. അവിടെനിന്ന് ആര്‍ക്കും അതെടുത്ത് പരിശോധിക്കാം. ഇക്കാര്യത്തില്‍ വേണമെങ്കില്‍ മുന്നണിക്കുള്ളില്‍ വിശദമായ ചര്‍ച്ചയാകാം.

7. നക്‌സല്‍ വര്‍ഗീസ് കേസ്:- ഈ കേസിലെ സത്യവാങ്മൂലം യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തയാറാക്കിയതാണ്. തിരുത്താന്‍ സിപിഎം ആവശ്യപ്പെട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here