മലപ്പുറം: ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് നേതാവും യു.ഡി.എഫ് സ്ഥാനാർഥിയുമായ കുഞ്ഞാലിക്കുട്ടിക്ക് ജയം. എൽ.ഡി.എഫ് സ്ഥാനാർഥി എം.ബി ഫൈസലിനെക്കാൾ  1,71,023 വോട്ടുകൾ നേടിയാണ് കുഞ്ഞാലിക്കുട്ടിയുടെ ജയം.  കുഞ്ഞാലിക്കുട്ടി 5,15,330   വോട്ടുകളും എം.ബി ഫൈസൽ 3,44,307  വോട്ടുകളും നേടി.

സ്വന്തം മണ്ഡലമായ വേങ്ങരയിൽ കുഞ്ഞാലിക്കുട്ടി 40,529  വോട്ടിെൻറ ലീഡ് നേടി. കൊണ്ടാട്ടി –25,904, മഞ്ചേരി -22,843, പെരിന്തൽമണ്ണ 8527, മലപ്പുറം -33,281, മങ്കട -19,262, വള്ളിക്കുന്ന് -20,692 എന്നിങ്ങനെയാണ് മറ്റ് നിയമസഭ മണ്ഡലങ്ങളിലെ ലീഡ്. അതേസമയം എൽ.ഡി.എഫിന് കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ ഒരു ലക്ഷം (1,01,303) വോട്ട് അധികം ലഭിച്ചു.

ബി.ജെ.പി സ്ഥാനാർഥി എൻ. ശ്രീപ്രകാശിന് കഴിഞ്ഞ തവണത്തെക്കാൾ 957 വോട്ടുകൾ മാത്രമാണ് നേടാനായത് . ശ്രീപ്രകാശ്  65,662 വോട്ടുകൾ നേടിയപ്പോൾ 4098 വോട്ടുകൾ നേടി നോട്ട നാലാം സ്ഥാനത്തെത്തി.

രാവിലെ എട്ടു മണിക്ക് മലപ്പുറം ഗവ. കോളജിൽ വോട്ടെണ്ണൽ തുടങ്ങിയതു മുതൽ ഒരു ഘട്ടത്തിലും  കുഞ്ഞാലിക്കുട്ടി പിന്നിൽ പോയില്ല. ഏഴ് ഹാളുകളിൽ നിയമസഭ മണ്ഡലം തിരിച്ചാണ് വോട്ടെണ്ണൽ നടന്നത്. നിയമസഭ മണ്ഡലങ്ങളിൽ ഇടതുപക്ഷത്തിന് മുൻതൂക്കമുള്ള പഞ്ചായത്തുകളിലെ വോട്ടുകളാണ് ആദ്യം എണ്ണിയതെങ്കിലും അവിടങ്ങളിലെല്ലാം കുഞ്ഞാലിക്കുട്ടി തുടക്കം മുതൽ ലീഡ് ചെയ്തു.  കൊണ്ടോട്ടി നിയമസഭാ മണ്ഡലത്തിൽ മാത്രമായിരുന്നു എൽ.ഡി.എഫ് സ്ഥാനാർഥി എം.ബി ഫൈസൽ നേരിയ പോരാട്ടം കാഴ്ചവച്ചത്. ഇവിടെ തുടക്കത്തിൽ എൽ.ഡി.എഫ് മുന്നിലായിരുന്നെങ്കിലും പിന്നീട് യു.ഡി.എഫ് തിരിച്ചു പിടിക്കുകയായിരുന്നു.

ഏപ്രിൽ 12ന് നടന്ന തെരഞ്ഞെടുപ്പിൽ 1,175 ബൂത്തുകളിലായി 71.33 ശതമാനം പേരാണ് വോട്ട് ചെയ്തത്. യു.ഡി.എഫിലെ പി.കെ. കുഞ്ഞാലിക്കുട്ടിയും എൽ.ഡി.എഫിലെ എം.ബി. ഫൈസലും തമ്മിലായിരുന്നു പ്രധാന മത്സരം. ബി.ജെ.പിയുടെ ശ്രീപ്രകാശും രംഗത്തുണ്ടായിരുന്നു. യു.ഡി.എഫിെൻറ സിറ്റിങ് സീറ്റായ മലപ്പുറത്ത് ഇ. അഹമ്മദിെൻറ മരണത്തെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. 2014   ലോക്സഭ തെരഞ്ഞെടുപ്പിൽ മലപ്പുറത്ത് ഇ അഹമ്മദ് 194739 വോട്ടിെൻറ റെക്കോഡ് ഭൂരിപക്ഷം നേടിയിരുന്നു.

malppuram

LEAVE A REPLY

Please enter your comment!
Please enter your name here