1. കേസില്‍ ഗൂഢാലോചനക്കുറ്റം ഒഴിവാക്കിയുള്ള അലഹബാദ് ഹൈക്കോടതിയുടെ വിധി സുപ്രിം കോടതി റദ്ദാക്കുകയും ചെയ്തു. ജസ്റ്റിസുമാരായ പി.സി ഘോഷും ആര്‍.എഫ് നരിമാനും ഉള്‍പ്പെട്ട ബെഞ്ചാണ് വിധി പറഞ്ഞത്.

2. 1992 ല്‍ ബാബരി മസ്ജിദ് തകര്‍ക്കുന്നതിനു വേണ്ടി ലക്ഷക്കണക്കിന് കര്‍സേവകരെ തീവ്രവികാരമുണര്‍ത്തുന്ന പ്രസംഗത്തിലൂടെ പ്രേരിപ്പിച്ചുവെന്നാണ് ബി.ജെ.പി നേതാക്കള്‍ക്കെതിരായ കേസ്.

3. രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിങിന് സുപ്രിം കോടതി തല്‍ക്കാലം ഇളവ് അനുവദിച്ചിട്ടുണ്ട്. കേന്ദ്ര ജലവിഭവ മന്ത്രി ഉമാ ഭരതിയും ഗൂഢാലോചനാ കുറ്റത്തില്‍ വിചാരണ നേരിടണം. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മന്ത്രിസ്ഥാനത്തു നിന്ന് ഇവര്‍ രാജിവയ്ക്കുമോയെന്ന് വിവരം ലഭിച്ചിട്ടില്ല.

4. കേസില്‍ വാദം കേള്‍ക്കുന്ന ജഡ്ജിയെ കേസ് തീരുന്നതു വരെ സ്ഥലം മാറ്റരുത്, അത്യാവശ്യമല്ലാതെ കേസ് മാറ്റിവയ്ക്കരുത് എന്നു തുടങ്ങി കര്‍ശന നിര്‍ദേശവും സുപ്രിം കോടതി പുറപ്പെടുവിച്ചിട്ടുണ്ട്.

5. കേസ് രണ്ടു വര്‍ഷത്തിനുള്ളില്‍ തീര്‍ക്കണമെന്നും സുപ്രിം കോടതിയുടെ നിര്‍ദേശമുണ്ട്. ലക്‌നൗ കോടതിയില്‍ ദിവസേന കേസ് വിളിക്കാം. പള്ളി തകര്‍ത്ത കേസും ഗൂഢാലോചനാ കേസും ഒന്നിച്ച് കേള്‍ക്കാം.

6. മൊത്തം 14 പേരെയാണ് സി.ബി.ഐ ഗൂഢാലോചനാ കുറ്റത്തില്‍ പ്രതിചേര്‍ത്തിരിക്കുന്നത്. ഗൂഢാലോചനാ കേസും പള്ളി തകര്‍ത്ത കേസും ഒന്നിച്ച് ലക്‌നൗ കോടതിയില്‍ വിചാരണം ചെയ്യണം.

7. ബാബരി മസ്ജിദ് തകര്‍ത്തതില്‍ രണ്ട് എഫ്.ഐ.ആറുകളാണുള്ളത്. ഒന്ന്, ബാബരി മസ്ജിദ് തകര്‍ക്കുന്ന സമയത്ത് അയോധ്യയിലെ രാം കഥ കുഞ്ചില്‍ സ്‌റ്റേജിലുണ്ടായിരുന്ന ബി.ജെ.പി നേതാക്കള്‍ക്കെതിരായ ഗൂഢാലോചന കേസ്.

8. രണ്ടാമത്തെ കേസ് ബാബരി മസ്ജിദ് തകര്‍ത്ത കര്‍സേവകര്‍ക്കെതിരെയുള്ളതാണ്. സംഭവത്തില്‍ പങ്കുള്ള വി.വി.ഐ.പികള്‍ക്കെതിരേയുള്ള കേസ് റായ്ബറേലി കോടതിയാണ് ഇതുവരെ പരിഗണിച്ചിരുന്നത്.

9. അദ്വാനിക്കും മറ്റു 20 പേര്‍ക്കുമെതിരെ 153എ (വിഭാഗങ്ങള്‍ തമ്മില്‍ ശത്രുത വളര്‍ത്തുക), 153 ബി (ദുരാരോപണം, രാജ്യത്തിന്റെ അഖണ്ഡത തകര്‍ക്കല്‍), 505 (സമൂഹത്തിന്റെ സാമാധാനം കെടുത്തുന്ന രീതിയില്‍ തെറ്റായ പ്രസ്താവന, കിംവദന്തി പരത്തല്‍) എന്നീ കുറ്റങ്ങളാണ് ചേര്‍ത്തിരിക്കുന്നത്. കൂടാതെ 102 ബി (കുറ്റകരമായ ഗൂഢാലോചന) യും ചേര്‍ത്തിട്ടുണ്ട്. ഈ വകുപ്പാണ് അലഹബാദ് പ്രത്യേക കോടതി റദ്ദാക്കിയിരുന്നത്.

10. മന്ത്രി ഉമാഭാരതിക്കെതിരെ വിധി വന്നതിന്റെ പശ്ചാത്തലത്തില്‍, രാജിവച്ച് വിചാരണ നേരിടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി. വൈകിയാണെങ്കിലും കോടതി വിധി ആശ്വാസകരമാണെന്ന് മുസ്‌ലിം ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീര്‍ പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here