Home / പുതിയ വാർത്തകൾ / സൗഫ നതഖാബൽ ഫീ ജന്ന… (ഷിബിൻ സിയാദ് )

സൗഫ നതഖാബൽ ഫീ ജന്ന… (ഷിബിൻ സിയാദ് )

സൗഫ നതഖാബൽ ഫീ ജന്ന... ***************************           സ്വർണ്ണ ഗോപുരങ്ങളാൽ തലയുയർത്തി നിൽക്കുന്ന സ്വർഗ്ഗ കവാടങ്ങൾ, കുഞ്ഞ് ' നൂറ ' ആശ്ചര്യത്തോടെ നോക്കി നിന്നു. വീശിയടിക്കുന്ന ഇളം തെന്നൽ അവളുടെ സ്വർണ്ണക്കളർ മുടികളെ പാറിപ്പറത്തുന്നുണ്ടായിരുന്നു. നിറഞ്ഞ് നിൽക്കുന്ന സൂര്യ കണികകൾ അവളുടെ റോസ് നിറത്തിലുള്ള കുഞ്ഞു കവിളുകൾ കൂടുതൽ തിളക്കമാർന്നതാക്കി. പുക പടലങ്ങൾക്കിടയിൽ നിന്നും തെളിഞ്ഞ് വന്ന സ്വർണ്ണം പൂശിയ കവാടങ്ങൾ അവൾക്ക് മുമ്പിൽ താനേ തുറന്നു.         അതിലൂടെ ഇറങ്ങി വന്ന സ്വർഗ്ഗത്തിന്റെ കാവൽ മാലാഖമാർ അവളെ രണ്ട് കൈയ്യും നീട്ടി സ്വീകരിച്ച് അവളോടായി പറഞ്ഞു...       " നൂറാ മാലിക് ... നീ സ്വപ്നം കണ്ട  ശാന്ത സുന്ദര ലോകത്തേക്ക് നിനക്ക് ഹൃദ്യമായ സ്വാഗതം. ഇനി ഇതാണ് നിന്റെ ലോകം... ചിറക് മുളച്ച പൂമ്പാറ്റയെപ്പോലെ നിനക്കിവിടെ പാറിപ്പറക്കാം. തേനിനേക്കാൾ മധുരമുള്ള പാനീയങ്ങൾ കുടിച്ച് നിന്റെ ദാഹമകറ്റാം. വെണ്ണയിൽ പൊരിച്ചെടുത്ത മൃദുവായ റൊട്ടികൾ കഴിച്ച് നിന്റെ വിശപ്പകറ്റാം. ശാന്ത…

ഷിബിൻ സിയാദ്

സ്വർണ്ണ ഗോപുരങ്ങളാൽ തലയുയർത്തി നിൽക്കുന്ന സ്വർഗ്ഗ കവാടങ്ങൾ, കുഞ്ഞ് ' നൂറ ' ആശ്ചര്യത്തോടെ നോക്കി നിന്നു. വീശിയടിക്കുന്ന ഇളം തെന്നൽ അവളുടെ സ്വർണ്ണക്കളർ മുടികളെ പാറിപ്പറത്തുന്നുണ്ടായിരുന്നു.

User Rating: Be the first one !

സൗഫ നതഖാബൽ ഫീ ജന്ന…
***************************
         

സ്വർണ്ണ ഗോപുരങ്ങളാൽ തലയുയർത്തി നിൽക്കുന്ന സ്വർഗ്ഗ കവാടങ്ങൾ, കുഞ്ഞ് ‘ നൂറ ‘ ആശ്ചര്യത്തോടെ നോക്കി നിന്നു. വീശിയടിക്കുന്ന ഇളം തെന്നൽ അവളുടെ സ്വർണ്ണക്കളർ മുടികളെ പാറിപ്പറത്തുന്നുണ്ടായിരുന്നു. നിറഞ്ഞ് നിൽക്കുന്ന സൂര്യ കണികകൾ അവളുടെ റോസ് നിറത്തിലുള്ള കുഞ്ഞു കവിളുകൾ കൂടുതൽ തിളക്കമാർന്നതാക്കി. പുക പടലങ്ങൾക്കിടയിൽ നിന്നും തെളിഞ്ഞ് വന്ന സ്വർണ്ണം പൂശിയ കവാടങ്ങൾ അവൾക്ക് മുമ്പിൽ താനേ തുറന്നു.

        അതിലൂടെ ഇറങ്ങി വന്ന സ്വർഗ്ഗത്തിന്റെ കാവൽ മാലാഖമാർ അവളെ രണ്ട് കൈയ്യും നീട്ടി സ്വീകരിച്ച് അവളോടായി പറഞ്ഞു…

      ” നൂറാ മാലിക് … നീ സ്വപ്നം കണ്ട  ശാന്ത സുന്ദര ലോകത്തേക്ക് നിനക്ക് ഹൃദ്യമായ സ്വാഗതം. ഇനി ഇതാണ് നിന്റെ ലോകം… ചിറക് മുളച്ച പൂമ്പാറ്റയെപ്പോലെ നിനക്കിവിടെ പാറിപ്പറക്കാം. തേനിനേക്കാൾ മധുരമുള്ള പാനീയങ്ങൾ കുടിച്ച് നിന്റെ ദാഹമകറ്റാം. വെണ്ണയിൽ പൊരിച്ചെടുത്ത മൃദുവായ റൊട്ടികൾ കഴിച്ച് നിന്റെ വിശപ്പകറ്റാം. ശാന്ത സുന്ദരമായ പാലരുവികളിൽ നിനക്ക് നീന്തിത്തുടിക്കാം. പക്ഷി-മൃഗാദികളോട് കിന്നാരം പറഞ്ഞ് ഇലകളോടും പൂക്കളോടും ചങ്ങാത്തം കൂടി  ഇനിയുള്ള കാലം നിനക്കിവിടെ സുഖമായി കഴിയാം “….

         മാലാഖമാരുടെ വാക്കുകൾ കേട്ട നൂറയുടെ മുഖം അവളുടെ പേരിനെ അന്വർത്ഥമാക്കും വിധം ജ്വലിക്കുന്ന  പ്രകാശത്താൽ വെട്ടിത്തിളങ്ങി…….
                 —————–

        ജനിച്ച നാൾ തൊട്ടേ, നൂറ കേട്ട് തുടങ്ങിയത് എ.കെ.47 ന്റെ കാതടപ്പിക്കുന്ന വെടിയൊച്ചകളും ആർമി ടാങ്കറുകളുടെ മുരൾച്ചയും മാത്രമായിരുന്നു. ശാന്തമായി ഒഴുകുന്ന പാലരുവികൾക്ക് പകരം അവൾ കണ്ടത് ചുടു രക്തം ഒഴുകുന്ന ചോരച്ചാലുകളായിരുന്നു. പൊടിമണ്ണിൽ വാരിക്കളിച്ച അവളുടെ കുഞ്ഞ് വിരലുകൾക്കുള്ളിൽ കുടുങ്ങിയത് പൊട്ടിത്തെറിച്ച ഷെല്ലിന്റേയും ഗ്രാനേഡിന്റേയും അവശിഷ്ടങ്ങൾ.
ഗാഢനിദ്രയിലാണ്ട അവളെ ഉറക്കത്തിൽ നിന്നും ഞെട്ടിയുണർത്തിയത് അമേരിക്കൻ പട്ടാളത്തിന്റെ ബൂട്ട്സിന്റെ ഭീകര ശബ്ദങ്ങളും..

      പ്രശാന്ത സുന്ദരമായ സിറിയൻ മണ്ണിലെ   കൺകുളിർക്കുന്ന മനോഹര ദൃശ്യങ്ങൾ കാണുന്നതിന്ന് പകരം അവൾ കണ്ട് ശീലിച്ചത് പൊട്ടിത്തെറിക്കുന്ന ഷെല്ലുകളുടേയും മിസൈലുകളുടേയും കണ്ണഞ്ചിപ്പിക്കുന്ന ബഹുവർണ്ണങ്ങളും പൊടിപടലങ്ങളും മാത്രം. ചിതറിത്തെറിക്കുന്ന മൃതശരീരങ്ങൾക്ക് മുമ്പിൽ ഒരുപാട് തവണ മൂക സാക്ഷിയാകേണ്ടി വന്നിട്ടുണ്ട് അവൾക്ക്. കുറച്ചെങ്കിലും അവളുടെ കണ്ണുകൾക്ക്  താങ്ങാനായത് മാധ്യമ പ്രവർത്തകരുടെ  ക്യാമറയിൽ നിന്നുള്ള ഫ്ലാഷുകളായിരുന്നു.

       ക്രൂരതയിൽ ജ്വലിച്ച് നിൽക്കുന്ന കരിതേച്ച മുഖങ്ങൾക്കിടയിൽ നിന്നും പതിക്കുന്ന അമേരിക്കൻ പട്ടാളത്തിന്റെ ദൃഷ്ടിയേക്കാളേറെ അവൾ ശ്രദ്ധിച്ചത് ക്യാമറകൾക്ക് പിറകിലുള്ള നിറകണ്ണുകളായിരുന്നു.

        വിശന്ന വയറുമായി ആഹാരം ചോദിച്ചെത്തുന്ന അവൾക്ക് ഉമ്മ നൽകിയത്, അഭയാർത്ഥി ക്യാമ്പിൽ നിന്നും ഒരാൾക്ക് ഒരു ദിവസത്തേക്ക് ലഭിക്കുന്ന ഉണക്ക റൊട്ടിയുടെ പിച്ചിയ കഷണങ്ങൾ മാത്രം. കുഞ്ഞു നൂറയുടെ കിന്നരിപ്പല്ലുകൾക്ക് താങ്ങാൻ കഴിയാത്തത്ര ദൃഢമായ റൊട്ടിക്കഷണങ്ങൾ, അവളുടെ വിശപ്പിന്റെ കഠിന്യത്താൽ അവൾക്ക് മുന്നിൽ മൃദുവായി മാറി.

       അന്നൊരിക്കൽ പൂക്കളുടെ സൗന്ദര്യമാസ്വദിക്കാൻ ഉദ്യാനത്തിൽ കയറിയ കുഞ്ഞ് നൂറയ്ക്ക് കാണേണ്ടി വന്നത് അന്ത്യ ശ്വാസത്തിനായി പിടയുന്ന തന്റെ പിതാവിന്റെ ഇടനെഞ്ചിൽ നിന്നുതിർന്ന് വീണ രക്തപുഷ്പങ്ങളായിരുന്നു. അന്നവളെ ചേർത്ത് നിർത്തി അവളുടെ ഉപ്പ മാലിക് അവളുടെ കാതിൽ ഒരു സ്വകാര്യം പറഞ്ഞു…….
                       ————-
           
        മാലാഖമാരുടെ പതുപതുത്ത ചിറകിൽ പിടിച്ച് കൊണ്ട് നൂറ സ്വർഗ്ഗരാജ്യത്തിലേക്ക് കാലേടുത്ത് വെച്ചു. വിയർപ്പൊട്ടി ചെളി കൂടി വിണ്ട് കീറിയിരുന്ന തന്റെ കുഞ്ഞു പാദങ്ങൾ നേർത്ത തണുപ്പിൽ കമ്പിളികൾക്കുള്ളിൽ വെച്ച പോലെ അവൾക്ക് തോന്നി. ചൂടേറ്റ് വാടിയിരുന്ന അവളുടെ ശരീരം സ്വർഗ്ഗത്തിലെ തണുപ്പിനാൽ വിറയ്ക്കാൻ തുടങ്ങിയപ്പോൾ മാലഖമാരിലൊരാൾ അവൾക്കായി ഒരു രോമക്കുപ്പായം നൽകി. സ്വർണ്ണത്തൂവലിനാൽ അലങ്കരിച്ച രോമക്കുപ്പായം കഴുത്തിൽ കൊണ്ട് അവൾക്ക് ഇക്കിളിയായി.

          അപ്പോഴേക്കും മറ്റൊരു മാലാഖ അവൾക്കുള്ള കളിക്കൂട്ടുകാരനുമായി അവൾക്ക് മുന്നിലെത്തി. വെളുത്ത് തുടുത്ത മുഖവും ചെമ്പൻ മുടിയുമുള്ള അവനെ ചൂണ്ടി മാലാഖ പറഞ്ഞു.

      ” ഇത് ഐലൻ കുർദ്ദി. ഇനി ഇവനാണ് നിന്റെ കൂട്ടുകാരൻ. നിന്നെപ്പോലെ തന്നെ നരാധമന്മാരായ മനുഷ്യരുടെ ക്രൂര പ്രവർത്തിയുടെ മറ്റൊരു ഇര. ഇനിയുള്ള കാലം ഇവിടം നിങ്ങൾക്കുള്ളതാണ്‌ “… 

   ഐലൻ അവളുടെ കണ്ണുകളിൽ നോക്കി പാൽപ്പല്ലുകൾ കാട്ടി ചിരിച്ചു. നിറഞ്ഞ് നിൽക്കുന്ന സൂര്യ രക്ഷ്മികൾ ഐലന്റെ ചെമ്പൻ മുടിയിൽ തട്ടി, അവ തിളങ്ങി നിന്നു.

                 നൂറയുടെ കൈ പിടിച്ച് കൊണ്ട് ഐലൻ അവൾക്ക് മുമ്പേ നടക്കാൻ തുടങ്ങി. കുറച്ചധികം നടന്നപ്പോഴേക്കും അവർക്കായി മറ്റൊരു മാലാഖ ദാഹമകറ്റാൻ  മധുര പാനീയങ്ങളുമായി അവർക്ക് മുന്നിൽ  പ്രത്യക്ഷപ്പെട്ടു. ആശ്ചര്യത്തോടെ നിന്ന നൂറയെ നോക്കി മാലഖ മെല്ലെ കണ്ണിറുക്കി.
അപ്പോഴും ഐലൻ നൂറയുടെ വിരലുകളിൽ മുറികെ പിടിച്ചു. പുഞ്ചിരിക്കാനായി വിടർന്ന മാലാഖയുടെ ചുണ്ടുകൾക്കിടയിൽ നിന്നും പവിഴ മുത്തുകൾ പൊഴിയുന്ന പോലെ നൂറയ്ക്ക് തോന്നി.

          അതിശയം പൂണ്ട് നിൽക്കുന്ന നൂറയെ സന്തോഷിപ്പിക്കാൻ മാലാഖമാർ തമ്മിൽ മത്സരിച്ചു. അപ്പോഴാണ്, സ്വർഗ്ഗ രാജ്യത്തിന് മുകളിലൂടെ പറക്കാൻ നൂറയ്ക്കൊരു  മോഹം തോന്നിയത്. തന്റെ ആവശ്യങ്ങളെല്ലാം നിറവേറ്റാൻ തയ്യാറായി നിൽക്കുന്ന മാലാഖയോട് നൂറ തന്റെ ആഗ്രഹം പ്രകടിപ്പിച്ചു.

           കേൾക്കേണ്ട താമസം, നൂറയ്ക്കും ഐലനുമായി മാലഖ തന്റെ പഞ്ഞിക്കെട്ട് പോലുള്ള ചിറകുകൾ വിടർത്തി. അവർ മാലാഖയുടെ ചിറകുകൾക്കിടയിൽ ഇരിപ്പുറപ്പിച്ചതും മാലാഖ മുകളിലേയ്ക്ക് പറന്നുയർന്നു.

         പാലൊഴുകുന്ന അരുവികളും, മാനുകളും മുയലുകളും പുലികളും സിംഹങ്ങളും മിത്രങ്ങളെപ്പോലെ മേഞ്ഞ് നടക്കുന്ന പുൽ മേടുകളും അവളുടെ കണ്ണുകൾക്ക് കുളിർമ്മ നൽകി. കണ്ട് തീർന്ന സ്ഥലങ്ങളായത് കൊണ്ട് തന്നെ ഐലന് കൂടുതൽ അത്ഭുതമൊന്നും തോന്നിയില്ല.

        വിടർന്ന് നിൽക്കുന്ന റോസാ പുഷ്പങ്ങൾ താഴെ നിന്നും അവരോടായി ചിരിച്ച് കാണിച്ചു. ബഹുവർണ്ണങ്ങളിൽ പൂക്കളാൽ സമൃദ്ധമായി നിൽക്കുന്ന ഉദ്യാനങ്ങൾ അവരെ കൂടുതൽ സന്തോഷിപ്പിച്ചു.

        പൂമ്പാറ്റകളും വണ്ടുകളും തേനീച്ചകളും പക്ഷികളും അവർക്ക് കൂട്ടായി മാലാഖയ്ക്കൊപ്പം പറന്നു. എവിടെ നിന്നോ ഒഴുകി എത്തിയ മന്ദ മാരുതൻ അവരുടെ  മുടിയിഴകളെ തൊട്ടു തലോടിക്കൊണ്ടിരുന്നു.

        സ്വർഗ്ഗ രാജ്യമെന്ന അത്ഭുത ലോകം കണ്ട് തീർന്ന്, വെള്ളി കൊണ്ട് തീർത്ത ബെഞ്ചിലിരുന്ന് വിശ്രമിക്കുമ്പോഴാണ് ഐലൻ നൂറയ്ക്ക് ആ കാഴ്ച്ച കാണിച്ച് കൊടുത്തത്. ദൂരെയിവിടെ നിന്നോ ഒരു പ്രാകശം തങ്ങളെ ലക്ഷ്യമാക്കി കടന്ന് വരുന്നു.

         കണ്ണിലേക്ക് തുളച്ച് കയറുന്ന പ്രകാശ രശ്മികളെ വകഞ്ഞ് മാറ്റി നൂറ തന്റെ ദൃഷ്ടികളെ, പ്രകാശത്തിൽ നിന്നും തെളിഞ്ഞ് വരുന്ന ആ മനുഷ്യരൂപത്തിലേക്ക് പായിച്ചു…. അടുക്കുന്തോറും അവളുടെ കണ്മുമ്പിൽ ആ മനുഷ്യ രൂപം കൂടുതൽ വ്യക്തതയോടെ തെളിഞ്ഞ് വന്നു. തന്റെ കണ്ണുകളെ വിശ്വസിക്കാനാകാതെ അവൾ ആ രൂപത്തിനരികിലേക്കോടി…

      ” ബാബാ… ” സ്നേഹത്തിൽ ചാലിച്ച ആ വിളി ആ സ്വർഗ്ഗ ഭൂമിയിൽ മുഴങ്ങി നിന്നു..
സ്നേഹ ലാളനകളോടെ തന്റെ പിതാവിനേയും കെട്ടിപ്പിടിച്ച് അവൾ നിൽക്കുമ്പോൾ, വർഷങ്ങൾക്ക് മുമ്പ് മാലിക് പറഞ്ഞ ആ മന്ത്രം അവളുടെ ചെവിയിൽ അലയടിച്ച് കൊണ്ടിരുന്നു….. 

     ”  സൗഫ നതഖാബൽ ഫീ ജന്ന ”
  

                      ****************
        യുദ്ധമുഖരിതമായ ഈ ലോകത്ത് നിന്നും ജീവിതം തുടങ്ങും  മുൻപേ വിട പറഞ്ഞ പോയ കുരുന്നുകൾക്ക് മുമ്പിൽ നിറ കണ്ണുകളോടെ….

സൗഫ നതഖാബൽ ഫീ ജന്ന: നമ്മളിനി സ്വർഗ്ഗത്തിൽ വെച്ച് കണ്ട് മുട്ടും…  

eiFL7Y9VL7G6

Check Also

ഫോമാ – ഗ്രാൻഡ് കാനിയൻ യൂണിവേഴ്സിറ്റി കൂട്ടുകെട്ടിൽ ഇനി ഇന്റർനാഷണൽ വിദ്യാർത്ഥികൾക്കും ഇളവുകൾ.

ചിക്കാഗോ: നോർത്ത് അമേരിക്കയിലെ എഴുപതോളം അംഗ സംഘടനകളുള്ള ഫോമായിലൂടെ (ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ്) ഇനി നോർത്ത് …

Leave a Reply

Your email address will not be published. Required fields are marked *