വാഷിംഗ്ടണ്‍: മൂന്നു വര്‍ഷത്തോളം ഈജ്പിതില്‍ തടഞ്ഞു വയ്ക്കപ്പെട്ട ഈജിപ്ഷ്യന്‍ അമേരിക്കന്‍ സാമൂഹ്യപ്രവര്‍ത്തക അയ ഹിജാസിയെ പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ് ഇടപെട്ട് മോചിപ്പിച്ചു. വ്യാഴാഴ്ച രാത്രി അമേരിക്കന്‍ സൈനിക വിമാനത്തില്‍ നാട്ടിലെത്തിച്ച അയയെ വെള്ളിയാഴ്ച വൈറ്റ്ഹൗസില്‍ ട്രമ്പ് സ്വാഗതം ചെയ്തു. അമേരിക്കയില്‍ ഈ മാസം സന്ദര്‍ശനത്തിന് എത്തിയ ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുള്‍ ഫത്താ അല്‍ സിസിയുമായി ട്രമ്പ് ഈ വിഷയം നേരിട്ട് സംസാരിച്ചാണ് മോചനത്തിനുള്ള ഉറപ്പു നേടിയത്.

ഈജ്പ്തില്‍ തെരുവുകളില്‍ കഴിയുന്ന കുട്ടികള്‍ക്കു വേണ്ടി സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തി വന്നിരുന്ന അയയെ കുട്ടികളെ ദുരുപയോഗിക്കുന്നുവെന്ന വ്യാജ ആരോപണം ഉയര്‍ത്തി തീവ്രവലതുപക്ഷ ഗ്രൂപ്പുകളാണ് കുടുക്കിയത്. അയയെ തിരികെ വീട്ടില്‍ കൊണ്ടുവരാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്നും, സഹോദരനൊപ്പം അയ ഓവല്‍ ഓഫീസില്‍ എത്തിയത് ബഹുമതിയായി കാണുന്നുവെന്നും ട്രമ്പ് പറഞ്ഞു. ട്രമ്പിന്റെ മകള്‍ ഇവാങ്ക, മരുമകന്‍ ജാര്‍ദ് കുഷ്‌നര്‍ എന്നിവരും അയയെ സ്വീകരിക്കാന്‍ എത്തിയിരുന്നു. അമേരിക്കയുടെയും ഈജിപ്തിന്റെയും പൗരത്വമുള്ള അയ 2013 ലാണ് ഈജ്പ്തുകാരനായ ഭര്‍ത്താവ് മുഹമ്മദ് ഹസാനിനൊപ്പം തെരുവുകളില്‍ കഴിയുന്ന കുട്ടികള്‍ക്കു വേണ്ടി ബെലാഡി ഫൗണ്ടേഷനു തുടക്കമിട്ടത്. ഒരു വര്‍ഷത്തിനു ശേഷം ദമ്പതികളും മറ്റ് നാല് സാമൂഹ്യക്ഷേമ പ്രവര്‍ത്തകരും അറസ്റ്റ് ചെയ്യപ്പെടുകയായിരുന്നു. അയയ്‌ക്കൊപ്പം ഇവരും മോചിതരായി.

കുട്ടികളെ ദുരുപയോഗിക്കുകയും, കടത്തുകയും ചെയ്യുന്ന കേസില്‍ ഇവര്‍ കുറ്റക്കാരല്ലെന്ന് കഴിഞ്ഞ ഞായറാഴ്ച വിധി വന്നിരുന്നു. കേസ് കെട്ടിച്ചമച്ചതാണെന്ന് അമേരിക്കന്‍ അധികൃതര്‍ നേരത്തെ തന്നെ കുറ്റപ്പെടുത്തിയിരുന്നതാണ്. അയയെയും ഭര്‍ത്താവിനെയും അമേരിക്കന്‍ സൈനിക വിമാനത്തിലാണ് വാഷിംഗ്ടണിനടുത്തുള്ള സൈനിക വിമാനത്താവളത്തില്‍ എത്തിച്ചത്. പ്രസിഡന്റിന്റെ ഈജിപ്ഷ്യന്‍ അമേരിക്കന്‍ ഡെപ്യൂട്ടി നാഷണല്‍ സെക്യൂരിറ്റി അഡൈ്വസര്‍ ദിന പവല്‍ ദമ്പതികളെ അനുഗമിച്ചിരുന്നു. ഈജിപ്തില്‍ ജനിച്ച അയ വിര്‍ജീനിയയില്‍ ഫാള്‍സ് ചര്‍ച്ചിലാണ് വളര്‍ന്നത്.
ഒബാമ ഭരണകൂടം അയയുടെ മോചനത്തിനു വേണ്ടി പരിശ്രമിച്ചിരുന്നുവെങ്കിലും ലക്ഷ്യം കാണാന്‍ കഴിയാതിരുന്നത് അയയുടെ കുടുംബത്തെ ആശങ്കയിലാക്കിയിരുന്നു. 2013 ല്‍ ഈജിപ്തില്‍ അധികാരത്തില്‍ വന്ന പ്രസിഡന്റ് സിസിയുടെ ഏകാധിപത്യ ഭരണശൈലിയുടെ ഉദാഹരണമാണ് അയയുടെ അറസ്റ്റ് എന്ന് മനുഷ്യാവകാശ സംഘടനകള്‍ ആരോപിച്ചിരുന്നു. സിസിയെ വൈറ്റ്ഹൗസില്‍ ട്രമ്പ് സ്വീകരിച്ചതിനെ പലരും വിമര്‍ശിച്ചിരുന്നുവെങ്കിലും അണിയറയില്‍ അയയുടെ മോചനത്തിനു വേണ്ടി ട്രമ്പ് നടത്തിയ രഹസ്യ നീക്കം പുറത്ത് അധികമാരും അറിഞ്ഞിരുന്നില്ല. സിസിയുമായി ഈ വിഷയം ട്രമ്പ് നേരിട്ട് സംസാരിക്കുകയായിരുന്നുവെന്ന് വൈറ്റ്ഹൗസ് പ്രസി സെക്രട്ടറി സീന്‍ സ്‌പൈസര്‍ പറഞ്ഞു.

aya-hijazi aya1

LEAVE A REPLY

Please enter your comment!
Please enter your name here