മൺചിരാതുകൾ

വിവാഹ ആൽബം നോക്കി ഇരിക്കെ മിഴികൾ നിറഞ്ഞ് തുളുമ്പുന്നത് എത്ര ശ്രമിച്ചിട്ടും നിയന്ത്രിക്കാൻ സാധിച്ചില്ല.ചില ദിവസങ്ങളിൽ അങ്ങനെയാണ്. മകൾ വന്ന് അടുത്ത് നിൽക്കുന്നത് പോലും അറിയാറില്ല. വർഷങ്ങൾ എത്ര കഴിഞ്ഞു. എല്ലാം ഇന്നലെ എന്ന പോലെ മന:സ്സിന്റെ തിരശ്ശീലയിൽ മിന്നിമറയുന്നു. ആൽബത്തിലെ ഓരോ താളും ഓരായിരം കഥകൾ പറയുന്നതായി തോന്നും. ഓർമ്മകളുടെ തീരങ്ങിലേയ്ക്ക് മനസ്സ് ഊളിയിട്ട് പോകുന്നു.

എല്ലാ അവധിക്കും നാട്ടിൽ ചെല്ലുമ്പോൾ കുറഞ്ഞത് അഞ്ച്,ആറ് പെണ്ണുകാണൽ ചടങ്ങ് എങ്കിലും കാണും. ചിലരെ തനിക്ക് ഇഷ്ടപ്പെടും, ചിലരെ പെങ്ങൻമാർക്ക് ഇഷ്ടപ്പെടില്ല, അല്ലെങ്കിൽ അമ്മാവൻമാർ ഉടക്ക് വെയ്ക്കും. കുടുംബം പോരാ, തറവാട്ട് മഹിമ  ഇല്ല എന്നൊക്കെയാവും കാരണങ്ങൾ പറയുക. അവധി കഴിഞ്ഞ് തിരികെ ചെന്ന് കൂട്ടുകാരെ നേരിടാനാണ് പ്രയാസം.

പതിവുപോലെ അവധിക്ക് പോയ ആ വർഷം മന:സ്സ് പറഞ്ഞു എല്ലാ അവധിയും പോലാകില്ല; ഇപ്രാവശ്യം തന്റെ വിവാഹം നടക്കും.പതിവുപോലെ ബ്രോക്കർ നാരായണൻ കുറെ പെൺകുട്ടികളുടെ ഫോട്ടോയും ആയി എത്തി. പെണ്ണ് കാണാൻ കൊള്ളാവുന്നതായിരിക്കണം, കുറച്ചെങ്കിലും പഠിത്തം ഉണ്ടായിരിക്കണം, അധികം സാമ്പത്തികം ഒന്നും ഇല്ലെങ്കിലും കുഴപ്പമില്ല.തന്റെ കാര്യങ്ങൾ പറയാൻ തുടങ്ങിയപ്പോഴേയ്ക്കും നാരായണേട്ടൻ പറഞ്ഞു ” എല്ലാം എനിക്ക് അറിയാം ബാലൂ ,കുറച്ച് നാളായില്ലേ” അമ്മ കൊണ്ടുവന്ന ചായയും കൈയ്യിൽ മേടിച്ച് ചെറുചിരിയോടെ അരഭിത്തിയിലേയ്ക്ക് കയറി ഇരുന്ന് കൈയ്യിലിരുന്ന ഫോട്ടോസ് ഓരോന്നായി എടുത്ത് കാണിക്കാൻ തുടങ്ങി. അലസമായി ഓരോ ഫോട്ടോയും മറിച്ച് നോക്കവെ പെട്ടെന്ന് ഒരു പെൺകുട്ടിയുടെ പടം ശ്രദ്ധയിൽ പെട്ടു.”ഏതാ നാരായണാ ഈ കൊച്ച്, കാണാൻ തരക്കേടില്ല നമ്മുടെ ചെക്കന് നന്നായി ചേരും” എന്റെ മന:സ്സ് വായിച്ചതുപോലെ അമ്മ. പെണ്ണിനെ കുറിച്ചും വീട്ടുകാരെ കുറിച്ചും നാരായണേട്ടൻ ചെറിയ ഒരു വിവരണം തന്നു. പേര് “രാധിക” ഡിഗ്രി വരെ പഠിച്ചിട്ടുണ്ട്. ഒറ്റമകൾ  അച്ചൻ വീടിനോട് ചേർന്നു തന്നെ കട നടത്തുന്നു, നല്ല തറവാട്ടുകാരും, മൊത്തത്തിൽ വലിയ കുഴപ്പം ഇല്ല എന്ന് തോന്നി.

അടുത്ത ദിവസങ്ങളിൽ തന്നെ നാരായണേട്ടനെയും കൂട്ടി പെണ്ണുകാണാനായി പുറപ്പെട്ടു. പുരോഗമനത്തിന്റെ കാറ്റ് അധികം ഒന്നും വീശിയിട്ടില്ലാത്ത ഒരു ചെറിയ ഗ്രാമം. പ്രധാന വഴി ടാറ് ചെയ്തിട്ടുണ്ടെന്ന് വേണമെങ്കിൽ പറയാം. എല്ലാം പൊട്ടി പൊളിഞ്ഞ് കിടക്കുന്നു. പാതയുടെ ഇരു വശങ്ങളിലുമായി റബർ മരങ്ങൾ നിറഞ്ഞ് നിൽക്കുന്നു. ഒരു കാപ്പിക്കടയും, ലൈബ്രറിയും, മിൽമാ ബൂത്തും.പലചരക്ക് കടയും പിന്നെ ഒരു മുറുക്കാൻ കടയും. ഒന്നോ രണ്ടോ പ്രെവറ്റ് ബസ്സും ഒരു ട്രാൻസ്പോർട്ട് ബസ്സും അത്രയേ ഉള്ളു ആ ഗ്രാമത്തിന്റെ പുരോഗമനം.

റോഡ് സൈഡിലായി പലചരക്ക് കടയോട് ചേർന്ന് അകത്തേയ്ക്കായി ഒരു വീട്. കാറ് റോഡിൽ ഇട്ട് ഒതുക്ക് കല്ല് കയറി ചെല്ലണം.നാരായണേട്ടൻ പറഞ്ഞു “ഈ കട ഇവരുടേത് ആണ്” തങ്ങളുടെ വരവ് അറിഞ്ഞിട്ടായിരിക്കണം അവിടവിടങ്ങളിലായി കുറെ ആളുകൾ. ഒതുക്കു കല്ലുകൾ കയറി മിറ്റത്തേയ്ക്ക് ചെന്നപ്പോൾ അച്ചൻ നിറഞ്ഞ ചിരിയോടെ കൈ പിടിച്ച് കുലുക്കി അകത്തേയ്ക്ക് ആനയിച്ചു.പെണ്ണുകാണൽ ചടങ്ങ് ഭംഗിയയി കഴിഞ്ഞു (അതോ ചെറുക്കനെ കാണിക്കലോ!) ഏതായാലും വീടും പരിസരവും, അച്ചനേം അമ്മേം എല്ലാറ്റിനും ഉപരിയായി പെൺകുട്ടിയേയും ഇഷ്ടപ്പെട്ടു. ബാക്കിയുള്ള കാര്യങ്ങൾ വളരെ പെട്ടെന്ന് കഴിഞ്ഞു. കല്യാണ നിശ്ചയവും, കല്യാണവും എല്ലാം …..

ആദ്യരാത്രിയിൽ പ്രിയപ്പെട്ടവളെ കെട്ടിപ്പുണർന്ന് കിടക്കുംബോൾ തെല്ല് അഹങ്കാരം തോന്നിയിരുന്നോ? അറിയില്ല…. മധുവിധുവിന്റെ നാളുകൾക്കൊപ്പം തന്റെ അവധിയും കഴിഞ്ഞ് പോകുന്നത് തെല്ല് വേദനയോടെ അറിഞ്ഞു.മന:സ്സ് നിറയെ പ്രീയപ്പെട്ടവളെ പിരിയുന്ന നൊമ്പരവുമായിട്ടാണ് വിമാനം കയറിയത്.ഒന്നിനോടും ഒരു താൽപര്യവും തോന്നിയില്ല. മന:സ്സ് നിറയെ രാധികയുടെ മുഖം മാത്രം. തന്റെ വിഷമാവസ്ഥ കണ്ടിട്ടാവണം മാനേജർ സുഡാനി പറഞ്ഞു “എന്താ ബാലചന്ത്രൻ ഇത് ,താനൊരു കാര്യം ചെയ്യു ഭാര്യയേയും ഇങ്ങ് കൊണ്ടുവരൂ. അപ്പോൾ തന്റെ ഈ വിഷമം ഒക്കെ മാറും.വിസ ഞാൻ ശരിയാക്കാം “മന:സ്സിൽ ഒരായിരം നക്ഷത്രങ്ങൾ പൊട്ടി വിരിഞ്ഞതുപോലെ. മാനേജർ സുഡാനിയെ കെട്ടിപ്പിടിച്ച്  ഉമ്മ വെയ്ക്കണം എന്നുണ്ടായിരുന്നു. അത്രയും സ്വാതന്ത്ര്യം ഇല്ലാതിരുന്നതുകൊണ്ട് കൈ പിടിച്ച് കുലുക്കി തന്റെ നന്ദി അദ്ദേഹത്തെ അറിയിച്ചു.

സുഹൃത്തുക്കളുടെ സഹായത്തോടെ രണ്ട് മുറികളോട് കൂടിയ ഒരു ഫ്ലാറ്റ് ശരിയായി. കുറച്ച് തുക ഡെപ്പോസിറ്റ് കൊടുക്കേണ്ടി വന്നു എങ്കിലും സാരമില്ല, താമസിക്കാൻ ഒരു ഇടം ആയല്ലോ. ഈ ഗൾഫ് നാട്ടിൽ അതു തന്നെ വലിയ കാര്യം. വിമാനം ഇറങ്ങി താമസ സ്ഥലത്തേയ്ക്ക് പോകവെ, അതുവരെ “റ്റിവി” – യിലൂടെയും പത്ര മധ്യമങ്ങളിലൂടെയും മാത്രം കാണുകയും കേൾക്കുകയും ചെയ്തിരുന്ന ഗൾഫ് എന്ന സ്വപ്ന നഗരം അതിശയത്തോടെ അവൾ നോക്കിക്കാണുന്നത് കണ്ടിരുന്നു. ഇതാ തന്റെ പ്രീയപ്പെടവൾ തന്നോടൊപ്പം, ഉള്ളിലെ സന്തോഷം എങ്ങനെ പ്രകടിപ്പിക്കണം എന്നറിയാതെ അവളുടെ കൈവിരലുകളിൽ കൈ അമർത്തി താൻ ഇരുന്നു.

ജീവിതം നിറയെ സന്തോഷത്തിന്റെ ദിനങ്ങൾ ആയിരുന്നു. ജോലി കഴിഞ്ഞ് താൻ എത്തുന്നതും നോക്കി അവൾ ഇരിക്കും.വൈകുന്നേരങ്ങളിൽ പുറത്തു പോയി നിരത്തിലൂടെ കൈകോർത്ത് കുറെ നടക്കും. കുടുംബ ജീവിതവും, ഗൾഫ് ജീവിതവും ഞങ്ങൾ ശരിക്കും ആസ്വദിച്ചു.ജോലി ഒന്നും ഇല്ലാതെ വെറുതെ മുറിയിൽ ഇരിക്കുന്നത് അവൾക്ക് മടുപ്പായി തുടങ്ങി.ജിവിതത്തിൽ എപ്പോഴും മാറ്റങ്ങൾ അനിവാര്യം ആണല്ലോ?! ഏറെ താമസിയാതെ രാധിക ഗർഭിണിയായി. ഡെലിവറി കഴിഞ്ഞ് ജോലി ശരിയക്കാം, താൻ അവൾക്ക് വാക്ക് കൊടുത്തു.കുഞ്ഞായിക്കഴിയുംബോൾ എല്ലാം മറന്നോളും എന്ന് ആശ്വസിച്ചു.
    ഗർഭകാലം രാധികയെ ശരിക്കും തളർത്തി. താൻ രാവിലെ ജോലിക്ക് പോയിക്കഴിയുംബോൾ അവൾ മുറിയിൽ ഒറ്റക്കായി. സഹായത്തിനായി ഒരാളെ അത്യാവശ്യമായി വന്നു. കുറെ തിരച്ചിലുകൾക്ക് ഒടുവിൽ ഒരു ശ്രീലങ്കക്കാരിയെ ജോലിക്കായി കിട്ടി. ശമ്പളം കുറച്ച് കൂടുതൽ ആണ്,എങ്കിലും വേണ്ടില്ല താൻ ജോലിക്ക് പോകുംബോൾ രാധികയ്ക്ക് കൂട്ടുണ്ടല്ലോ. പ്രസവസമയം ആകുംബോഴേയ്ക്കും രാധികയുടെ അമ്മയെ കൊണ്ടു വരാം.   

ദിവസങ്ങളും മാസങ്ങളും വളരെ വേഗം കഴിഞ്ഞു പോയി. ഡെലിവറിക്ക് ഒരു മാസം മുൻപ് തന്നെ അമ്മ എത്തി. അതോടെ തനിക്ക് പകുതി പണി കുറഞ്ഞ് കിട്ടി. ശ്രീലങ്കകാരിയെ തൽക്കാലത്തേയ്ക്ക് പറഞ്ഞു വിട്ടു.ആ ദിവസം ഓർക്കുംബോൾ ഇപ്പോഴും കോരിത്തരിക്കും. നല്ല ഓമനത്തമുള്ള ഒരു മാലാഖ കുഞ്ഞിനെ കൈയ്യിലേയ്ക്ക് വെച്ച് തന്നിട്ട് നഴ്സ് പറഞ്ഞു പെൺകുഞ്ഞാണ്. ജീവിതത്തിൽ അഭിമാനം തോന്നിയ നിമിഷങ്ങൾ, താനൊരു അച്ചനായിരിക്കുന്നു. തന്റെ ജീവന്റെ ജീവനായ കുഞ്ഞിനെ നെഞ്ചോട് ചേർത്ത് പിടിച്ചു.   

പ്രസവാനന്തര ശുശ്രൂഷകൾ കഴിഞ്ഞ് അമ്മ തിരികെ പോയി. പഴയ ശ്രീലങ്കക്കാരിയെ പിറന്നയും കൊണ്ടുവന്നു. കുഞ്ഞിന്റെ കാര്യങ്ങളുമായി രാധിക തിരക്കിലായി. എങ്കിലും ഒരു ജോലി എന്ന ആഗ്രഹം അവളുടെ മന:സ്സിൽ മായതെ കിടന്നു. ഒരു ദിവസം മാനേജർ സുഡാനി തന്നെ മുറിയിലേയ്ക്ക് വിളിപ്പിച്ചു. “ഇവിടെ ഒരു സെക്രട്ടറിയുടെ ഒഴിവ് വന്നിട്ടുണ്ട് തന്റെ ഭാര്യയ്ക്ക് താൽപര്യം ഉണ്ടെങ്കിൽ അപക്ഷിക്കാം,ഉണ്ടായിരുന്ന ഫിലിപ്പിനോ സെക്രട്ടറി എക്സിറ്റിൽ നാട്ടിൽ പോയ ഒഴിവാണ് ” അപ്പോൾ തന്നെ രാധികയെ വിളിച്ച് വിവരം പറഞ്ഞു. എന്തെന്നില്ലാത്ത സന്തോഷത്താൽ അവൾ തുള്ളിച്ചാടി.തന്റെ ചിരകാല സ്വപനം ഇതാ പൂവണിയാൻ പോകുന്നു. ദൈവം തന്റെ പ്രാർത്ഥന കേട്ടിരിക്കുന്നു.

നിലവിലുള്ള വിസ മാറ്റി ജോബ് വിസ യിലാക്കാൻ വേണ്ടി എക്സിറ്റ് പോയി തിരികെ വരണം. കുഞ്ഞിനെ കൊണ്ട് നാട്ടിൽ പോയി വരാം എന്ന് തീരുമാനിച്ചു. അത്യാവശ്യം കുഞ്ഞിന് വേണ്ടതും, വീട്ടിലേയ്ക്കുമായി ചെറിയ ഷോപ്പിംഗ് നടത്തി.എയർപോർട്ടിലേയ്ക്ക് ടാക്സി അറേഞ്ച് ചെയ്തു.വീട്ടിൽ നിന്നും ഇറങ്ങിയപ്പോൾ മുതൽ കുഞ്ഞ് നിർത്താതെ കരയാനും തുടങ്ങി, പാല് കൊടുത്തിട്ടും അവൾ കരച്ചിൽ നിർത്താൻ കൂട്ടാക്കിയില്ല. ഒരു സിഗ്നലിൽ വണ്ടി നിർത്താവെ സിഗ്നൽ തെറ്റിച്ച് കയറി വന്ന ഒരു ട്രക്ക് ഞങ്ങളുടെ ടാക്സിയെ ഇടിച്ച് തെറിപ്പിച്ചു.  

കണ്ണ് തുറന്നപ്പോൾ ആദ്യം ഒന്നും മന:സ്സിലായില്ല. കൈയ്യിലും കാലിലും plaster ദേഹം മുഴുവൻ നല്ല വേദന. ഏതോ മെഡിസിൻ തൂക്കിയിട്ടിരിക്കുന്നു. ആരൊക്കെയോ ചുറ്റിലും. മാനേജർ സുഡാനിയെ തിരിച്ചറിഞ്ഞു “എന്റെ ഭാര്യ  എന്റെ കുഞ്ഞ് ” അയാൾ എന്റെ കൈയ്യിൽ മുറുകെ പിടിച്ചു. “ദൈവം കനിഞ്ഞു കുഞ്ഞിന് ഒരു പോറൽ പോലും പറ്റിയിട്ടില്ല, പക്ഷേ നിന്റെ ഭാര്യ……. എല്ലാം ദൈവഹിതം ആണ് അങ്ങനെ ആശ്വസിക്കണം” ഒരു നേഴ്സ് കുഞ്ഞിനെ കൊണ്ടുവന്ന് അടുത്ത് കിടത്തി.     

മോള് വന്ന് കഴുത്തിലൂടെ കൈയിട്ട് ചേർന്ന് നിന്നു.” അച്ചൻ കരയുകയാണോ എന്താ അച്ചാ ഇത്. ഞാനില്ലേ എന്റെ അച്ചന്, വന്നേ നമുക്കൊന്ന് നടന്നിട്ട് വരാം വെറുതെ ഇങ്ങനെ ഇരിക്കുന്നതാണ് കുഴപ്പം.” കണ്ണ് തുടച്ച് അവൾക്കൊപ്പം പുറത്തേയ്ക്ക് ഇറങ്ങി. പടിഞ്ഞാറ് ചക്രവാളത്തിൽ സൂര്യൻ അതിന്റെ പ്രതാപം അവസാനിപ്പിച്ച് പതിയെ വിടവാങ്ങാൻ ഒരുങ്ങുന്നു. അസ്തമന സൂര്യനെ നോക്കി ഒന്ന് പുഞ്ചിരിച്ച് നിരത്തിലേയ്ക്ക് ഇറങ്ങി.റോഡിന്റെ ഇരുവശങ്ങളിലുമായി മൺചിരാതുകൾ തെളിക്കുന്ന കുട്ടികൾ.അവർക്കിടയിലൂടെ മകളുടെ കൈയ്യും പിടിച്ച് മുൻപോട്ട് …..

                  റോബിൻ കൈതപ്പറമ്പ്

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here