ബോക്‌സിങ് റിങ്ങില്‍ എതിരാളിയെ ഇടിച്ചിടു പോരാട്ട വീര്യം അവകാശത്തിനായുള്ള നിലപാടിലും പ്രകടിപ്പിച്ച കൗമാരക്കാരിയായ മുസ്‌ലിം അമേരിക്കന്‍ പെണ്‍കുട്ടി തന്റെ ആവശ്യം അംഗീകരിപ്പിക്കുന്നതില്‍ വിജയം കണ്ടു. ഹിജാബ് ധരിച്ച് ശരീരം പൂര്‍ണമായും മറച്ച് ബോക്‌സിങ് മത്സരത്തില്‍ പങ്കെടുക്കാന്‍ നിയമ യുദ്ധം നടത്തിയ അമയ്യ സഫര്‍ എ 16കാരിയാണ് അവകാശം പൊരുതി നേടിയത്. അമേരിക്കയിലെ മിസോട്ട ഓക്ടൈ. പ്രദേശത്തുനിന്നുള്ള മുസ്‌ലിം അമേരിക്കന്‍ ബോക്‌സറാണ് അമയ്യ. ശക്തമായ നിയമ പൊരാട്ടത്തിനൊടുവില്‍ യു.എസില്‍ പൂര്‍ണ വസ്ത്രം ധരിച്ച് ബോക്‌സിങ് മത്സരത്തില്‍ പങ്കെടുക്കാനാണ് താരം അനുമതി നേടിയത്. ഇതോടെ ഈ മാസം നടക്കുന്ന യു.എസ്.എ ബോക്‌സിങ് മത്സരത്തില്‍ അമയ്യക്ക് ഹിജാബ് ധരിച്ച് പങ്കെടുക്കാനാകും. 2020ല്‍ ടോക്യോയില്‍ നടക്കാനിരിക്കുന്ന ഒളിംപിക്‌സില്‍ അമേരിക്കക്കായി മത്സരിക്കാനിറങ്ങുന്നത് സ്വപ്‌നം കാണുന്ന പെണ്‍കുട്ടി അതിനുള്ള കഠിനമായ ശ്രമത്തിലാണിപ്പോള്‍.

ശരീരം കാണുന്ന തരത്തിലുള്ള ട്രൗസറുകള്‍ക്കു പകരം ശരീരം പൂര്‍ണമായും മറയുന്ന തരത്തിലുള്ള പാന്റും തല മറച്ച നിലയിലുള്ള വസ്ത്രങ്ങളും ധരിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ടാണ് അമയ്യ രംഗത്തിയത്. ഈ ആവശ്യത്തിനാണ് ഇപ്പോള്‍ അമേരിക്കയിലെ മിനിയപൊലിസില്‍ നടക്കുന്ന ചാംപ്യന്‍ഷിപ്പില്‍ അനുമതി ലഭിച്ചത്.
‘താരത്തിന് തന്റെ മതം നിഷ്‌കര്‍ഷിക്കുന്ന രീതിയില്‍ വസ്ത്രം ധരിച്ച് റിങ്ങില്‍ ഇറങ്ങാന്‍ കഴിയുകയെന്നത് വലിയ കാര്യമാണ്. അതാണ് ഇപ്പോള്‍ സഫലമായിരിക്കുന്നത് ‘ അമയ്യയുടെ പരിശീലകന്‍ നതാനെല്‍ ഹെയ്‌ലെ പറഞ്ഞു.
തന്റെ ലക്ഷ്യം 2020ല്‍ ടോക്യോയില്‍ നടക്കുന്ന ഒളിംപിക്‌സ് ആണെന്ന് അമയ്യ പറഞ്ഞു. ഒളിംപിക്‌സില്‍ ഹിജാബ് ധരിച്ച് മത്സരിക്കുന്നതിന് അന്താരാഷ്ട്ര ബോക്‌സിങ് അസോസിയേഷന്റെ അനുമതി ലഭിക്കണമെന്ന് താരം വ്യക്തമാക്കി. നേരത്തെ ഹിജാബ് ധരിച്ച് മത്സരിക്കാന്‍ ഇറങ്ങവേ അധികൃതര്‍ അനുമതി നിഷേധിച്ചിരുന്നു . ഇതേ തുടര്‍ന്നാണ് അമയ്യ അവകാശത്തിനായി പോരാട്ടം ആരംഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here