രാജ്യാന്തര എയര്‍ലൈനായ ജെറ്റ് എയര്‍വെയ്‌സ് ആഭ്യന്തര നെറ്റ്‌വര്‍ക്ക് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മൂന്ന് നഗരങ്ങളെ ബന്ധിപ്പിച്ച് 42 പ്രതിവാര സര്‍വീസുകള്‍ കൂടി ആരംഭിക്കുന്നു. പ്രധാന മെട്രോകള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ സര്‍വീസുകളും വലിയ വിമാനങ്ങളുമായി വേനലിലെ തിരക്കിനെ നേരിടാന്‍ ജെറ്റ് എയര്‍വെയ്‌സ് ഒരുങ്ങി കഴിഞ്ഞു.

നാഗ്പൂര്‍-ന്യൂഡല്‍ഹി, ലക്‌നൗ-കൊല്‍ക്കത്ത, കോഴിക്കോട്-ബംഗളൂരു തുടങ്ങിയ റൂട്ടുകളിലാണ് പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നത്. കൂടാതെ തിരക്കേറെയുള്ള ഡല്‍ഹി- അമൃത്‌സര്‍, മുംബൈ-കൊല്‍ക്കത്ത റൂട്ടുകളില്‍ സര്‍വീസുകളുടെ എണ്ണവും വര്‍ധിപ്പിക്കുന്നുണ്ട്.

ന്യൂഡല്‍ഹി-ബംഗളൂരു, ന്യൂഡല്‍ഹി-ഭോപാല്‍ എന്നീ റൂട്ടുകളില്‍ യഥാക്രമം എയര്‍ബസ് എ330, ബോയിങ് 737 വിമാനങ്ങള്‍ ഉപയോഗിച്ച് ശേഷി കൂട്ടും. ജെറ്റ് എയര്‍വെയ്‌സ് വേനല്‍ ഷെഡ്യൂളിന്റെ ഭാഗമായാണ് മാറ്റങ്ങള്‍. പുതിയ ഷെഡ്യൂള്‍ അനുസരിച്ച് ഇന്ത്യയിലും വിദേശത്തുമുള്ള 65 ലക്ഷ്യങ്ങളിലേക്ക് ദിവസവും എയര്‍ലൈന്റെ 650 സര്‍വീസുകളുണ്ടാകും.

പുതിയ സര്‍വീസുകള്‍ മെയ് ഒന്നിന് ആരംഭിക്കും. ബംഗളൂരു-കോഴിക്കോട് സെക്ടറില്‍ ബംഗളൂരുവില്‍ നിന്നും 1.15ന് പുറപ്പെടുന്ന ഫ്‌ളൈറ്റ് 2.30ന് കോഴിക്കോട് എത്തും. തിരിച്ച് കോഴിക്കോടു നിന്നും 2.55ന് പുറപ്പെട്ട് 4.05ന് ബംഗളൂരുവില്‍ എത്തും.

വേനലവധിക്ക് ഉണ്ടാകാവുന്ന തിരക്ക് കണക്കിലെടുത്താണ് വേനല്‍ ഷെഡ്യൂള്‍ തയ്യാറാക്കിയിരിക്കുന്നതെന്നും സര്‍വീസുകളുടെ എണ്ണവും ഫ്‌ളൈറ്റ് ശേഷിയും വര്‍ധിപ്പിക്കുന്നത് യാത്രക്കാര്‍ക്ക് ഈ അവധിക്കാലത്ത് തെരഞ്ഞെടുക്കാന്‍ കൂടുതല്‍ അവസരങ്ങളൊരുക്കുമെന്നും ജെറ്റ് എയര്‍വെയ്‌സ് ചീഫ് കമേഴ്‌സ്യല്‍ ഓഫീസര്‍ ജയരാജ് ഷണ്‍മുഖം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here