ചോക്കലേറ്റ് പ്രേമികളായ കുട്ടികളെ പല്ല് ചീത്തയാകുമെന്ന് പറഞ്ഞായിരുന്നു രക്ഷിതാക്കള്‍ ഇതുവരെ ചോക്കലേറ്റ് കഴിക്കുന്നതില്‍ നിന്ന് വിലക്കിയിരുന്നത്. എന്നാല്‍ ഡാര്‍ക്ക് ചോക്കലേറ്റ് തലച്ചോറിനെ വിവിധ അസുഖങ്ങളില്‍നിന്ന് രക്ഷിക്കുമെന്നും പ്രായമേറുമ്പോള്‍ ഉണ്ടാവുന്ന അല്‍ഷിമേഴ്‌സടക്കമുള്ള രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുമെന്നുമാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്.കാലിഫോര്‍ണിയ യൂനിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ചോക്കലേറ്റിനെക്കുറിച്ചുള്ള കൗതുകകരമായ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

ഓര്‍മശക്തി നിലനിര്‍ത്താനും തലച്ചോറിനെ ആരോഗ്യത്തോടെ നിലനിര്‍ത്താനും സഹായിക്കുന്ന പല വിറ്റാമിനുകളും ഡാര്‍ക്ക് ചോക്കലേറ്റില്‍ അടങ്ങിയിട്ടുണ്ട്. പ്രായമാകുമ്പോള്‍ തലച്ചോറിന്റെ താളം തെറ്റിക്കുന്ന ഓക്‌സിഡേറ്റീവുകള്‍ മൂലമുണ്ടാകുന്ന സമ്മര്‍ദം, അല്‍ഷിമേഴ്‌സ് തുടങ്ങിയ അസുഖങ്ങള്‍ ഒരു പരിധിവരെ തടയാനും ഡാര്‍ക്ക് ചോക്കലേറ്റിനാകുമെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്.

എലികളിലാണ് അവര്‍ പരീക്ഷണം നടത്തിയത്. ഇതിനായി പ്രായമേറിയ എലികള്‍ക്ക് ചോക്കലേറ്റ് നല്കുകയും കുഞ്ഞെലികളുടെ മാനസികനിലയോട് അവയുടെ മാനസികനില താരതമ്യം നടത്തുകയും ചെയ്തു. രണ്ടാഴ്ചക്കാലം നീണ്ടുനിന്ന പരീക്ഷണത്തില്‍ രണ്ട് കൂട്ടം എലികളുടെയും മാനസിക അവസ്ഥ ഒരേപോലെ കാണപ്പെട്ടെന്ന് ഗവേഷകര്‍ അറിയിച്ചു. പരീക്ഷണത്തിനുപയോഗിച്ച 26 മാസം പ്രായമുള്ള എലികളുടെ മാനസിക നിലയിലുണ്ടായ മാറ്റം അത്ഭുതപ്പെടുത്തിയെന്നും അവയുടെ ശരീരത്തിലെ ഓക്‌സിഡേറ്റീവ് സമ്മര്‍ദത്തില്‍ ഞെട്ടിപ്പിക്കുന്ന വ്യത്യാസമുണ്ടായെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു.

എലികളില്‍ പരീക്ഷിച്ച് വിജയിച്ചതിനാലും മനുഷ്യരില്‍ വൈറ്റ് ചോക്കലേറ്റും ഡാര്‍ക്ക് ചോക്കലേറ്റും ഉണ്ടാക്കുന്ന ഹോര്‍മോണ്‍ വ്യതിയാനം പരീക്ഷിച്ച് തെളിഞ്ഞിട്ടുള്ളതിനാലും ഇതൊരു വഴിത്തിരിവാകും എന്ന് പ്രതീക്ഷിക്കുന്നതായും അധികമായാല്‍ അമൃതും വിഷം എന്നത് ഓര്‍ക്കണമെന്നും എക്‌സ്പിരിമെന്റല്‍ ബയോളജി മാഗസിനില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു

LEAVE A REPLY

Please enter your comment!
Please enter your name here