ഐ.പി.എല്‍ മഹാരാഷ്ട്ര നാട്ടങ്കത്തില്‍ റൈസിങ് പൂനെ സൂപ്പര്‍ജയ്ന്റ് മൂന്ന് റണ്‍സിന് വിജയം പൊരുതി നേടി. ആദ്യം ബാറ്റ് ചെയ്ത പൂനെ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുത്തു. വിജയം പിന്തുടര്‍ന്ന മുംബൈയുടെ പോരാട്ടം 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സില്‍ അവസാനിപ്പിച്ചാണ് പൂനെ ഏഴ് കളികളില്‍ നാലാം വിജയം സ്വന്തമാക്കിയത്. വിജയത്തിലേക്ക് കുതിക്കുകയായിരുന്ന മുംബൈയെ മികച്ച ബൗളിങിലൂടെ പൂനെ പിടിച്ചുകെട്ടുകയായിരുന്നു.
അവസാന നിമിഷം വരെ നായകന്‍ രോഹിത് ശര്‍മ പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല. രോഹിത് 39 പന്തില്‍ ആറ് ഫോറും മൂന്ന് സിക്‌സും പറത്തി 58 റണ്‍സെടുത്തു. അവസാന ഓവറില്‍ മുംബൈയ്ക്ക് 17 റണ്‍സ് വേണമായിരുന്നു. ഈ ഓവറില്‍ മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെട്ട അവര്‍ക്ക് സ്‌കോര്‍ ചെയ്യാന്‍ സാധിച്ചത് 13 റണ്‍സ് മാത്രം. അവസാന ഓവര്‍ എറിഞ്ഞ ജയദേവ് ഉനദ്കട് ഈ ഓവറില്‍ ഹര്‍ദിക് പാണ്ഡ്യ, രോഹിത് ശര്‍മ എന്നിവരെ മടക്കി.
ഓപണര്‍ പാര്‍ഥിവ് പട്ടേല്‍ (27 പന്തില്‍ 33) തിളങ്ങി. ജോസ് ബട്‌ലര്‍ (17), നിതീഷ് റാണ (മൂന്ന്), കരണ്‍ ശര്‍മ (11), പൊള്ളാര്‍ഡ് (ഒന്‍പത്) എന്നിവര്‍ പുറത്തായി. പൂനെയ്ക്കായി ബെന്‍ സ്റ്റോക്‌സും ഉനദ്കടും രണ്ട് വീതം വിക്കറ്റുകളും വഷിങ്ടന്‍ സുന്ദര്‍, ഡാന്‍ ക്രിസ്റ്റ്യന്‍, ഇമ്രാന്‍ താഹിര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
നേരത്തെ സ്വന്തം തട്ടകത്തില്‍ ടോസ് നേടി മുംബൈ ബൗളിങ് തിരഞ്ഞെടുത്തു. മികച്ച തുടക്കം ലഭിച്ചിട്ടും അത് വലിയ സ്‌കോറിലെത്തിക്കാനുള്ള പോരാട്ട വീര്യം പൂനെ പുറത്തെടുത്തില്ല. ഓപണര്‍ അജിന്‍ക്യ രഹാനെ (32 പന്തില്‍ 38), ത്രിപതി (31 പന്തില്‍ 45) എന്നിവര്‍ മികച്ച ബാറ്റിങ് പുറത്തെടുത്തു. 11ാം ഓവറിന്റെ മൂന്നാം പന്തില്‍ ത്രിപതി പുറത്താകുമ്പോള്‍ പൂനെ സ്‌കോര്‍ 93 റണ്‍സിലെത്തിയിരുന്നു.
എന്നാല്‍ പിന്നീടെത്തിയ പൂനെ താരങ്ങളെല്ലാം പരുങ്ങി. സ്മിത്ത് (17), ധോണി (ഏഴ്), സ്റ്റോക്‌സ് (17) എന്നിവര്‍ കുറഞ്ഞ സ്‌കോറില്‍ കൂടാരം കയറി. ആറാമനായി ക്രീസിലെത്തിയ മനോജ് തിവാരി 13 പന്തില്‍ 22 റണ്‍സെടുത്ത് സ്‌കോര്‍ 150 കടത്തുകയായിരുന്നു.
മുംബൈയ്ക്കായി ബുമ്‌റ, ക്രുനല്‍ പാണ്ഡ്യയ്ക്ക് പകരം ടീമില്‍ കളിച്ച കരണ്‍ ശര്‍മ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. മിച്ചല്‍ ജോണ്‍സന്‍, ഹര്‍ഭജന്‍ സിങ് എന്നിവര്‍ ഓരോ വിക്കറ്റും പിഴുതു.

LEAVE A REPLY

Please enter your comment!
Please enter your name here