ചൂളം വിളി……..

ആത്മഹത്യ ചെയ്യുവാൻ തീരുമാനിച്ചാണ് അയാൾ ആ റെയിൽവേ ട്രാക്കിലെത്തിയത്…..അകലെ നിന്നും വരുന്ന ട്രെയിനിന്റെചൂളം വിളി വ്യക്തമായി കേൾക്കാം….. പൊടുന്നനെ അയാൾ തൊട്ടപ്പുറത്തെ ട്രാക്കിൽ ഒരു സ്ത്രീയെ കണ്ടു…. അവളും തന്നെപ്പോലെ മരിക്കാൻ തീർച്ചപ്പെടുത്തിയാണ് വന്നിരിക്കുന്നത്….. ട്രെയിനിന്റെചൂളം വിളി തൊട്ടടുത്തെത്തി… തൽക്ഷണം അയാൾ ഒന്നും ആലോചിച്ചില്ല… അവളെ ട്രാക്കിൽ നിന്നും വലിച്ചു പുറത്തിട്ടു….. ” എന്തിനെന്നെ രക്ഷിച്ചു?… ജീവിതം മടുത്തവളാണു ഞാൻ ”    അവളുടെ ചോദ്യത്തിനു മുമ്പിൽ അയാൾ പതറിപ്പോയി…” ഞാനും മരിക്കാൻ വന്നവനാണ്.. പക്ഷേ.. എന്തോ… ആ നിമിഷത്തിൽ എനിക്ക് അങ്ങനെ തോന്നി…     നമുക്കു കുറച്ചു നേരം സ്റ്റേഷനിലെ ബഞ്ചിലിരുന്നാലോ? ” അവൾ സമ്മതിച്ചു… അവർ പരസ്പരം മനസ്സുതുറന്നു… അവളുടേത് ഒരു പ്രണയ വിവാഹമായിരുന്നു… നീണ്ട വർഷങ്ങൾക്കു ശേഷവും അവർക്ക് കുട്ടികളുണ്ടായില്ല…. ആ ദു:ഖത്തിൽ കഴിയവേ ആണ് ഭർത്താവിന്റെ ആകസ്മിക  മരണം… വീട്ടുകാർ ആരും സഹായത്തിനില്ല… അവൾ തീർത്തും ഒറ്റപ്പെട്ടു പോയി…. ഒരു പക്ഷേ ഒരു കുഞ്ഞുണ്ടായിരുന്നെങ്കിൽ അതിനെയോർത്തെങ്കിലും  ജീവിക്കുവാൻ ശ്രമിക്കുമായിരുന്നു… അവൾ നെടുവീർപ്പിട്ടു…. അപ്പോഴാണ് അയാളുടെ കഥ പറഞ്ഞത്… നീണ്ട പത്തു വർഷത്തെ ജീവിതത്തിനു ശേഷം അയാൾ വിവാഹമോചിതനായി…. തെറ്റുകൾ അയാളുടെ ഭാഗത്ത് അല്ലായിരുന്നു…. വലപ്പോഴും കാണുന്ന രണ്ട് ആൺ മക്കൾ…. അവർ ഭാര്യയുടെ കൂടെ ആയതിനാൽ അയാളിൽ നിന്നും അവർ ഒത്തിരി അകറ്റി നിർത്തി…. അയാളെക്കുറിച്ച്  ദുഷ്ടനെന്ന ഒരു ചിത്രം അവർ വരച്ചുണ്ടാക്കി…. അച്ഛനെ കാണേണ്ട എന്ന് പറഞ്ഞ് അവർ പലപ്പോഴും കുതറിയോടുമായിരുന്നു…… ആ ദു:ഖം താങ്ങാനാകാതെയാണ്  മരിക്കാൻ ഇവിടെ എത്തിയത്… ഒരു വശത്ത് കുട്ടികളില്ലാതെ ഭർത്താവ് മരണപ്പെട്ട വിധവ…. മറുവശത്താകട്ടെ കുട്ടികളുണ്ടെങ്കിലും ഇല്ലാത്തതിനു സമാനമായ മറ്റൊരാളും…. പെട്ടെന്നാണ് ഒരു കൊച്ചു കുഞ്ഞിന്റെ ദയനീയമായ കരച്ചിൽ അവർ കേട്ടത്…. ട്രാക്കിൽ ഒരു ചോര കുഞ്ഞ്…. ആരോ ഉപേക്ഷിച്ചു പോയ ഒരു മിടുക്കൻ കുട്ടി…. അവൾ അവനെ വാരിയെടുത്തു…. അയാൾ ആ കുഞ്ഞിന്റെ നെറ്റിയിൽ ചുംബിച്ചു… ”നമുക്കു മരിക്കേണ്ട…. ഇവനു വേണ്ടി ജീവിച്ചാലോ? ”.  അവളുടെ കണ്ണുനീർ തുളളി വീണ് കുഞ്ഞ് കരച്ചിൽ നിർത്തി…. അവൻ കുഞ്ഞുമോണകാട്ടി അവരെ നോക്കി ഒന്നു പുഞ്ചിരിച്ചു… ട്രെയിനിന്റെചൂളം വിളിയുടെ ശബ്ദം കുറഞ്ഞു വന്നു… അവർ ഒരുമിച്ച് അവിടെ നിന്നും പതുക്കെ നടന്നകന്നു…..

~~ ~ ~ ഹരിമേനോൻ ~ ~ ~

hari

LEAVE A REPLY

Please enter your comment!
Please enter your name here