ഉത്തര കൊറിയയുടെ സൈനിക സ്ഥാപക ദിനത്തിന്റെ 85ാം വാര്‍ഷിക ദിനത്തില്‍ യുദ്ധഭീതി സൃഷ്ടിച്ച് യു.എസ് ആണവ മുങ്ങിക്കപ്പല്‍ ദ.കൊറിയന്‍ തീരത്ത് നങ്കൂരമിട്ടു. കൊറിയന്‍ കടലിലേക്ക് നീങ്ങുന്ന യു.എസ്.എസ് കാള്‍ വിന്‍സണ്‍ സൂപ്പര്‍ കാരിയറിന് പിന്തുണയുമായാണ് യു.എസ്.എസ് മിഷിഗണ്‍ എന്ന മുങ്ങിക്കപ്പല്‍ ദ.കൊറിയന്‍ തീരത്തെത്തിയത്.
ഉത്തര കൊറിയ വീണ്ടും ആണവ മിസൈല്‍ പരീക്ഷിച്ചേക്കുമെന്ന സൂചനകള്‍ നിലനില്‍ക്കെയാണ് യു.എസ് സൈനിക പടയൊരുക്കം നടത്തുന്നത്.

ദക്ഷിണ കൊറിയന്‍ കടലിലാണ് യു.എസ് മുങ്ങിക്കപ്പല്‍ നങ്കൂരമിട്ടതെന്ന് ദ.കൊറിയന്‍ പത്രമായ ചൗസുണ്‍ ഇല്‍ബോ റിപ്പോര്‍ട്ട് ചെയ്തു.
ഇന്നലെ ഉത്തര കൊറിയന്‍ സൈന്യത്തിന്റെ 85ാം സ്ഥാപക ദിനമായിരുന്നു. യു.എസ് സൈന്യത്തിന്റെ സൂപ്പര്‍ കാരിയറായി അറിയപ്പെടുന്ന യു.എസ്.എസ് കാള്‍ വിന്‍സണ്‍ തങ്ങള്‍ ആക്രമിച്ച് മുക്കുമെന്ന് കഴിഞ്ഞ ദിവസം ഉത്തര കൊറിയ അവകാശപ്പെട്ടിരുന്നു. കാള്‍ വിന്‍സണിനെ യു.എസ്.എസ് മിഷിഗണ്‍ എന്ന മിസൈല്‍ വിക്ഷേപണ ശേഷിയുള്ള കപ്പലും അനുഗമിക്കുന്നുണ്ട്.
ദക്ഷിണ കൊറിയയിലെ ബുസാന്‍ തുറമുഖത്താണ് യു.എസ്.എസ് മിഷിഗണ്‍ നങ്കൂരമിട്ടത്. 154 തോമാഹാക് ക്രൂയിസ് മിസൈലുകളാണ് യു.എസ്.എസ് മിഷിഗണില്‍ ഉള്ളത്. ആണവ മിസൈലുകളും വഹിക്കാന്‍ ഇതിന് ശേഷിയുണ്ട്. 60 സ്‌പെഷല്‍ ഓപറേഷന്‍ സൈനികരും സഹായികളും മുങ്ങിക്കപ്പലിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here