ഡല്‍ഹി മുനിസിപ്പല്‍ (എം.സി.ഡി) തെരഞ്ഞെടുപ്പില്‍ എ.എ.പി തോല്‍വി ഏറ്റുവാങ്ങിയതോടെ ബി.ജെ.പിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. മുന്‍ നിലപാടുകളില്‍ നിന്ന് വ്യത്യസ്തമായി, വോട്ടിങ് മെഷീനുകള്‍ക്കെതിരായ ആരോപണങ്ങളെല്ലാം ഒഴിവാക്കിയാണ് കെജ്‌രിവാള്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പ് ഫലത്തെ നേരിട്ടത്.

മൂന്ന് എം.സി.ഡികളിലും വിജയിച്ചതില്‍ ബി.ജെപിയെ അഭിനന്ദിക്കുന്നു. ഡല്‍ഹിയുടെ അഭിവൃദ്ധിക്കായി എം.സി.ഡികളുമായി തന്റെ സര്‍ക്കാര്‍ ഒന്നിച്ചു പ്രവര്‍ത്തിക്കും
-കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു

അതേസമയം, ആം ആദ്മിയിലെ ചില നേതാക്കള്‍ വോട്ടിങ് മെഷീനെ കുറ്റപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്. ഇത് മോദി തരംഗമല്ലെന്നും വോട്ടിങ് മെഷീന്‍ തരംഗമാണെന്നും എ.എ.പി നേതാവ് ഗോപാല്‍ റായി പറഞ്ഞു.

എക്‌സിറ്റ് പോള്‍ ഫലം പോലെയാണ് തെരഞ്ഞെടുപ്പ് ഫലമെങ്കില്‍ പ്രക്ഷോഭം തുടങ്ങുമെന്ന് കെജ്‌രിവാള്‍ തിങ്കളാഴ്ച പറഞ്ഞിരുന്നു. ബി.ജെ.പി വിജയിക്കുമെന്ന എക്‌സിറ്റ് പോള്‍ ഫലം വന്നയുടനെയായിരുന്നു കെജ്‌രിവാളിന്റെ പ്രതികരണം.

”ഇങ്ങനെയാണ് ഫലം വരുന്നതെങ്കില്‍ യു.പിയിലും പഞ്ചാബിലും പൂനെയിലും മുംബൈയിലും സംഭവിച്ചതു പോലെ ഇവിടെയും വോട്ടിങ് മെഷീന്‍ ക്രമക്കേട് നടന്നുവെന്ന് തെളിയും. ഞങ്ങള്‍ പ്രക്ഷോഭത്തിന്റെ ഉല്‍പന്നമാണ്. അധികാരത്തിന്റെ സന്തോഷം ആസ്വദിക്കാനല്ല ഞങ്ങള്‍ ഇവിടെയുള്ളത്. ഞങ്ങള്‍ പ്രക്ഷോഭത്തിലേക്ക് മടങ്ങും”- കെജ്‌രിവാള്‍ പ്രഖ്യാപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here