പ്രവാസ ലോകത്തെ നിരന്തര പ്രവര്‍ത്തനങ്ങളുടെ ഫലമായി നോര്‍ക്കയില്‍ അപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായതായി പ്രവാസി ആക്ടിവിസ്റ്റ് അബ്ദുല്‍ റഊഫ് കൊണ്ടോട്ടി പറഞ്ഞു. നേരത്തെ ഒന്നുമുതല്‍ ഒന്നര മാസം വരെ സമയത്തിനകം അപേക്ഷിച്ചവര്‍ക്ക് പ്രവാസി തിരിച്ചറിയല്‍ കാര്‍ഡുകള്‍ ലഭിച്ചിരുന്നു. എന്നാലിപ്പോള്‍ എണ്‍പതിനായിരത്തോളം അപേക്ഷകളാണ് നോര്‍ക്ക ഓഫിസില്‍ കാര്‍ഡ് നല്കാനായുള്ളത്. കഴിഞ്ഞ നവംബറില്‍ അപേക്ഷിച്ചവര്‍ക്കാണ് ഇപ്പോള്‍ കാര്‍ഡുകള്‍ നല്കിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 
 
അപേക്ഷകള്‍ വര്‍ധിച്ചതോടെ നോര്‍ക്കയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധിതമായിരിക്കുകയാണ്. അതേതുടര്‍ന്ന് അപേക്ഷകള്‍ രേഖകളാക്കാനായി ഡാറ്റാ എന്‍ട്രി ജോലികള്‍ നിര്‍വഹിക്കാന്‍ കുടുംബശ്രീകളെ സര്‍ക്കാര്‍ ഏല്‍പ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതോടെ പതിനെട്ടായിരത്തോളം കാര്‍ഡുകളുടെ പ്രിന്റിംഗ് പൂര്‍ത്തിയാവുകയും പന്ത്രണ്ടായിരത്തോളം കാര്‍ഡുകള്‍ തയ്യാറായിട്ടുമുണ്ട്. 
 
പ്രവാസികള്‍ക്ക് വേണ്ടി കേന്ദ്രസര്‍ക്കാറിന് വളരെ കുറവ് പദ്ധതികള്‍ മാത്രമാണുള്ളത്. അവയിലൊന്ന് നിര്‍ത്തലാക്കാനാണ് കേന്ദ്ര സര്‍ക്കാറിന്റെ പരിപാടികളെന്നും അദ്ദേഹം പറഞ്ഞു. അപേക്ഷകരുടെ കുറവിനെ തുടര്‍ന്നാണ് മഹാത്മാ ഗാന്ധിയുടെ പേരിലുള്ള പദ്ധതി നിര്‍ത്തലാക്കാന്‍ ശ്രമിക്കുന്നതെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here