ആര്‍ട്ട് ഓഫ് ലിവിംഗ് സ്ഥാപകന്‍ ശ്രീശ്രീ രവിശങ്കറിന് ദേശീയ ഹരിത ട്രിബ്യൂണല്‍ കോടതിയലക്ഷ്യ നോട്ടിസ്‌ അയച്ചു.

ജസ്റ്റിസ് സ്വതേന്ദര്‍ കുമാര്‍ അധ്യക്ഷനായ ബഞ്ചാണ് സര്‍ക്കാറിനേയും ഹരിത ട്രിബ്യൂണലിനേയും രവിശങ്കര്‍ അപമാനിച്ചെന്ന ഹരജിയില്‍ നോട്ടിസ് അയച്ചത്. മെയ് ഒന്‍പതിനു മുന്‍പ് നോട്ടിസിനു രവിശങ്കര്‍ വിശദീകരണം നല്‍കണം.

യമുനാ നദീ തീരത്തു നടത്തിയ ലോക സാംസ്‌കാരിക സമ്മേളനം മൂലം പരിസ്ഥിതിക്കുണ്ടായ നാശത്തിന് ഉത്തരവാദികള്‍ ദേശീയ ഹരിത ട്രിബ്യൂണലും ഡല്‍ഹി സര്‍ക്കാറുമാണെന്ന് രവിശങ്കര്‍ പറഞ്ഞിരുന്നു.

ഹരിത ട്രിബ്യൂണലും ഡല്‍ഹി സര്‍ക്കാറുമാണ് സമ്മേളനം നടത്താന്‍ അനുമതി തന്നത്. സമ്മേളനം നടത്തിയതുമൂലം യമുനാ തീരം ദുര്‍ബലമായെങ്കില്‍ അധികാരികള്‍ യാതൊരു കാരണവശാലും അനുമതി തരേണ്ടിയിരുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

എന്നാല്‍ ഈ വാദം നീതിന്യായ വ്യവസ്ഥയുടെ സ്വതന്ത്രവും നീതിയുക്തവുമായ പ്രവര്‍ത്തനത്തെ അപമാനിക്കുന്നതാണെന്നു ചൂണ്ടിക്കാട്ടിയാണ് മനോജ് മിശ്ര എന്നയാള്‍ ട്രിബ്യൂണലിനെ സമീപിച്ചത്.

സര്‍ക്കാറിനേയും ഹരിത ട്രിബ്യൂണലിനേയും കുറ്റപ്പെടുത്തിക്കൊണ്ടുള്ള പ്രസ്താവനയ്‌ക്കെതിരേ ട്രിബ്യൂണലും രംഗത്തെത്തിയിരുന്നു.

രവിശങ്കറിന് ഉത്തരവാദിത്വ ബോധമില്ലെന്നു കോടതി പറഞ്ഞു. എന്തും പറയാനുള്ള സ്വാതന്ത്യം ഉണ്ടെന്നാണോ രവിശങ്കറിന്റെ വിചാരമെന്നും കോടതി രൂക്ഷഭാഷയില്‍ ചോദിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here