സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ച് ഒരാഴ്ച പൂര്‍ത്തിയായിട്ടും ടി പി സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവിയാക്കി നിയമിച്ചില്ലങ്കില്‍ കോര്‍ട്ടലക്ഷ്യത്തിന് ഹര്‍ജി നല്‍കാന്‍ തീരുമാനം.

സെന്‍കുമാറിന്റെ അഭിഭാഷകരിലൊരാളായ ഹാരീസ് ബീരാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. പരമാവധി തിങ്കളാഴ്ച രാവിലെ വരെ സമയം കൊടുക്കും. അതിന് ശേഷം ചീഫ് സെക്രട്ടറിയെ കക്ഷിയാക്കി സംസ്ഥാന സര്‍ക്കാറിനെതിരെ ക്വാര്‍ട്ടലക്ഷ്യ നടപടിയുമായി മുന്നോട്ടു പോകും. ഇതു സംബന്ധമായി മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണുമായി സെന്‍കുമാര്‍ ആശയ വിനിമയം നടത്തിയതായാണ് സൂചന.

മെയ് 10ന് സുപ്രീംകോടതി മധ്യവേനലവധിക്ക് അടക്കുന്ന സാഹചര്യം കൂടി പരിഗണിച്ചാണ് അടിയന്തര തീരുമാനം.

ജൂണ്‍ 29ന് സെന്‍കുമാര്‍ വിരമിക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ ഇല്ലാത്തതിനാലാണ് കോര്‍ട്ടലക്ഷ്യ നടപടിയുമായി മുന്നോട്ട് പോകുന്നത്.

സെന്‍കുമാറിനെ മാറ്റി പൊലീസ് മേധാവിയായി ലോക്‌നാഥ് ബഹ്‌റയെ നിയമിച്ച ഉത്തരവ് തന്നെ സുപ്രീം കോടതി റദ്ദാക്കിയതിനാല്‍ ഇപ്പോള്‍ ബഹ്‌റ സംസ്ഥാന പൊലീസ് മേധാവി എന്ന നിലയില്‍ തുടരുന്നുണ്ടെങ്കില്‍ അതും ഗുരുതരമായ കോര്‍ട്ടലക്ഷ്യവും നിയമവിരുദ്ധവുമായതിനാല്‍ അക്കാര്യങ്ങളും സെന്‍കുമാറിന്റെ അഭിഭാഷകര്‍ പരിശോധിക്കുന്നുണ്ട്.

അതേ സമയം, നിയമവകുപ്പ് സെക്രട്ടറി സെന്‍കുമാറിനെ നിയമിക്കണമെന്ന റിപ്പോര്‍ട്ട് നല്‍കിയ സ്ഥിതിക്ക് അദ്ദേഹത്തിന് നിയമനം നല്‍കണമെന്ന അഭിപ്രായം ഇടതുപക്ഷ നേതാക്കളില്‍ ശക്തമാണെങ്കിലും മുഖ്യമന്ത്രി ഇതുവരെ മനസ്സ് തുറന്നിട്ടില്ല.

യുപിയില്‍ ആദിത്യനാഥ് സര്‍ക്കാര്‍ ഐ പി എസ് ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റിയ സാഹചര്യത്തില്‍ എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്ര സര്‍ക്കാറിനെയും കക്ഷികളാക്കി റിവ്യൂ പെറ്റിഷന്‍ നല്‍കണമെന്ന വാദം ചില സിപിഎം നേതാക്കള്‍ ഉയര്‍ത്തുന്നുമുണ്ട്.

എന്നാല്‍ നിയമപരമായി നിലനില്‍ക്കുന്ന വാദങ്ങളല്ല ഇതെന്നാണ് പാര്‍ട്ടിയിലെ തന്നെ മുതിര്‍ന്ന അഭിഭാഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

പൊതുജനങ്ങളില്‍ അതൃപ്തിയുള്ള ഉദ്യോഗസ്ഥരെ മാറ്റാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് അധികാരമുണ്ടെങ്കിലും സെന്‍കുമാറിന്റെ കാര്യത്തില്‍ കേരളം ഉന്നയിച്ച പുറ്റിങ്ങല്‍ വെടിക്കെട്ടപകടം, ജിഷ കേസുകള്‍ സുപ്രീം കോടതി തന്നെ തള്ളി കളയുകയും രാഷ്ട്രീയ താല്‍പര്യത്തെ കുറിച്ച് വ്യക്തമായി പരാമര്‍ശിക്കുകയും ചെയ്തതിനാല്‍ പുന:പരിശോധനാ ഹര്‍ജിയുമായി ചെന്നാല്‍ കൂടുതല്‍ കുഴപ്പത്തിലാകുമെന്നാണ് നിയമ വിദഗ്ദരും ചൂണ്ടിക്കാട്ടുന്നത്.

സുപ്രീം കോടതി ഉത്തരവ് വന്ന് 4 ദിവസം പിന്നിട്ടിട്ടും സെന്‍കുമാറിന് നിയമനം നല്‍കാത്ത സാഹചര്യത്തില്‍ ഇപ്പോള്‍ തന്നെ കോര്‍ട്ടലക്ഷ്യം സംസ്ഥാന സര്‍ക്കാര്‍ ചെയ്തു കഴിഞ്ഞതായി പ്രമുഖ അഭിഭാഷകന്‍ കാളീശ്വരം രാജ് ചൂണ്ടിക്കാട്ടി. വലിയ പ്രത്യാഘാതമാണ് ഈ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറിനെ കാത്തിരിക്കുന്നതെന്നാണ് അദ്ദേഹം നല്‍കുന്ന മുന്നറിയിപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here