ഷിക്കാഗോ: ജൂലൈ ഒന്നു മുതല്‍ നാലുവരെ ഡിട്രോയിറ്റില്‍ വച്ചു നടത്തുന്ന അന്തര്‍ദേശീയ ഹിന്ദു സംഗമത്തില്‍ ജോര്‍ജിയയില്‍ നിന്നും ഹിന്ദു കുടുംബങ്ങള്‍ പങ്കുചേരുന്നു. അറ്റ്‌ലാന്റയില്‍ വച്ചു അമ്പലം ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വിഷു മഹോത്സവത്തില്‍ കെ.എച്ച്.എന്‍.എ പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍ മുഖ്യാതിഥിയായിരുന്നു.

വിശ്വമാനവീകതയും സഹജീവിസൗഹാര്‍ദവും സമന്വയിക്കുന്ന ഏകാന്തസങ്കല്പം സനാതനധര്‍മ്മത്തിന്റെ ആധാരശിലയാണെന്നും ലോകത്തിന്റെ എല്ലാ വിശ്വാസങ്ങളേയും സര്‍വ്വാത്മനാ സ്വാഗതം ചെയ്ത ജനതയാണ് ഭാരതീയരെന്നും പ്രസിഡന്റ് അദ്ദേഹത്തിന്റെ ആമുഖ പ്രസംഗത്തില്‍ പറഞ്ഞു. ധര്‍മ്മാചരണത്തിന്റെ വര്‍ധിച്ചുവരുന്ന പ്രസക്തിയും കാലോചിതമായ പുനരാഖ്യാനങ്ങളും ചര്‍ച്ച ചെയ്യപ്പെടുന്ന സമ്മേളനത്തിന്റെ പ്രമേയങ്ങളും പ്രഖ്യാപനങ്ങളും അദ്ദേഹം വിശദമായി പ്രതിപാദിച്ചു.

അമ്പലം ഗ്രൂപ്പിന്റെ വിവിധ കലാപരിപാടികള്‍ക്കു വിജയകുമാര്‍, ബീനാ കുമാര്‍, മായാ നായര്‍, സതീഷ് മേനോന്‍, രേഖാ വിജയകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. അറ്റ്‌ലാന്റ കഴിഞ്ഞ് അഗസ്റ്റയില്‍ നടന്ന സായാഹ്ന കുടുംബ സമ്മേളനത്തിലും പ്രസിഡന്റ് പങ്കെടുത്തു. ധര്‍മ്മസംസ്ഥാപനത്തില്‍ ആനുകാലിക അമേരിക്കന്‍ സമൂഹം അനുവര്‍ത്തിക്കേണ്ട മുന്‍കരുതലുകളും, അവശരും അഗതികളുമായ മലയാളി സഹോദരങ്ങളെ സഹായിക്കാനുള്ള കര്‍മ്മപദ്ധതികളും കുടുംബസംഗമത്തില്‍ ചര്‍ച്ചാവിഷയമായിരുന്നു. കെ.എച്ച്.എന്‍.എ സംഗമത്തിനും ഭാവി പ്രവര്‍ത്തനങ്ങള്‍ക്കും ഷാജി കമലാസനന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കുടുംബ സംഗമം പരിപൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. സതീശന്‍ നായര്‍ അറിയിച്ചതാണിത്.

KHNA_pic

LEAVE A REPLY

Please enter your comment!
Please enter your name here