ഉറക്കത്തെ അലോസരപ്പെടുത്തിയ ആ കരച്ചിൽ കേട്ടവൻ എഴുന്നേറ്റപ്പോൾ അടുത്ത് കിടന്നിരുന്ന ചേച്ചി എഴുന്നേറ്റു പോയിരുന്നു.

കീറിയ താർപായയുടെ വിടവിൽകൂടി സൂര്യപ്രകാശം കണ്ണിലേക്കടിച്ചതും അവൻ പതിയെ എഴുന്നേറ്റു കരച്ചിൽ കേട്ട ഭാഗത്തേക്ക് നോക്കി. ഷെഡ്‌ഡിന്റെ വലതുഭാഗത്തായി കൂട്ടിയിട്ട ഉപയോഗശൂന്യമായ ടാർബിന്നുകളുടെ ഇടയിൽ നിന്നാണ് അവനപരിചിതമായ ശബ്ദം ആദ്യമായി കേട്ടത്. ചരളിൽ കാൽമുട്ട് കുത്തിനിന്നു അവൻ ടാർബിന്നുകൾക്കുള്ളിലേക്കു ഏന്തി വലിഞ്ഞു നോക്കി. അതിനിടയിൽ നിന്നും ആ കൊച്ചു പൂച്ചക്കുട്ടിയുടെ കണ്ണുകൾ തിളങ്ങി. അത് അവനെ കണ്ടതും ഭയചകിതനായി വീണ്ടും കരയാൻ തുടങ്ങി. അവൻ തന്റെ കൊച്ചു കൈകൾ ടാർബിന്നുകൾക്കിടയിലേക്കു ഇടാൻ ഒരു വിഫലശ്രമം നടത്തി. എട്ടുവയസ്സുകാരന്റെ കൈകൾക്കെത്താൻ കഴിയുന്നതിലും ദൂരെയായിരുന്നു പൂച്ചകുഞ്ഞിരുന്നത്…

പലതവണ ശ്രമിച്ചപ്പോൾ അവന്റെയുള്ളിലെ ജന്മസിദ്ധമായ വാശി പുറത്തു വന്നു. ക്രമേണെ അത് കടുത്ത ദേഷ്യത്തിൽ പര്യവസാനിച്ചു. ടെന്റിന്റെ സൈഡ് കെട്ടാൻ അച്ഛൻ കൊണ്ടുവച്ച ഒരു നീളൻ കമ്പെടുത്തു അവനതിനുള്ളിലേക്കു കുത്താൻ തുടങ്ങി ദയനീയമായ ശബ്ദത്തോടെ പൂച്ചകുഞ്ഞു കരയാൻ തുടങ്ങി…

‘ ശിവാ നീയന്നാ പൻറേൻ …??’

അവന്റെ കഠിനാധ്വാനം കണ്ടു ചേച്ചി ദൂരെനിന്നും ഓടി വന്നു ചോദിച്ചു..

‘ അക്കാ അങ്കെ പാറു ഒരു സിന്ന പൂണെ, നാൻ നെറയെ വാട്ടി മുഴിർച്ചി പണ്ണേൻ ആണാ കെടക്കലെ ‘ തന്റെ ശ്രമം പാഴായതിനാൽ അവൻ ചേച്ചിയോട് പരാതിപ്പെട്ടു…

‘ ഒണക്ക് വേറെ യെതോ വേലയില്ലയാ ‘

അവളവനെ കളിയാക്കികൊണ്ടു കയ്യിലെ ചെമ്പു കുടവുമെടുത്തു പുഴയോരത്തേക്കു ഓടിപ്പോയി. അവിടെ അമ്മ പുഴയിൽ നിന്നും വെള്ളമെടുക്കുന്നുണ്ടായിരുന്നു…
ഒരു നാടോടി തെരുവ് സർക്കസ്സുകാരന്റെ മകളാണെന്ന്‌ ഒറ്റനോട്ടത്തിൽ പറയാൻ കഴിയില്ല, നുണക്കുഴിയുള്ള ചിരിയായിരുന്നു ആ പന്ത്രണ്ടുകാരിയുടേത്…

അവൻ വീണ്ടും നീളൻ വടിയെടുത്തു ടാർബിന്നുകൾക്കിടയിലേക്കു കുത്തി, ഇത്തവണ പൂച്ചകുഞ്ഞിനതു കൊണ്ട്. അത് നിർത്താതെ കരയാൻ തുടങ്ങി. അവന്റെയുള്ളിൽ കുറ്റബോധം നിറയാൻ തുടങ്ങി കയ്യിലെ വടിയെടുത്തു അവൻ ദൂരേക്ക്‌ കളഞ്ഞു. ജന്മനാശോഷിച്ച കാലുകൾ വച്ച് അവൻ ടാർബിന്നുകൾക്കു മുകളിൽ ഏന്തി വലിഞ്ഞു കയറി ഒന്ന് രണ്ടു ബിന്നുകൾ താഴേക്ക് വലിച്ചിട്ടു.
പൂച്ചകുഞ്ഞിനു ഓടാൻ കഴിയാതെയായപ്പോഴേക്കും അവന്റെ പിടുത്താം അതിന്റെ കഴുത്തിന്റെ പിറകു വശത്ത് വീണിരുന്നു..

അവൻ പതിയെ അതിനെ ടെന്റിന്റെ ഉള്ളിലേക്ക് കൊണ്ടുവന്നു ഒരു മൂലയിൽ വച്ചു. അത് പേടിച്ചു പത്രങ്ങൾക്കിടയിലേക്കു മറയാൻ ശ്രമിച്ചുകൊണ്ടിരുന്നു. അവൻ ഒരു കുഞ്ഞുപാത്രത്തിൽ കുറച്ചു കഞ്ഞിവെള്ളം ഒഴിച്ചുകൊടുത്തു, അതിനെ പിടിച്ചു പാത്രത്തിന്റെ അടുത്ത് വച്ചപ്പോഴേക്കും അത് കുതറി പുറത്തേക്കു ഓടിപ്പോയി. അവനു കടുത്ത നിരാശതോന്നി, പിറകെ ഓടാൻ അവന്റെ ശോഷിച്ച കാലുകൾ അനുവദിക്കില്ലെന്ന് അവനറിയാമായിരുന്നു. തന്റെ വൈകല്യത്തെ ശപിച്ചുകൊണ്ട് അവൻ ചെമ്പിലെ കഞ്ഞിവെള്ളം വലിച്ചു കുടിച്ചു പുഴക്കരയിലോട്ടു വേച്ചു വേച്ചു പോയി…

കവലയ്ക്കടുത്തായിരുന്നു ആ നാടോടി ടെന്റു, അവനും അച്ഛനും അമ്മയും ചേച്ചിയുമായിരുന്നു ആ താത്കാലിക ടെന്റിലെ അന്തേവാസികൾ…
വൈകുന്നേരത്തോടെ കവലയിൽ അച്ഛൻ സർക്കസിനുള്ള കോപ്പുകൂട്ടും, പ്രധാന അഭ്യാസികൾ അച്ഛനും ചേച്ചിയും, അമ്മയായിരുന്നു ഗ്രൂപിലെ വാദ്യോപകരണം കൈകാര്യം ചെയ്യുന്നത്‌..
കാഴ്ചക്കാരേറെയും അമ്മയുടെ നേരെ കണ്ണെറിയുമ്പോൾ അവൻ അമ്മയുടെ ഓരം ചേർന്നിരിക്കും. കാണികൾ എന്തൊക്കെയോ അമ്മയോട് ചോദിക്കുന്നുണ്ട്. അതിനുനേരെ ശൗര്യത്തോടെ കണ്ണെറിഞ്ഞു അമ്മ ബാന്റടിച്ചു കൊണ്ടിരുന്നു. നാണയത്തുട്ടുകളേറെയും അമ്മയുടെ മാറിലേക്കായിരുന്നു എറിയപെട്ടതു. എന്തായാലും പുറത്തേക്കു പോവാത്തതു അവനു ഗുണമായി, അവൻ ആവേശത്തോടെ അതെല്ലാം പെറുക്കിയെടുത്തു…

രാത്രി കഞ്ഞികുടിക്കാനായി ഇരുന്നപ്പോളാണ് അവൻ വീണ്ടും പൂച്ചക്കുഞ്ഞിനെ കാണുന്നത്, ഇരുട്ടിൽ നിന്നും അത് പതിയെ ടെന്റിനടുത്തേക്കു വന്നു അകത്തേക്ക് വരാൻ ഭയന്ന് കൊണ്ട് പുറത്തു നിന്നു. പെട്രോമാക്സിന്റെ വെളിച്ചത്തിൽ അതിന്റെ കുഞ്ഞു കണ്ണുകൾ തിളങ്ങി..
ചേച്ചി കുറച്ചു ചോറെടുത്തു ഒരു കടലാസുകീറിൽവച്ചുകൊടുത്തു ആദ്യം ഭയന്നെങ്കിലും അത് പതിയെ വന്നു തിന്നാൻ തുടങ്ങി..
അവൻ പതിയെ അതിന്റെ മൂർദ്ധാവിൽ തലോടി അത് പതിയെ അവസാന വാറ്റും നക്കിയെടുത്തു അവന്റെ ശോഷിച്ച വലതു കാലിനടുത്തേക്ക് ചേർന്നിരുന്നു…

രാത്രിയിലും കുഞ്ഞുപൂച്ചയുടെ കരച്ചിൽ ടാർബിന്നുകൾക്കിടയിൽ നിന്നും കേൾക്കാമായിരുന്നു..

‘ അക്കാ അത് യേ ഇപ്പടി അഴ്ന്തുക്കിട്ടെ ഇറക്കു..? യേ ന്നും തൂങ്കവേമാട്ടേക്കതു ..? ‘ – അതിന്റെ കരച്ചിൽ അവനെ ശരിക്കും അലോസരപ്പെടുത്തിയിരുന്നു, ഒരുപക്ഷെ താനിന്നു വടികൊണ്ട് കുത്തിയത് അതിനു തട്ടിക്കാണുമോ..? വേദനിച്ചാവുമോ അതിന്റെ കരച്ചിൽ…?

” ഒരുവേല അന്ത കൊളന്തെ അതൂടെ അമ്മാവേ പാക്കാമേയിരിക്കിത്‌നാലതാ അഴ്ന്തക്കിട്ടെയിരുക്കുതൂന്നു നെനക്കറെൻ ” ചിലപ്പോൾ അതിന്റെ അമ്മയെ കാണാഞ്ഞിട്ടാവും പൂച്ചകുഞ്ഞു പറയുന്നതെന്നു പറഞ്ഞു ചേച്ചിയവനെ ആശ്വസിപ്പിച്ചു, അവനെ കെട്ടിപിടിച്ചു അവനോടു ചേർന്നു കിടന്നു….

പിറ്റേന്ന് രാവിലെ ടെന്റിലെ പുതിയ അതിഥിയുടെ കരച്ചിൽ കേട്ടായിരുന്നു അവനെഴുനേറ്റത്. പക്ഷെ ഇത്തവണ അതവന്റെ പുൽപ്പായയുടെ അടുത്തായി വന്നിരിക്കുന്നുണ്ടായിരുന്നു. അവൻ മൃദുവായി അതിന്റെ മൂർദ്ധാവിൽ തലോടി , അത് അവന്റെ പുതപ്പിന്റെ അടുത്തേക്ക് ചേർന്നിരുന്നു…

പകലുകളിൽ അവന്റെ സ്ഥിരം കൂട്ടാവുകയായിരുന്നു ആ കുഞ്ഞുപൂച്ച, വൈകുന്നേരങ്ങളിൽ കവലയിൽ അവൻ നാണയത്തുട്ടുകൾ ശേഖരിക്കുമ്പോഴും കാണികളിലൊരാളായി ആ കുഞ്ഞുപൂച്ചയുമുണ്ടായിരുന്നു.
വലിച്ചുകെട്ടിയ കമ്പയ്ക്കു മുകളിലൂടെ തലയിൽ മൺകുടവുമായി അഭ്യാസം നടത്തുന്ന ചേച്ചിയെ തെല്ലൊരു ഭയത്തോടെ പൂച്ചകുഞ്ഞു നോക്കിനിന്നു. ഓരോ തവണയും കയറിൽ നിന്നും താഴേക്കിറങ്ങുന്ന ചേച്ചിയുടെ അടുത്തേക്ക് പൂച്ചകുഞ്ഞു ഓടിച്ചെല്ലും, ചേച്ചിയവന്റെ പുറത്തു പതിയെ തലോടി വീണ്ടും കയറിൻമുകളിലോട്ടു ഓടിക്കയറും…

പുതിയ കൂട്ടുകിട്ടിയപ്പോൾ അവന്റെ പകലുകൾ തിരക്കേറിക്കൊണ്ടിരുന്നു, മറ്റാരേക്കാളും നേരത്തേയെഴുനേൽക്കാൻ തുടങ്ങി , പകൽ മുഴുവൻ ടാർബിന്നുകളുടേയും പുഴയോരത്തെ പുൽതകിടിലും അവൻ പൂച്ചക്കുഞ്ഞിനെ കൂടെ ഓടിച്ചാടിനടക്കും, അവന്റെ വൈകല്യത്തെ അവൻ മറന്നു തുടങ്ങിയതുപോലെ, കാലിലെ ശേഷിക്കുറവ് അവനറിഞ്ഞതേയില്ല. രാത്രിയിൽ ഏറെ വൈകിയും പെട്രോമാക്സിന്റെ അരണ്ടവെളിച്ചത്തിൽ അവനും ചേച്ചിയും പൂച്ചകുഞ്ഞിനെയും താലോലിച്ചിരിക്കും, പിന്നെ പതിയെ മൂവരും തളർന്നു ഉറക്കിലേക്കു വഴുതിവീഴും…

ടെന്റിനു പുറത്തെ അപരിചിത ശബ്ദം കേട്ടാണ് രാത്രിയുടെ ഏതോ യാമത്തിൽ അവൻ ഞെട്ടിയുണർന്നത്, പുറത്തു ടെന്റിനോട് ചേർന്നു അച്ഛന്റെ മുരൾച്ച കേൾക്കാം, ആരൊക്കെയോ അടക്കംപിടിച്ചു സംസാരിക്കുന്നു. ടെന്റിനു വെളിയിലേക്ക് അവർ അമ്മയെ വലിച്ചു കൊണ്ടുപോവുന്നതു പെട്രോമാക്സിന്റെ അരണ്ട വെളിച്ചത്തിൽ അവൻ കണ്ടു. അവ്യക്തമായി അവനാമുഖങ്ങൾ ശ്രദ്ധിച്ചു , വൈകുന്നേരം കാണികളിൽ കണ്ട അതെ മുഖച്ഛായ. ഞെട്ടിയുണർന്ന ചേച്ചിയെ അവരിലൊരാൾ വായപൊത്തിപ്പിടിച്ചുകൊണ്ടു കൊണ്ട് പായയോട് ചേർത്തികിടത്തി, കൈകാലുകളിട്ടടിക്കുന്നതിനിടയിൽ ചേച്ചിയുടെ കാലു തട്ടി പെട്രോമാക്സ്‌ തെറിച്ചു പോയി. ചുറ്റും ഇരുട്ട്, ആരോ അവനെ വലിച്ചു ടെന്റിന്റെ മൂലയിലേക്കിട്ടു. ഭയന്ന് വിറച്ച അവൻ കയ്യിലെ പുതപ്പു നെഞ്ചോടു ചേർത്ത് നിലത്തോട് ചേർന്നു കിടന്നു….

ഉണർന്നപ്പോഴേക്കും നേരം നന്നായി വെളുത്തിരുന്നു.
അമ്മയുടെ നെറ്റിയിലും ചുണ്ടിലും ചോരപൊടിയുന്നുണ്ടായിരുന്നു. സാരി അലസമായി പുതച്ചുകൊണ്ടു അമ്മ ചേച്ചിയുടെ അടുത്തിരുന്നു വിതുമ്പിക്കരയുന്നു.
ചേച്ചിയുടെ മുഖത്തും ചുണ്ടിലും ചോരവാർന്നൊലിക്കുന്നുണ്ടായിരുന്നു, ശരീരമാസകലം മുറിവുകളും, കാലുകൾക്കിടയിൽ കൂടി രക്തം ഒലിച്ച പാടുകൾ.
ചേച്ചിയെന്തേ ഉണരാത്തതു…?
അവൻ പതിയെ ചേച്ചിയുടെ അടുത്തേക്ക് ചേർന്നിരുന്നു. അവനെ കണ്ടതും അമ്മ വിങ്ങിക്കരയാൻ തുടങ്ങി.
നെറ്റിയിലെ മുറിവിൽ ഒരു തുണി കെട്ടിക്കൊണ്ടു അച്ഛൻ ടെന്റിലേക്കു കയറി, കയ്യിലെ മൺവെട്ടി ടെന്റിലെ മൂലയ്ക്ക് വച്ചു. അച്ഛന്റെ കറുത്ത നെറ്റിത്തടങ്ങളിൽ കൂടി വിയർപ്പു ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു….

അച്ഛൻ അമ്മയുടെ വൃത്തിയുള്ള സാരികൊണ്ടു ചേച്ചിയെ പുതച്ചു. തുണി വെള്ളത്തിൽ മുക്കി മുഖവും ശരീരവും തുടച്ചു, പതിയെ ചേച്ചിയെ കോരിയെടുത്തു പുഴയോരത്തേക്കു നടന്നു. അമ്മ തളർന്ന മിഴികളോടെ നിർവികാരമായി നോക്കിയിരുന്നു. അവനും അച്ഛന്റെ കൂടെ പുഴയോരത്തേക്കു നടന്നു, അച്ഛൻ പുഴയോരത്തെ കുഴിയിലേക്ക് ചേച്ചിയെ ഇറക്കി വച്ചു. കാൽമുട്ട് മണ്ണിൽ താഴ്ത്തി വച്ച് അച്ഛൻ ചേച്ചിയെനോക്കി. അച്ഛന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. പിന്നെ മൺവെട്ടികൊണ്ടു പതിയെ കുഴിയിലേക്ക് മണ്ണെടുത്തിട്ടു…

ഉയർന്നു കിടന്ന കുഴിമാടത്തിന്റെ മുകളിൽ അയാള് രണ്ടു വലിയ കല്ലുകൾ എടുത്തുവച്ചു, തലഭാഗത്തായി ഒരു ചെറിയ കാഞ്ഞിരച്ചെടിയുടെ തണ്ടെടുത്തു കുഴിച്ചു വച്ചു. കാറ്റിൽ കാഞ്ഞിരത്തിന്റെ ഇലകൾ അലക്ഷ്യമായി പാറിക്കൊണ്ടിരുന്നു..
ശേഷം അയാൾ അവന്റെ കൈപിടിച്ച് ടെന്റിലേക്കു നടന്നു കയറി. കുറച്ചു സമയങ്ങൾക്കകം അയാൾ ആ ടെന്റുപൊളിച്ചു സാധനങ്ങളെല്ലാം ഒരു ഭാണ്ഡച്ചുമടാക്കി ഭാര്യയും മകനെയും ചേർത്ത് നടക്കാൻ തുടങ്ങി. നീണ്ട റോഡിന്റെ ഓരം ചേർന്നു മൂവരും നടന്നു നീങ്ങി. പതിയെ പതിയെ നീണ്ട റോഡിന്റെ വിദൂരതയിൽ അവർ മൂവരും മാഞ്ഞുപോയി……

പൂച്ചകുഞ്ഞു കരഞ്ഞുകൊണ്ട് ടാർബിന്നുകൾക്കു അടിയിൽ നിന്നും പുറത്തു വന്നു. ടെന്റുണ്ടായിരുന്ന സ്ഥലത്ത് അതു കുറേനേരം അലഞ്ഞു നടന്നു. പിന്നെ പതിയെ പുൽത്തകിടിൽ മണംപിടിച്ചു പുഴയോരത്തേക്കു നടന്നു, ഒടുവിൽ കുഴിമാടത്തിന്റെ അരികിലായി ഏറെനേരം ആ വെയിലിൽ അത് കരഞ്ഞു കൊണ്ടിരുന്നു…..!

Aysha Khaleel

Image may contain: outdoor

LEAVE A REPLY

Please enter your comment!
Please enter your name here