പൂച്ച
++++++

“എന്താമ്മേ… അമ്മയുടെ കൂടെ വേറൊരു മാമൻകിടക്കുന്നേ… അച്ഛനല്ലല്ലോ?”.അനുമോൾ നിന്നു തേങ്ങി.

“മിണ്ടാണ്ടു കിടക്കടീ… ഇതെങ്ങാനും അച്ഛനോടു പറഞ്ഞാലുണ്ടല്ലോ.. കൊന്നുകളയും ഞാൻ പറഞ്ഞേക്കാം”.

ഒന്നാം ക്ളാസ് വിദ്യാർത്ഥിനിയായ അനുവിന്റെ സംശയം തീരുന്നില്ല.

‘എന്നാലും അമ്മയോടൊപ്പം ആ മാമൻ കിടന്നതെന്തിനായിരിക്കും…
അച്ഛനോട് ചോദിച്ചാലോ…’

      
“മോളേ… അനുമോളേ… “.

“ഹായ് അച്ഛാ…”,

“അച്ഛനെനിക്കു വിമാനം വാങ്ങിയോ…,
ഹായ് നല്ല രസം.. പറക്കുന്ന വിമാനം…”,

“അമ്മേ ഇതു കണ്ടോ…”.

“പോ അസത്തേ..
നീ അച്ഛനോടെങ്ങാനും പറഞ്ഞാൽ .. ഓർത്തോ..”.

അനുമോൾ പേടിച്ചു മാറി.

“രാധികേ..
നിനക്കെന്താ?ഒരു മൂഡോഫ്”.

മഹേഷ് രാധികയെ ചേർത്തു പിടിച്ചു.

“ങ്ങ്ഹും.. മാറ്…”

“എന്തു പറ്റിയെടോ..?”.

“ഒന്നുമില്ല.. ചായവേണമെങ്കിൽ എടുത്തു കുടിക്ക്”.

“ബാംഗ്ളൂരിലെ കച്ചവടം ഇപ്പോൾ പഴയതുപോലെ നടക്കുന്നില്ല, രാധികേ.. അടുത്തടുത്ത് ഒരു പാട് ഹോട്ടലുകളായി”.

“അടുത്ത തവണ എല്ലാ കണക്കും തീർത്ത് നാട്ടിൽ തന്നെ കച്ചവടം തുടങ്ങാം,
മോളെ പിരിഞ്ഞിരിക്കാൻ കഴിയുന്നില്ല”.

“അമ്മേ ഫോണടിക്കുന്നു.. “.അനുമോൾ ഓടി വന്നു.

“രഞ്ജിത്ത്, നീ എന്തിനാ ഇപ്പം വിളിച്ചത്?,
മഹേഷ് ഇവിടെയുണ്ട്”.

“നിന്റെ മോൾ പ്രശ്നമാക്കുമോ?’.

“അച്ഛനോട് പറഞ്ഞാൽ കൊന്നുകളയുമെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്”.

“ഒകെ ഗുഡ്”.

“ബാങ്കിലെ കടമൊക്കെ ആറു മാസം കൊണ്ട് തീർക്കണം രാധികാ.. “.

മഹേഷ് രാത്രി കിടപ്പറയിൽ അവളുടെ മുടിയിഴകളിൽ തലോടി.

“മാലിനിയുടെ കല്യാണം കൂടിക്കഴിഞ്ഞാൽ സ്വസ്ഥമായി ജീവിക്കാം”.
“ഒറ്റ പെങ്ങളല്ലേ.. അവളിങ്ങനെ ഒറ്റത്തടിയായി നില്ക്കുന്നതു കാണുമ്പോൾ മനസ്സിനൊരു ആധി”.

“എന്താടോ.. ഒരു മാസം കൂടുമ്പോൾ കാണുന്നതല്ലേ.. ഒരടുപ്പമില്ലാത്തതെന്താ?”.

“മഹേഷിനു തോന്നുന്നതാ.. “,രാധിക മഹേഷിന്റെ കഴുത്തിനു ചുറ്റിപ്പിടിച്ചു.

“നാശം ഒന്നു പോകാൻ കാത്തിരിക്കുകയായിരുന്നു”.
രാധിക രഞ്ജിത്തിന്റെ മടിയിൽക്കിടന്നു കൊണ്ടു പറഞ്ഞു.

“അനുമോൾ പാരയാകുമോ?.

“ഇല്ല, രാധികേ,അടുത്ത തവണ അച്ഛനേം മകളേം തീർക്കണം”.

“ഞാൻ ആർമിയിൽ നിന്നു വി ആർ എസ് എടുത്തല്ലോ… ഇനി ഞാനും നീയും മാത്രം..,
ആർമിയിൽ നിന്നും നല്ലൊരു തുക കിട്ടാനുണ്ട്,
പിന്നെ നമ്മുടെ കൊട്ടാരത്തിലെ രാജകുമാരനും കുമാരിയും നീയും ഞാനും “.
രഞ്ജിത്ത് അവളുടെ നിതംബത്തിൽ ചുറ്റിപ്പിടിച്ചു കൊണ്ട് പറഞ്ഞു.

“അമ്മേ ,പൂച്ചയും കുഞ്ഞുങ്ങളും…”. അനുമോൾ തുള്ളിച്ചാടി.

“നാലുപൂച്ചക്കുട്ടിയുണ്ടല്ലോ…”

“എവിടെയാ?അനുമോളേ”.

അടുക്കളയുടെ വരാന്തയുടെ മൂലയ്ക്കിരുന്ന് അമ്മപൂച്ച കുഞ്ഞുങ്ങളെ മുലയൂട്ടുകയായിരുന്നു.

“നാശം, ഇവിടെയാണല്ലോപ്രസവിക്കാൻ കണ്ടത്”.

രാധികയെ കണ്ടതും അമ്മപൂച്ച മുരണ്ടു.

“പൂച്ചക്കുഞ്ഞേ… “.
അനുമോൾ സന്തോഷത്തോടെ നീട്ടി വിളിച്ചു.

“അച്ഛാ, നമ്മുടെ വീട്ടിൽ പൂച്ച പ്രസവിച്ചല്ലോ….”

“എവിടെയാ മോളേ….”.

അനുമോൾ അടുക്കയുടെ പുറകിലേക്കോടി.

‘അതിനെ ശല്യപ്പെടുത്തേണ്ട, അവിടെ നിന്നോട്ടെ മോളേ…”.
“ഇല്ലച്ഛാ…. അനുമോൾക്ക് കൂട്ടായല്ലോ”.

“ഇന്നു ഞാൻ അച്ഛനും മോൾക്കും സ്പെഷ്യൽ ബിരിയാണി ഉണ്ടാക്കുന്നുണ്ട്”.

“ഹായ് ബിരിയാണി….. നല്ലമ്മ.. “.
അനുമോൾ രാധികയെ കെട്ടിപ്പിടിച്ചു, “ചക്കരയുമ്മ…”.

“നല്ല ബിരിയാണി…”.
അനുമോൾക്ക്‌ രാധിക വാരി വായിൽ വച്ചു കൊടുത്തു.

“അമ്മ മോൾക്ക് അച്ഛനില്ലാത്തപ്പം ചോറ് വാരിത്തരില്ലച്ഛാ….”.

“മിണ്ടാണ്ട് അച്ഛനും മോളും കഴിക്ക്”.

       ***************************

“ഇതു കണ്ടോ, പത്രത്തിലെ വാർത്ത”.
മാതൃഭൂമി പത്രവുമായി ഭാര്യ.

“എന്താടീ”,

കടക്കെണി.. ഗൃഹനാഥനും മകളും വിഷം കഴിച്ച് മരിച്ചു. ഭാര്യ ഗുരുതരാവസ്ഥയിൽ .

“ഹോ.. ആ മകൾക്ക് വിഷം കൊടുക്കാനയാൾക്കെങ്ങനെ തോന്നി”. ഭാര്യയുടെ ആത്മഗതം.

മഹേഷിന്റെയും അനുമോളുടെയും മൃതശരീരത്തിനടുത്ത് നിർവ്വികാരമായിരിക്കുന്ന രാധികയെ നോക്കി രഞ്ജിത്ത് കണ്ണിറുക്കി.
അമ്മ നൽകിയ സ്പെഷ്യൽബിരിയാണി രുചിയോടെ കഴിച്ചതിന്റെതിളക്കം അനുമോളുടെ മുഖത്തപ്പോഴുമുണ്ടായിരുന്നു.

അമ്മപ്പൂച്ച തന്റെ കുഞ്ഞുങ്ങളെയും കൊണ്ട് വിറകുപുരയിലെ സുരക്ഷിതസ്ഥാനത്തേക്ക് താമസം മാറിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here