ചിക്കാഗോ: അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ ഒരുമയുടെയും വികസനോന്മുഖതയുടെയും പര്യായമായ ഫോമ തങ്ങളുടെ സാമൂഹിക പ്രതിബദ്ധതയുടെയും സേവന സന്നദ്ധതയുടെയും കൊടിയടയാളമായി ‘ജനാഭിമുഖ്യ യത്‌നം’ എന്ന പൊതുജന സമ്പര്‍ക്ക പരിപാടിക്ക് രൂപം നല്‍കിയിരിക്കുന്നു. ഫോമയുടെ 12 റീജിയനുകളിലെയും അംഗസംഘടനകളിലെ അംഗങ്ങള്‍ക്കും മലയാളി സമൂഹത്തിലെ ഏതൊരു വ്യക്തിക്കും ഫോമ എക്‌സിക്യൂട്ടീവ് കമ്മറ്റിയുമായി നേരിട്ട് സംവദിക്കാനുള്ള പ്ലാറ്റ്‌ഫോമായിരിക്കുമിതെന്ന് നാഷണല്‍ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ അറിയിച്ചു. അമേരിക്കന്‍ മലയാളി സംഘടനാ ചരിത്രത്തിലെ ആദ്യത്തേതും ഏറെ പുതുമയുള്ളതുമായ ജനാഭിമുഖ്യ യത്‌നത്തിന്റെ ഉദ്ഘാടനം മെയ് മൂന്നിന് ഡിട്രോയിറ്റില്‍ ഗ്രേറ്റ് ലേയ്ക്‌സ്് റീജിയണില്‍ വൈകുന്നേരം ഒന്‍പത് മണിക്ക് (ഈസ്റ്റേണ്‍ ടൈം) ബെന്നി വാച്ചാച്ചിറ നിര്‍വഹിക്കും.

കൃത്യമായ ടൈംടേബിള്‍ അനുസരിച്ചായിരിക്കും ഓരോ റീജിയണുകളെയും ഉള്‍പ്പെടുത്തിക്കൊണ്ട് ജനാഭിമുഖ്യ യത്‌നം സംഘടിപ്പിക്കുക. ഓരോ രണ്ടു മാസം കൂടുമ്പോളും നടത്തുന്ന ഈ പരിപാടിയില്‍, പുതിയ ഭരണസമിതി ചുമതല ഏറ്റ ശേഷം ഫോമയെ സംബന്ധിക്കുന്ന കാര്യങ്ങള്‍ അംഗങ്ങള്‍ക്കും മറ്റും ചോദിക്കാം. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍ ഉണ്ടാവുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഫോമ എന്തിനു വേണ്ടി നിലകൊള്ളുന്നു, ഫോമയുടെ പ്രോജക്ടുകള്‍ എന്തൊക്കെ, അവയുടെ പുരോഗതി എങ്ങനെ, കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളുടെ അവലോകനം, ഇക്കൊല്ലത്തെ വിവിധ പദ്ധതികളെ പറ്റിയുള്ള ചോദ്യങ്ങള്‍, സംശയങ്ങള്‍, അഭിപ്രായങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ ജനാഭിമുഖ്യ യത്‌നത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഫോമയുടെ ചിക്കാഗോ നാഷണല്‍ കണ്‍വന്‍ഷന്‍ 2018 ജൂലൈയില്‍ നടക്കുകയാണല്ലോ.  ഇതേ പറ്റിയുള്ള വിശദീകകണങ്ങള്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി നല്‍കുന്നതോടൊപ്പം ഓരോരുത്തര്‍ക്കും ചോദ്യങ്ങളും  സംശങ്ങളും ഉന്നയിക്കാം. അതുപോലെ തന്നെ ഈ ഫെഡറേഷന്റെ വര്‍ണാഭമായ സംരംഭമാണ് യുവജനങ്ങളെ കോര്‍ത്തിണക്കിക്കൊണ്ടുള്ള യുവജനോത്സവം. ഇതിലെ ഇനവിവരങ്ങള്‍, മത്സരക്രമം, ജഡ്ജ്‌മെന്റ് തുടങ്ങി അറിയേണ്ട കാര്യങ്ങളെ പറ്റി ജനാഭിമുഖ്യ യത്‌നത്തില്‍ ഏതൊരാള്‍ക്കും സംശയനിവാരണം നടത്താവുന്നതാണ്. തികച്ചും സൗഹാര്‍ദ്ദപരവും ആരോഗ്യപരവുമായ ആശയവിനിമയത്തിനാണ് പ്രസ്തുത പരിപാടിയിലൂടെ ഫോമ തുടക്കം കുറിക്കുന്നതെന്ന് ബെന്നി വാച്ചാച്ചിറ വ്യക്തമാക്കി.

റീജിയണ്‍ തലത്തില്‍ ഏതെങ്കിലും തരത്തിലുള്ള സഹായ സഹകരണങ്ങള്‍ ആവശ്യമെങ്കില്‍ അക്കാര്യം ഇവിടെ വ്യക്തമാക്കാം. മലയാള ഭാഷ പഠിപ്പിക്കുന്നതുള്‍പ്പെടെയുള്ള സംരംഭങ്ങള്‍ ആലോചനയിലുണ്ട്. അതുപോലെ തന്നെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കാനുള്ള ആഗ്രഹവുമുണ്ട്. ഇതേക്കുറിച്ചെല്ലാം ജനാഭിമുഖ്യ യത്‌നത്തിലൂടെ അഭിപ്രായ സമന്വയം ഉണ്ടാക്കാമെന്ന് കരുതുന്നു. അമേരിക്കന്‍ മലയാളികളുടെ പലവിധ പ്രശ്‌നങ്ങളും ഈ വേദിയില്‍ അവതരിപ്പിക്കാവുന്നതാണ്.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഫോമയുടെ കേന്ദ്ര നേതൃത്വവും അംഗസംഘടനകളുമായിട്ടുള്ള കമ്മ്യൂണിക്കേഷന്‍ കുറഞ്ഞു വരുന്നു എന്ന പരാതി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അത് ഈ ഒരു പരിപാടിയിലൂടെ പരിഹരിക്കാനാകുമെന്ന ശുഭാപ്തി വിശ്വാസമുണ്ട്. ഫോമയും അംഗസംഘടനകളും അമേരിക്കന്‍ മലയാളി സമൂഹവുമായിട്ടുള്ള ബന്ധം ഈടുറ്റതും ഊഷ്മളവും ആക്കുക, സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കുക തുടങ്ങിയവയൊക്കെയാണ് ഫോമ ജനാഭിമുഖ്യ യത്‌നത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെന്ന്  സംഘടനയുടെ നാഷണല്‍ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ വിശദീകരിച്ചു.
 
Contact info:
Vinod Kondoor David (Jt. Secretary) 313 208 4952
Rojan Thomas (RVP) 248 2191 352
Jain Mathews (NC member) 248 251 2256

Conference call dial number 712 775 7035
Access code 910192#

Janabhimukya Yathnam

LEAVE A REPLY

Please enter your comment!
Please enter your name here