ബാഹുബലി ഒന്നാം ഭാഗത്തിലെ താരം ഒരു കുഞ്ഞായിരുന്നുവെങ്കിൽ രണ്ടാംഭാഗത്തിൽ മലയാളനാട്ടിൽ നിന്നെത്തിയ ഒരു കൊമ്പനാണ് ശ്രദ്ധേയനാകുന്നു . ഈ കൊമ്പൻ സിനിമ ലോകം കീഴടക്കുമ്പോള്‍ മലയാളികൾ അഭിമാനത്തോടെ പറയുന്നു പ്രാഭാസിനൊപ്പം യുദ്ധരംഗത്ത് നിൽക്കുന്നത് ഞങ്ങളുടെ സ്വന്തം കാളിയാണെന്ന്. പ്രഭാസ് കാളിയുടെ മസ്തകത്തിലൂടെ കയറുന്ന പോസ്റ്ററുകൾ ഇതിനോടകം വൈറലായിരുന്നു.

സിനിമയില്‍ പ്രഭാസിനെ മസ്തകത്തിലേറ്റി നില്‍ക്കുകയാണ് ചിറയ്ക്കല്‍ കാളിദാസനെ ആനയെന്നു വെറുതെ പറഞ്ഞാല്‍ പോര ഇവനൊരു ഗജരാജന്‍ തന്നെയാണ്. എടുപ്പിലും നടപ്പിലും ഉയരത്തിലുമെല്ലാം കേരളത്തിലെ പ്രഥമ സ്ഥാനീയനായ ഗജകേസരിയാണ് കാളി. നാട്ടില്‍ ഫാന്‍സ് അസോസിയേഷന്‍ വരെയുള്ള കാളി ഇപ്പോള്‍ ശരിക്കും ഒരു സൂപ്പര്‍ സ്റ്റാറാണ്. ആരാധകര്‍ ഇപ്പോ പുതിയൊരു പട്ടം കൂടി ചാര്‍ത്തി നല്‍കിയിരിക്കുകയാണ് ഗജരാജന്‍ ബാഹുബലി കാളിദാസന്‍. മഞ്ഞള്‍ പൂശി പ്രത്യേക രീതിയിലാണ് കാളിദാസനെ ബാഹുബലിയില്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്. ആനയോടൊപ്പമുള്ള ബാഹുബലിയുടെ മാസ് എന്‍ട്രിയെ പ്രേക്ഷകര്‍ തിയെറ്ററില്‍ ആരവങ്ങളോടെയാണ് ഏറ്റെടുക്കുന്നത്.
തൃശൂര്‍ ചിറ്റിലപ്പിള്ളി പഴമ്പുഴ മഹാവിഷ്ണു അമ്പല മൈതാനത്ത് വച്ചായിരുന്നു ചിറയ്ക്കൽ കളിയുടെ ബാഹുബലിയിലെ അഭിനയമൊക്കെ പകർത്തിയത്. വണ്ണത്തെക്കാള്‍ ഏറെ ഉയരത്തിലും തലയെടുപ്പിലും മികച്ചു നില്‍ക്കുന്ന ഒറ്റപ്പാളി ആനകളുടെ ഗണത്തില്‍ പെടുന്നവനാണ് കാളിദാസന്‍. മുപ്പതിന് താഴെ മാത്രം പ്രായമുള്ളപ്പോള്‍ തന്നെ ഏതാണ്ട് പത്തടിയോളമെത്തുന്ന ഉയരം. ഇന്ന് മലയാളക്കരയിലെ ഏറ്റവും ഉയരമുള്ള ആനകളുടെ നിര പരിശോധിച്ചാല്‍, തീര്‍ച്ചയായും ആദ്യത്തെ പത്തോ പന്ത്രണ്ടോ പേരില്‍ ഒരാള്‍ എന്ന ബഹുമതിയും കാളിദാസനുണ്ടാകും. കുറഞ്ഞ പ്രായത്തിനുള്ളില്‍ തന്നെ മികച്ച ഉയരക്കേമന്‍ എന്ന തിളക്കം പരിഗണിച്ചാവും നല്ലൊരു ശതമാനം ആനപ്രേമികള്‍ക്കിടയില്‍ ഇവന്‍ “ജൂനിയര്‍ തെച്ചിക്കോട്’ എന്ന പേരിലും അറിയപ്പെടുന്നത്.

ജന്മം കൊണ്ട് കര്‍ണാടക സ്വദേശിയാണ് കാളിദാസൻ. ഇവനെ പ്രമുഖ ആനവ്യാപാരിയായ മനിശ്ശീരി ഹരിദാസാണ് മലയാളമണ്ണിലേക്ക് എത്തിച്ചത്. ഒട്ടേറെ ഗജകേസരികളെ പുറംനാടുകളില്‍ നിന്ന് കണ്ടെത്തി മലയാളമണ്ണിലേക്ക് കൂട്ടികൊണ്ടുവന്ന മനിശ്ശീരി ഹരിയുടെ ഈയൊരു കണ്ടെത്തലും കുറഞ്ഞകാലം കൊണ്ടുതന്നെ ഉത്സവകേരളത്തിന്‍റെ താരപ്രഭാവമായി മാറിയിരിക്കുന്നു. മനിശ്ശീരി ഹരിദാസില്‍ നിന്ന് ഏതാനും വര്‍ഷംമുമ്പ് മോഹവില നല്‍കി കാളിയെ സ്വന്തമാക്കിയ ആനയുടമസംഘം ഭാരവാഹിയായ ചിറയ്ക്കല്‍ മധുവിന്‍റെ മാനസപുത്രനും അഭിമാനവുമാണ് ഇന്ന് കാളിദാസന്‍. മീശമുളയ്ക്കും മുമ്പുതന്നെ ലോകത്തെ മുഴുവന്‍ കാലടിച്ചോട്ടിലാക്കാന്‍ പോന്ന തലയെടുപ്പും ഉയരപ്രാമാണ്യവും ഒത്തുകിട്ടിയത് കൊണ്ടാവാം, കാളിദാസന്‍ ശരിക്കും ഒരു ധിക്കാരി തന്നെയാണ്. എന്നാല്‍ ഇതുവരെ കാളിദാസന്‍റെ പേരില്‍ കാര്യമായ കുറ്റകൃത്യങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല.

രണ്ടുവര്‍ഷം മുമ്പ് കാളിദാസന്‍റെ ആരാധകരെ ആകെ ആശങ്കയില്‍ ആഴ്ത്തിയ ഒരു ദശാസന്ധി കാളിയുടെ ജീവിതത്തിലുണ്ടായി. ഒട്ടേറെ ഗജകേസരികളുടെ ജീവന്‍ കവര്‍ന്നെടുത്തിട്ടുള്ള ഏരണ്ടക്കെട്ട് എന്ന മാരകരോഗത്താല്‍ കാളിദാസനും നട്ടംതിരിഞ്ഞു. പക്ഷേ, യുവരാജാവിന്‍റെ പതിനായിരക്കണക്കായ ആരാധകരുടെ പ്രാര്‍ഥനകള്‍ ദൈവംതമ്പുരാന്‍റെ കണ്ണുതുറപ്പിച്ചെന്നതുപോലെ പത്തുപതിനെട്ട് ദിവസം കഴിഞ്ഞപ്പോള്‍ അവന്‍റെ വയറ്റില്‍നിന്ന് എരണ്ടം പുറത്തുപോയി….രക്ഷപ്പെട്ടു. (എരണ്ടമെന്നാല്‍ ആനപ്പിണ്ടം. എരണ്ടം പുറത്തുപോകാതെ ദിവസങ്ങളോളം വയറ്റില്‍ കെട്ടിക്കിടക്കുകയും അതുകൊണ്ടുതന്നെ തീറ്റയും വെള്ളവും എടുക്കാനാവാതെ ആനയുടെ ആരോഗ്യം അനുദിനം വഷളാവുന്നതുമാണ് എരണ്ടക്കെട്ട് രോഗം). അഗ്നിപരീക്ഷണം അതിജീവിച്ച് ഉത്സവനഗരികളിലേക്ക് പൂര്‍വാധികം ശക്തിയോടെ, തിളക്കത്തോടെ തിരിച്ചുവന്ന ചിറയ്ക്കല്‍ കാളിദാസനെ കൊട്ടുംകുരവയുമായാണ് ഉത്സവപ്രേമികള്‍ വരവേറ്റത്.

കഴിഞ്ഞ തൃശൂര്‍ പൂരത്തിന് തിരുവമ്പാടി വിഭാഗത്തിന്‍റെ തെക്കോട്ടിറക്കത്തിന് തിടമ്പേറ്റിയ ആനയുടെ ഇടത്തേക്കൂട്ട് എന്ന അസൂയാര്‍ഹമായ ബഹുമതിയും ഈ കാളിയെ തേടിയെത്തിയതോടെ ചിറയ്ക്കല്‍ കാളിദാസന്‍റെ ദിനങ്ങള്‍ക്ക് ഇന്ന് പൊന്നുംവിലയാണ്. ഇപ്പോള്‍ ബാഹുബലി നല്‍കിയ അധികമാറ്റും ഇവന്‍റെ തിളക്കം ഇരട്ടി ആക്കിയിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here