കേരളത്തിന് കായിക സര്‍വകലാശാലയും ഹൈ ആള്‍ട്ടിറ്റിയൂഡ് ട്രെയിനിങ് സെന്ററും അനുവദിക്കണമെന്ന ആവശ്യം പരിഗണിക്കുമെന്ന് കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍. 2013-16 വര്‍ഷങ്ങളിലെ ദേശീയ, രാജ്യാന്തര കായിക താരങ്ങള്‍ക്കുള്ള സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ക്യാഷ് അവാര്‍ഡ് വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആവശ്യങ്ങള്‍ കേന്ദ്ര മന്ത്രിസഭയുടെ ശ്രദ്ധയില്‍പ്പെടുത്തും. ഇന്ത്യയില്‍ മനുഷ്യ വിഭവ ശേഷി ധാരാളമുണ്ട്. കാര്യക്ഷമമായ പരിശീലനവും പ്രചോദനവും യുവാക്കള്‍ക്ക് നല്‍കിയാല്‍ കായിക മേഖലയില്‍ ഒരുപാട് നേട്ടങ്ങള്‍ ഉണ്ടാക്കാനാകും.
കായിക മേഖലയുടെ ഉന്നതിക്കായി കേരള സര്‍ക്കാരിന്റെ പദ്ധതികളായ ഓപറേഷന്‍ ഒളിംപ്യ, കായിക കാര്യക്ഷമതാ മിഷന്‍ എന്നിവ ഇക്കാര്യത്തിന് സഹായകമാകും. ലഭിച്ച മെഡലുകള്‍ക്കപ്പുറം നിരവധി താരങ്ങള്‍ ഒളിംപിക്‌സിലും പാരാലിംപിക്‌സിലും യോഗ്യത നേടിയത് രാജ്യത്തെ കായിക മേഖലയുടെ മികവാണ്. തലസ്ഥാനത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം മികച്ചതാണെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. താന്‍ ഖോഖോ, ബാസ്‌കറ്റ് ബോള്‍ ദേശീയ താരമായിരുന്നെന്നും വിജയ് ഗോയല്‍ അനുസ്മരിച്ചു.
മയൂഖ ജോണി, ടിന്റു ലൂക്ക, പി.യു ചിത്ര, ലിഡിയമോള്‍ സണ്ണി, ബെറ്റി ജോസഫ്, നിത്യ കുര്യാക്കോസ്, ഡിറ്റിമേള്‍ വര്‍ഗീസ്, ജിസ്‌ന മാത്യു, രഞ്ജിത്ത് മഹേശ്വരി തുടങ്ങിയവര്‍ക്കുള്ള അവാര്‍ഡാണ് മന്ത്രി കൈമാറിയത്. 1950 കായിക താരങ്ങള്‍ക്കായി 2,78,12,775 രൂപയാണ് വിതരണം ചെയ്തത്. സംസ്ഥാന കായിക മന്ത്രി എ.സി മൊയ്തീന്‍ അധ്യക്ഷനായി. വി.എസ് ശിവകുമാര്‍ എം.എല്‍.എ, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി ദാസന്‍, സെക്രട്ടറി സഞ്ജയന്‍ കുമാര്‍, അഡ്മിനിട്രേറ്റീവ് ബോര്‍ഡ് അംഗങ്ങളായ ഡി വിജയകുമാര്‍, പി ശശിധരന്‍ നായര്‍, എം.ആര്‍ രഞ്ജിത്ത്, സായ് ഡയറക്ടര്‍ ഡോ. ജി കിഷോര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here