ഈ വേനല്‍ക്കാലത്ത് ഖത്തര്‍ എയര്‍വെയ്‌സ് വിമാനത്തില്‍ ദോഹ വഴി യാത്ര ചെയ്യുന്ന ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് സൗജന്യ താമസ സൗകര്യം. ടൂറിസം അതോറിറ്റിയുമായി സഹകരിച്ച് ഒരു ദിവസത്തെ സൗജന്യ നക്ഷത്ര ഹോട്ടല്‍ താമസ സൗകര്യമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

രാജ്യത്തേക്ക് കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതിയെന്ന് ഖത്തര്‍ എയര്‍വെയ്‌സ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. നേരത്തേ നടപ്പിലാക്കിയ സൗജന്യ ട്രാന്‍സിറ്റ് വിസ പദ്ധതിക്ക് ലഭിച്ച സ്വീകാര്യത പരിഗണിച്ചാണ് സൗജന്യ താമസം അനുവദിക്കുന്നതെന്ന് ടൂറിസം അതോറിറ്റി ചീഫ് ടൂറിസം ഓഫിസര്‍ ഹസന്‍ അല്‍ഇബ്രാഹിം പറഞ്ഞു.

ട്രാന്‍സിറ്റ് വിസ ഏര്‍പ്പെടുത്തിയതോടെ മാര്‍ച്ചില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 53 ശതമാനം സന്ദര്‍ശകരുടെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. പ്ലസ് ഖത്തര്‍ ടുഡേ എന്ന പേരില്‍ സൗജന്യ താമസം അവതരിപ്പിക്കുന്നതിലൂടെ സന്ദര്‍ശകര്‍ ഇനിയും ഉയരും. എയര്‍പോര്‍ട്ട് വഴി യാത്ര ചെയ്യുന്ന 30 ദശലക്ഷം യാത്രക്കാരില്‍ നല്ലൊരു ശതമാനം പേരെയും ആകര്‍ഷിക്കുകയാണ് ലക്ഷ്യം.

ഒരു ദിവസം ദോഹയില്‍ തങ്ങി ഖത്തറിന്റെ പ്രധാന കാഴ്ചകള്‍ കാണുന്നതിനുള്ള സൗകര്യമാണ് ഒരുക്കുക. ഒരു ദിവസം കൂടി അധികം തങ്ങണമെന്നുള്ളവര്‍ക്ക് 50 ഡോളര്‍ നല്‍കി ബുക്ക് ചെയ്യാം. ഫോര്‍ സീസണ്‍, മാരിയറ്റ് മാര്‍ക്വിസ്, റാഡിസണ്‍ ബ്ലു, ഒറിക്‌സ് റൊട്ടാന എന്നീ ഹോട്ടലുകളിലാണ് യാത്രക്കാര്‍ക്ക് താമസ സൗകര്യം ലഭിക്കുക.

യാത്രക്കാര്‍ക്കായി സിറ്റി ടൂര്‍, മരുഭൂമി സവാരി, ബോട്ട് യാത്ര തുടങ്ങിയ സൗകര്യങ്ങളും ടൂറിസം അതോറിറ്റിയുടെ പാക്കേജ് നിരക്കുകളില്‍ ലഭിക്കും. ഖത്തര്‍ എയര്‍വെയ്‌സ് വെബ്‌സൈറ്റിലെ ഗ്ലോബല്‍ ഹോം പേജില്‍ മള്‍ട്ടി സിറ്റി സെലക്ട് ചെയ്ത് ദോഹ വഴിയുള്ള യാത്രക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് സൗകര്യം ലഭിക്കുക. ഹോട്ടല്‍ കൂടി തിരഞ്ഞെടുക്കുന്നതോടെയാണ് ടിക്കറ്റ് കണ്‍ഫേം ചെയ്യപ്പെടുക.

ആഗസ്ത് 31ന് അകം ടിക്കറ്റ് ബുക്ക് ചെയ്യണം. എന്നാല്‍, ഹോട്ടല്‍ താമസം സപ്തംബര്‍ 30 വരെ ഉപയോഗപ്പെടുത്താം. ഈദുല്‍ ഫിത്വര്‍, ഇദുല്‍ അദ്്ഹ അവധി ദിവസങ്ങളില്‍ ഈ ഓഫര്‍ ലഭിക്കില്ല. ഫസ്റ്റ്, ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്ക് പഞ്ച നക്ഷത്ര ഹോട്ടലിലും എക്കോണമി ക്ലാസ് യാത്രക്കാര്‍ക്ക് ഫോര്‍ സ്റ്റാര്‍ ഹോട്ടലിലുമാണ് താമസ സൗകര്യം ലഭിക്കുക. ചുരുങ്ങിയത് 12 മണിക്കൂറെങ്കിലും ട്രാന്‍സിറ്റ് സമയം ഉള്ളവര്‍ക്കാണ് ഓഫര്‍.

ഖത്തര്‍ എയര്‍വെയ്‌സ് യാത്രക്കാര്‍ക്ക് രാജ്യത്ത് അഞ്ചു മുതല്‍ 96 മണിക്കൂര്‍ വരെ താങ്ങാവുന്ന ഓണ്‍ലൈന്‍ ട്രാന്‍സിറ്റ് വിസയാണ് നേരത്തേ സൗജന്യമായി അനുവദിച്ചു തുടങ്ങിയത്. രാജ്യത്തെത്തുന്ന സഞ്ചാരികള്‍ ഷോപ്പിങിലൂടെയും മറ്റു സേവനങ്ങള്‍ ഉപയോഗിക്കുന്നതിലൂടെയും രാജ്യത്തെ വാണിജ്യ വ്യവസായ മേഖലക്ക് നല്‍കുന്ന ഉണര്‍വിനൊപ്പം ഖത്തര്‍ എയര്‍വെയ്‌സ് വിമാനത്തില്‍ ലോകവ്യാപകമായുള്ള യാത്രക്കാരുടെ സഞ്ചാരം വര്‍ധിപ്പിക്കുക കൂടി ലക്ഷ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here