നിമയ പോരാട്ടത്തിന്റെ വിജയത്തിളക്കത്തില്‍ സംസ്ഥാന പൊലിസ് മേധാവിയായി ടി.പി സെന്‍കുമാര്‍ വീണ്ടും ചുമതലയേറ്റു. തിരുവനന്തപുരം പൊലിസ് ആസ്ഥാനത്തെത്തിയ അദ്ദേഹം ഗാര്‍ഡ് ഓഫ് സ്വീകരിച്ച ശേഷം ഓഫിസിലെത്തി ലോക്‌നാഥ് ബെഹ്‌റയില്‍ നിന്ന് ചുമതല ഏറ്റെടുത്തു.

11 മാസത്തിനു ശേഷമാണ് പദവിയില്‍ തിരിച്ചെത്തുന്നത്. ജൂണ്‍ 30 വരെയാണ് സെന്‍കുമാറിന്റെ സര്‍വീസ് കാലാവധി.

നല്ല കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് ചുമതലയേറ്റ ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സെന്‍കുമാര്‍ പറഞ്ഞു. സ്ത്രീ സുരക്ഷ, റോഡ് അപകടം കുറയ്ക്കുക തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തും. ക്യാമറകള്‍ സ്ഥാപിച്ച് കൂടുതല്‍ സുരക്ഷയൊരുക്കാന്‍ ശ്രദ്ധിക്കും.

പൊലിസിന് ഉപദേഷ്ടാവില്ല, അദ്ദേഹത്തിന്‍റെ ചുമതല മുഖ്യമന്ത്രിക്ക് ഉപദേശം നല്‍കലാണ്. അത് അദ്ദേഹം മുഖ്യമന്ത്രിക്ക് നല്‍കുമെന്നും സെന്‍കുമാര്‍ പറഞ്ഞു.

കേരളാ പൊലിസില്‍ ഇപ്പോള്‍ ഞാനാണ് സീനിയര്‍ ഐ.പി.എസ് ഓഫിസര്‍. തന്റെ കീഴിലുള്ള എല്ലാ പൊലിസ് ഓഫിസര്‍മാരെയും എനിക്കും തിരിച്ചും നന്നായറിയാം. അതിനനുസരിച്ചായിരിക്കും പെരുമാറുക.

മുഖ്യമന്ത്രിക്ക് സൗകര്യമുള്ള സമയത്ത് പെട്ടെന്നു തന്നെ കാണുമെന്നും അദ്ദേഹം പറഞ്ഞു. പ്രവര്‍ത്തനത്തിന് വിഘാതമായ എന്തെങ്കിലും ഉണ്ടാവുമെങ്കില്‍ ഇനിയും തുറന്നടിക്കുമെന്ന് ചീഫ് സെക്രട്ടറിയുടെ നിലപാടിനെപ്പറ്റി ചോദിച്ചപ്പോള്‍ സെന്‍കുമാര്‍ പറഞ്ഞു.

നിയമപ്രശ്‌നത്തെപ്പറ്റി ഇപ്പോള്‍ പറയാന്‍ പാടില്ല. കേസ് സുപ്രിം കോടതിയിലുള്ളതിനാലാണിതെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here