ന്യൂയോർക്ക് ∙ ലോകമെമ്പാടും രാഷ്ട്രീയത്തടവുകാരുടെ മോചനത്തിനുവേണ്ടി പ്രവർത്തിക്കുന്ന യുഎസ് ആസ്ഥാനമായ ‘ഫ്രീഡം നൗ’ എന്ന സംഘടനയ്ക്ക് ഐക്യരാഷ്ട്ര സംഘടനയുടെ അംഗീകാരം നൽകിയ വോട്ടെടുപ്പിൽ വിട്ടുനിന്ന 11 രാജ്യങ്ങൾക്കൊപ്പം ഇന്ത്യയും. സർക്കാരിതര സംഘടന(എൻജിഒ)കൾക്കുള്ള യുഎൻ വിദഗ്ധോപദേശക പദവി ഫ്രീഡം നൗവിനു തിങ്കളാഴ്ചയാണ് യുഎൻ എക്കണോമിക് ആൻഡ് സോഷ്യൽ കൗൺസിൽ (ഇസിഒഎസ്ഒസി) നൽകിയത്. സന്നിഹിതരായിരുന്ന 54ൽ 29 രാജ്യങ്ങൾ അനുകൂലിച്ചപ്പോൾ ഒൻപതു രാജ്യങ്ങൾ എതിർത്തു.

കഴിഞ്ഞ മേയിൽ എൻജിഒകളുടെ അപേക്ഷ പരിഗണിക്കുന്ന സമിതി ഫ്രീഡം നൗവിന്റെ അപേക്ഷ നിരസിക്കാനാണു ശുപാർശ ചെയ്തത്. സമിതിയിലെ വോട്ടെടുപ്പിൽ ഇന്ത്യ മാത്രമാണ് വിട്ടുനിന്നത്. പ്രമേയത്തിൻമേലുള്ള തിങ്കളാഴ്ചത്തെ ഇസിഒഎസ്ഒസിയിലെ വോട്ടെടുപ്പിൽ ഇന്ത്യ അടക്കം 11 രാജ്യങ്ങൾ വിട്ടുനിന്നെങ്കിലും സമിതിയുടെ ശുപാർശ തള്ളിയാണ് ഫ്രീഡം നൗവിന് അംഗീകാരം നൽകിയത്. റഷ്യ, ചൈന, പാക്കിസ്ഥാൻ, ക്യൂബ, വെനസ്വേല, ഇറാൻ, സുഡാൻ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് എതിർത്തത്.

യുഎൻ പദവിക്കുവേണ്ടി ഫ്രീഡം നൗ ആറുവർഷമായി അപേക്ഷ നൽകാറുണ്ടായിരുന്നുവെങ്കിലും അംഗീകാരം നിരസിക്കുകയായിരുന്നു. നിലവിൽ 4000 എൻജിഒകൾക്കാണ് യുഎൻ അംഗീകാരമുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here