രാജ്യത്തെ ഉന്നത ഐ.ടി കമ്പനിയായ വിപ്രോയ്ക്ക് ഇ-മെയില്‍ ഭീഷണി. 500 കോടി രൂപയുടെ ബിറ്റ്‌കോയിന്‍ (ഡിജിറ്റല്‍ കറന്‍സി) നല്‍കിയില്ലെങ്കില്‍ ജൈവിക ആക്രമണം നടത്തുമെന്നാണ് ഭീഷണി. മാര്‍ച്ച് 25 നകം ബിറ്റ്‌കോയിന്‍ നല്‍കണമെന്നാണ് ആവശ്യം.

മനുഷ്യര്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന രീതിയില്‍ ഭക്ഷണത്തിലോ മറ്റോ വിഷം പോലുള്ളവ പ്രയോഗിച്ച് ആക്രമണം നടത്തുന്നതാണ് ബയോ അറ്റാക്ക് അഥവാ ജൈവിക ആക്രമണം.

പ്രകൃതിദത്തമായ വിഷങ്ങള്‍ കമ്പനിയുടെ കഫ്തീരിയകളിലും ടോയ്‌ലറ്റുകളിലും ഡ്രോണ്‍ വഴിയും പ്രയോഗിക്കുമെന്നാണ് ഭീഷണി. വരും ദിവസങ്ങളില്‍ പ്രയോഗിക്കുന്ന വിഷത്തിന്റെ രണ്ടു ഗ്രാം സാമ്പിള്‍ ഏതെങ്കിലും ഓഫിസില്‍ എത്തിക്കാമെന്നും ഇ-മെയിലില്‍ പറയുന്നു.

അജ്ഞാത കേന്ദ്രത്തില്‍ നിന്നാണ് ഇ-മെയില്‍ സന്ദേശമെത്തിയിരിക്കുന്നതെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. കമ്പനിയുടെ എല്ലാ കേന്ദ്രങ്ങളിലും സുരക്ഷാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കമ്പനിയുടെ പ്രവര്‍ത്തനത്തെ ഇതു ബാധിച്ചിട്ടില്ല. അന്വേഷണം നടക്കുന്നതിനാല്‍ മറ്റൊന്നും പറയാനില്ലെന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

പരാതിയെത്തുടര്‍ന്ന് ബെംഗളൂരു പൊലിസിന്റെ സൈബര്‍ വിഭാഗം അന്വേഷണം ആരംഭിച്ചു. അതേസമയം, സന്ദേശം വ്യാജമാണോയെന്ന അന്വേഷണത്തിലാണ് ബെംഗളൂരു പൊലിസ്.

നേരത്തെ 2013 ലും വിപ്രോയ്ക്ക് ഭീഷണിയുണ്ടായിരുന്നു. കമ്പനിയുടെ ബെംഗളൂരു ക്യാംപസ് തകര്‍ക്കുമെന്നായിരുന്നു അന്നത്തെ ഭീഷണി. ഇതു വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here