സമീപകാലത്ത് കശ്മീര്‍ താഴ്‌വരയില്‍ പുകയുന്ന അശാന്തി ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ ശര്‍മയുടെതാണ് പ്രതികരണം.

മന്‍മോഹന്‍ സിങ്ങിന്റെ ഭരണകാലത്ത് ജമ്മു കശ്മീര്‍ ശാന്തമായിരുന്നു. സാധാരണ നിലയിലായിരുന്നു അവിടുത്തെ ജീവിതങ്ങള്‍. സംസ്ഥാനത്തെ വിനോദ സഞ്ചാരം ഏറ്റവും ഉയര്‍ന്ന നിലയിലുമായിരുന്നു. എന്നാല്‍ മോദിയുടെ നയങ്ങള്‍ ദുരന്തമായിരിക്കുകയാണ്. സംസ്ഥാനത്ത് അദ്ദേഹം പരാജയപ്പെട്ടിരിക്കുന്നു. പാകിസ്താനുമായുള്ള ബന്ധം എങ്ങിനെ മുന്നോട്ടു കൊണ്ടു പോവണമെന്നതിനെ കുറിച്ച് അദ്ദേഹത്തിന് ഒരു ധാരണയുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മന്‍മോഹന്‍ സിങ്ങിന്റെ ഭരണ കാലത്ത് കശ്മീരിലേക്ക് സ്വദേശ വിദേശ വിനോദസഞ്ചാരികളുടെ ഒഴുക്കായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ ഇന്ന് അവിടെ വിനോദ സഞ്ചാരമേ ഇല്ല- ആനന്ദ ശര്‍മ പറഞ്ഞു. കശ്മീര്‍ വിഷയത്തില്‍ മന്‍മോഹന്‍ സിങ്ങിനെ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി നിരന്തരമായി വേട്ടയാടിയിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

കശ്മീരില്‍ അക്രമം വ്യാപിപ്പിക്കാന്‍ വിഘടനവാദികള്‍ക്ക് പാക്കിസ്താന്‍ രഹസ്യാന്വേഷണ വിഭാഗമായ ഐ.എസ്.ഐ ഫണ്ട് നല്‍കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളില്‍ വിശദമായ അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇത്തരം വിഷയങ്ങള്‍ ഗൗരവതരമാണെന്നും എത്രയും പെട്ടെന്ന് അന്വേഷണം നടത്തണമെന്നും കോണ്‍ഗ്രസ് നേതാവ് ടോം വടക്കന്‍ പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here