ന്യൂയോര്‍ക്ക്: അപ്പന്മാരാണെങ്കില്‍ ഇങ്ങനെ വേണം. മകന്റെ കാമുകിക്ക് മകന്റെ കത്തുമായി ഹംസത്തിന്റെ റോളില്‍ പോകാന്‍ മടിയില്ല. കല്യാണം നടക്കില്ലെന്നു വന്നപ്പോള്‍ മകന്റെ കാമുകിയെ ചാക്കില്‍ കെട്ടി എടുത്തു വീട്ടിലേക്ക്. (ഭീഷ്മര്‍ പണ്ട് അംബ, അംബിക, അംബാലികമാരെ അനിയന്മാര്‍ക്കുവേണ്ടി റാഞ്ചിയപോലെ). പക്ഷെ കെട്ടു തുറന്നപ്പോള്‍ അതില്‍ മകന്റെ കാമുകിയുടെ അഛന്‍! ആവോളം ചിരിക്കാനും, കുറെ ചിന്തിക്കാനും പുതുമയുള്ള നിമിഷങ്ങള്‍ നല്‍കി ‘ഒറ്റമരത്തണല്‍’ നാടകം അരങ്ങേറിയപ്പോള്‍ നാട്ടില്‍ നിന്നുള്ള കലാകാരന്മാര്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളേക്കാള്‍ ഒരുപടി മുന്നിലാണെന്നു തോന്നി. പറഞ്ഞിട്ട് എന്താ കാര്യം. മുറ്റത്തെ കലാകാരന്മാര്‍ക്ക് സ്റ്റേജില്ലല്ലോ?
ന്യൂജേഴ്‌സി കേന്ദ്രമായ ഫൈന്‍ ആര്‍ട്‌സിന്റെ പതിനഞ്ചാം വാര്‍ഷികം പ്രമാണിച്ചുള്ള ഉപഹാരമായിരുന്നു ഒറ്റമരത്തണല്‍. ഒന്നര ദശകത്തിനിടയില്‍ ഒന്നര ഡസനോളം നാടകങ്ങള്‍ അമേരിക്ക, കാനഡ, മലേഷ്യ എന്നിവിടങ്ങളിലെ മുപ്പതില്‍പ്പരം സ്റ്റേജുകളില്‍ അവതരിപ്പിക്കുകയും അര മില്യന്‍ ഡോളറോളം സംഘാടകര്‍ക്ക് നേടിക്കൊടുക്കുകയും ചെയ്ത ഫൈന്‍ ആര്‍ട്‌സ്, രക്ഷാധികാരി പി.ടി. ചാക്കോ മലേഷ്യയുടെ നേതൃത്വത്തില്‍ നാടകത്തിന് ഇനിയും ബാല്യമുണ്ടെന്നു തെളിയിക്കുന്ന പ്രകടനമായിരുന്നു ഒറ്റമരത്തണലില്‍ കാഴ്ചവെച്ചത്.

ഇനി ഒരല്‍പ്പം കഥ: കാളവണ്ടിക്കാരനായ പിതാവിന്റെ മെഡിസിനു പഠിക്കുന്ന മകന്‍ മോഹന്‍ ദാസ് നാട്ടിലെ ധനികന്റെ പുത്രിയുമായി പ്രണയത്തിലാകുന്നു. ഒരു ദരിദ്രവാസി കുടുംബത്തിലേക്ക് മകളെ കൊടുക്കില്ലെന്ന് പിതാവ്. ഒടുവില്‍ തിരിഞ്ഞു മറിഞ്ഞ്പിതാവ് സമ്മതം മൂളി. മകളെ പൊന്നുപോലെ നോക്കാമെന്ന ഉറപ്പില്‍ വിവാഹം കഴിച്ചു കൊടുത്തു.

യവനിക ഉയരുമ്പോള്‍ മൂന്നു പതിറ്റാണ്ടോളം കടന്നു പോയിരിക്കുന്നു. മരുമകളും അമ്മയിയപ്പനും തമ്മിലുള്ള സ്‌നേഹപൂര്‍ണമായ വാക്‌പോരിലാണ് തുടക്കം. ഇവിടെയും ഹംസത്തിന്റെ റോളിലാണ് അച്ഛന്‍. കാല്‍ നൂറ്റാണ്ടായി മിണ്ടാതായ കോളജ് പ്രൊഫസറായ മരുമകള്‍ക്കും ഡോക്ടറായ മകനും ഇടയില്‍ നിന്ന് അവര്‍ പറയുന്ന കാര്യങ്ങള്‍ റിലേ ചെയ്യുകയാണ് പ്രധാന ജോലി.
അങ്ങനെയിരിക്കെ അവരുടെ ഏക മകന്‍ ഒരു പെണ്ണിനെ വിളിച്ചു കൊണ്ടുവന്നു. ഊരും വീടുമൊന്നും അറിയില്ല. പെണ്ണിന്റെ അപ്പന്‍ വന്നപ്പോള്‍ അതു പഴയ കവി ശിവദാസ്. സുജാതയുടെ വീടുമായി അടുത്ത ബന്ധമുള്ള ആള്‍. ഡോ. മോഹന്‍ ദാസിനും സുജാതക്കും കുഞ്ഞുണ്ടായപ്പോള്‍ പലരും പറഞ്ഞു മകന് ശിവദാസിന്റെ മുഖച്ഛായ ആണെന്ന്. അതുകേട്ട ഡോ. മോഹന്‍ ദാസ് ഭാര്യയോട് ഡി.എന്‍.എ ടെസ്റ്റ് നടത്തണമെന്ന് ആവശ്യപ്പെട്ടു. അഗ്‌നിശുദ്ധി വരുത്താന്‍ സീതാ ദേവിയോട് ആവശ്യപ്പെട്ടപോലെ. പക്ഷെ ഈ സീത വിസമ്മതിച്ചു. അതോടെ ഇരുവരും മിണ്ടാതായി. ശിവദാസിനെ കണ്ടപ്പോഴാണ് സംശയമൊക്കെ അസ്ഥാനത്തായിരുന്നവെന്ന് വ്യക്തമായത്.
പിന്നെ പതിവ് പോലെ ഏറ്റുപറച്ചില്‍, കുമ്പസാരം, രമ്യപ്പെടല്‍. അതിനിടയില്‍ പ്രൊഫസര്‍ക്ക് ശ്വാസകോശത്തില്‍ കാന്‍സര്‍ അവസാന ഘട്ടത്തില്‍. പരിണാമ ഗുസ്തി നിയമപ്രകാരം അങ്ങനെയൊക്കെ വേണമല്ലോ? എന്നാലും ഒരു സന്ദേശമുണ്ട്. ജീവിക്കേണ്ട കാലത്ത് ജീവിക്കണം. മാറ്റിവെച്ചാല്‍ അതു നടന്നുവെന്നു വരില്ല. രണ്ടും മൂന്നും ജോലി ചെയ്യുന്ന അമേരിക്കന്‍ മലയാളികള്‍ക്ക് പറ്റിയ സന്ദേശം തന്നെ. (രണ്ടും മൂന്നും ജോലി ചെയ്യുന്നത് ജീവിക്കാന്‍ വേറെ മാര്‍ഗമില്ലാത്തതു കൊണ്ടാണെന്നതു വേറെ കാര്യം)

അച്ഛനായി അഭിനയിച്ച റോയ് മാത്യു ആണ് നാടകത്തിന്റെ ജീവനാഡി. കലക്കന്‍ സംസാരം. കലക്കന്‍ പ്രകടനം. കാമുകിയായും മധ്യവയസ്‌കയായും അഭിനയിച്ച സജിനി സഖറിയ പതിവു പോലെ അരങ്ങില്‍ തിളങ്ങി. ഡോക്ടര്‍ മോഹന്‍ദാസായി അഭിനയിച്ച സണ്ണി റാന്നിയും ജയന്‍ കാലഘട്ടത്തെ അനുസ്മരിപ്പിച്ച യുവാവായും മധ്യവയസ്‌ക്കനായും ഗംഭീര അഭിനയമാണ് കാഴ്ച വച്ചത്. സുമിത്രയുടെ റോള്‍ അഞ്ജലി തന്മയത്വമായി പ്രതിഫലിപ്പിച്ചു. സുദീവ് എന്ന കഥാപാത്രം ടീനോയുടെ കൈകളില്‍ ഭദ്രമായി. തലയെടുപ്പോടെ വന്ന പ്രൊഫ. ശിവദാസ് എന്ന കഥാപാത്രത്തെ ഷിബു തകര്‍പ്പനാക്കി. നാടന്‍ പെണ്ണായ ഗൗരി എന്ന കാളവണ്ടിക്കാരന്റെ ഭാര്യ കഥാപാത്രത്തെ ഷൈനി മികവുറ്റതാക്കി. ഹ്രസ്വമായി രംഗത്തു വന്ന ലോറന്‍സ് എന്ന കാളവണ്ടിക്കാരന്റെ ശിങ്കിടി കഥാപാത്രമായി ചാക്കോ.ടി. ജോണും അഭിനയിച്ചു. ജോര്‍ജ് തുമ്പയിലിന്റെ ധനാഢ്യന്‍ ചെറിയ വേഷത്തിലും പണക്കാരന്റെ പണശ്രീ തെളിയിച്ചു.

കാണാതെ പഠിച്ച സംസാരം ഓര്‍മ്മയില്‍ നിന്നു തന്നെ പറയുന്ന കഥാപാത്രങ്ങള്‍ ഒരുപക്ഷെ ഈ വേദിയിലേ ഉണ്ടാകൂ. കൃത്രിമത്വം ഇല്ലാതെ സാങ്കേതിക മേന്മ കൈവരിക്കാമെന്ന സന്ദേശം കൂടി ഒറ്റമരത്തണല്‍ നല്‍കുന്നുണ്ട്. നാടകം മരിച്ചിട്ടില്ലെന്നു നാടകം കണ്ടുകഴിഞ്ഞപ്പോള്‍ തോന്നി. നാട്ടില്‍ അന്യം നില്‍ക്കുകയാണെങ്കിലും ഏറെ സൗകര്യങ്ങളുള്ള മറുനാടന്‍ മണ്ണില്‍ തഴച്ചു വളരാന്‍ പറ്റിയ കലാരൂപമാണ് നാടകമെന്നു വീണ്ടും ബോധ്യമായി. കലാകാരന്മാര്‍ക്ക് കഴിവ് തെളിയിക്കാന്‍ ഇതില്പരം ഒരു കലാരൂപമില്ല.

മലേഷ്യയില്‍ ആറര പതിറ്റാണ്ട് മുമ്പെത്തി അവിടെ കലാസപര്യ ആരംഭിച്ച പി.ടി. ചാക്കോ അമേരിക്കയില്‍ കൊളുത്തിയ കലാനാളം അണയുകയില്ലെന്നാണ് നടകത്തിന്റെ വിജയം വ്യക്തമാക്കിയത്. പതിനഞ്ചാം വാര്‍ഷികത്തില്‍ മുഖ്യാതിഥിയായെത്തിയ സീറോ മലബാര്‍ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് താന്‍ പാറ്റേഴ്‌സണ്‍ പള്ളി വികാരിയായിരുന്ന കാലം മുതല്‍ ഫൈന്‍ ആര്‍ട്‌സുമായുള്ള ബന്ധം അനുസ്മരിച്ചു.

സംവിധായകനായ റെഞ്ചി കൊച്ചുമ്മനെ ചടങ്ങില്‍ ആദരിച്ചു. മാര്‍ ജോയ് ആലപ്പാട്ട് പ്രശംസാ ഫലകം നല്‍കി. സംവിധായകന്‍ സോഹന്‍ലാല്‍ റെഞ്ചി കൊച്ചുമ്മനെ അഭിനന്ദിച്ചു. ഫൈന്‍ ആര്‍ട്‌സിന്റെ നിറ സന്നിധ്യമായിരുന്ന അന്തരിച്ച ജോസ് കുറ്റോലമഠത്തിനു ആദരാഞ്ജലി അര്‍പ്പിച്ചാണു വാര്‍ഷികാഘോഷം തുടങ്ങിയത്. പായസം, പഴം, കേക്ക് തുടങ്ങി മധുര പലഹാരങ്ങള്‍ നല്‍കിയാണു കാണികളെ സ്വീകരിച്ചത്. അതും പുതുമയായി. സുമന്റെ നേതൃത്വത്തില്‍ ടെസ്സി, എല്‍സ, ഷീജ, സൂസന്‍, ജിനു എന്നിവരാണ് അതിഥികളെ വരവേറ്റത്.

പതിനഞ്ചാം വാര്‍ഷികം പ്രമാണിച്ച് സുവനീറും പ്രകാശനം ചെയ്തു സംവിധായകരായ മേജര്‍ രവി, സോഹന്‍ ലാല്‍ എന്നിവരടക്കം പ്രൗഢ സദസ് പങ്കെടുത്തു. ഫൈന്‍ ആര്‍ട്ട്‌സിലെ യുവ കലാകാരികള്‍ നൃത്തവും അവതരിപ്പിച്ചു ഡാളസ്, ടൊറന്റോ, ഫിലഡല്‍ഫിയ എന്നിവിടങ്ങളില്‍ നാടകം അവതരിപ്പിക്കാന്‍ ക്ഷണം ലഭിച്ചതായും അതിനു തയ്യാറെടുപ്പുകള്‍ നടത്തുന്നതായും പ്രസിഡന്റ് സജിനി സഖറിയ അറിയിച്ചു. ഫൈന്‍ ആര്‍ട്ട്‌സിന്റെ ഒട്ടേറേ നാടകങ്ങള്‍ സംവിധാനം ചെയ്തത് കൊച്ചുമ്മനാണ്. ജോസ് കാഞ്ഞിരപ്പള്ളി ആയിരുന്നു മറ്റൊരു സംവിധായകന്‍.

നാട്ടിലെ ആര്‍ട്‌സ് ക്ലബിലൂടെയാണ് റെഞ്ചി കൊച്ചുമ്മന്റെ തുടക്കം. കേരളാ ഗവണ്‍മെന്റിന്റെ മദ്യവര്‍ജ്ജന പ്രസ്ഥാനത്തിനു വേണ്ടി എം.പി. മന്മഥന്‍ സാറിന്റെ കൂടെ കേരളമങ്ങോളമിങ്ങോളം നാടകവുമായി ഓടി. കേരളാ യൂണിവേഴ്‌സിറ്റി യുവജനോത്സവത്തില്‍ സജീവമായി നാടകരംഗത്തുണ്ടായിരുന്നു. 1982ല്‍ ബസ്റ്റ് ആക്ടര്‍. അമേരിക്കയിലെത്തിയശേഷം പി.ടി. ചാക്കോയുടെ സഹപ്രവര്‍ത്തകനായി. സ്‌നാപക യോഹന്നാനായി വേഷമിട്ടാണ് തുടക്കം. പിന്നീട് ഫൈന്‍ ആര്‍ട്‌സ് ക്ലബിലൂടെ തിരക്കേറുകയായിരുന്നു. നാടകത്തില്‍ വേഷമിട്ടവര്‍ സജിനി സഖറിയ, സണ്ണി റാന്നി, ഷൈനി എബ്രഹാം, ജോര്‍ജ് തുമ്പയില്‍, റോയി മാത്യു, ടിനൊ തോമസ്,അഞ്ജലി ഫ്രാന്‍സിസ്, ചാക്കോ.ടി. ജോണ്‍, ഷിബു ഫിലിപ്പ് എന്നിവരാണ് ഫൈന്‍സ് ആര്‍ട്‌സ് ക്ലബിന് ബീജാവാപം നടത്തിയ വ്യക്തിയാണ് പി.ടി. ചാക്കോ മലേഷ്യ. മലേഷ്യയിലും സിംഗപ്പൂരിലും കലാരംഗത്ത് വെന്നിക്കൊടി പാറിച്ച്, ഓള്‍ അമേരിക്കന്‍ മലയാളി അസോസിയേഷന്റെ (അമ്മ) പ്രസിഡന്റായി സ്തുത്യര്‍ഹമായി സേവനം അനുഷ്ഠിച്ചതിനു ശേഷമാണ് 1992ല്‍ അമേരിക്കയിലെത്തിയത്. സ്ത്രീ വേഷമിട്ടാണ് മലേഷ്യയില്‍ അഭിനയ ജീവിതം തുടങ്ങിയത്. കലാഹൃദയമുള്ളവരെ കണ്ടുപിടിക്കുകയും, അവരില്‍ ഓരോരുത്തരുടേയും അഭിരുചി അനുസരിച്ച് റോളുകള്‍ നല്‍കുകയും ചെയ്ത് അമേരിക്കയില്‍ പുതിയൊരു നാടക പ്രസ്ഥാനത്തിനാണ് പി.ടി. ചാക്കോച്ചന്‍ തുടക്കമിട്ടത്.

അണിയറയില്‍ സാം പി എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പരിചിതരും അനുഭവജ്ഞാനവുമുള്ള ഒരു കൂട്ടം ടെക്‌നീഷ്യന്മാര്‍. ചാക്കോ ടി. ജോണ്‍, ജോണ്‍ സക്കറിയ, നോവ ജോസഫ് കുറ്റോലമഠം, ബ്രയന്‍ തുമ്പയില്‍, ജയന്‍ ജോസഫ് എന്നിവര്‍ക്കായിരുന്നു നാടകവേദിയുടെ നിയന്ത്രണം. സാം പി എബ്രഹാം മേയ്ക്കപ്പ് നിര്‍വ്വഹിച്ചു. ഓഡിറ്റോറിയം മാനേജ്‌മെന്റിന്റെ ചാര്‍ജ് ഫൈന്‍ ആര്‍ട്‌സ് മുന്‍ പ്രസിഡന്റ് കൂടിയായ ഉണ്ണിക്രുഷ്ണന്‍ നായര്‍ക്കായിരുന്നു. റീന മാത്യു സംഗീത നിര്‍വ്വഹണം. ജിജി എബ്രഹാം ലൈറ്റിങ്ങ്, എബി വിഷ്വല്‍ ഡ്രീംസ്, സൗണ്ട്, പബ്ലിക്ക് റിലേഷന്‍സ് ജോര്‍ജ് തുമ്പയില്‍, ഫ്രണ്ട് ഡസ്‌ക് എഡിസണ്‍ എബ്രഹാം, സണ്ണി മാമ്പിള്ളി, സാമുവല്‍ മത്തായി, അഡൈ്വസര്‍ ജോസ് കാഞ്ഞിരപ്പള്ളി എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു ടീമാണ് നാടകത്തിന് ജീവനും തുടിപ്പുമേകിയത്. പ്രവര്‍ത്തനത്തെ ഏകോപിപ്പിച്ചു പി.ടി ചാക്കോ (മലേഷ്യ) പ്രൊഡ്യൂസറായി.

ഇപ്പോഴത്തെ ഭരണസമിതിയില്‍ പി.ടി ചാക്കോ (രക്ഷാധികാരി), സജിനി സഖറിയ (പ്രസിഡന്റ്), ഷിബു.എസ്.ഫിലിപ്പ് (സെക്രട്ടറി), എഡിസണ്‍ എബ്രഹാം (ട്രഷറര്‍), സാം പി. എബ്രഹാം, സണ്ണി റാന്നി, ജിജി എബ്രഹാം, ജോര്‍ജ് തുമ്പയില്‍ എന്നിവരാണുള്ളത്. റോയ് മാത്യുവാണു ഓഡിറ്റര്‍. പത്മവിഭൂഷണ്‍ ഡോ. കെ.ജെ യേശുദാസ് ഭദ്രദീപം കൊളുത്തി പുതിയൊരു സാംസ്‌കാരിക അധ്യായത്തിന് തുടക്കമിട്ട ക്ലബിന്റെ വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു. 2001 ഫെബ്രുവരി 24 ന് ആദ്യനാടകമായ പ്രമാണി സ്റ്റേജില്‍ അവതരിപ്പിച്ചു. നാടകം, നൃത്തം, ഗാനം, ചരിത്രാവിഷ്‌ക്കാരം തുടങ്ങി വിവിധ കലാരൂപങ്ങള്‍ സംശുദ്ധവും സുതാര്യവുമായ ശൈലിയില്‍ ആധികാരികതയോടെ, ആസ്വാദക സമക്ഷം സമര്‍പ്പിച്ച ക്ലബിനു സ്വന്തമായി രംഗപടങ്ങള്‍, ലൈറ്റിങ്ങ്, മേക്കപ്പ് സാമഗ്രികള്‍ എല്ലാം സ്വന്തമാക്കാന്‍ കഴിഞ്ഞു.

ചിത്രങ്ങള്‍: എബ്രഹാം മാത്യു ഈസ്റ്റ് ഹാനോവര്‍

DSC_8248 DSC_8406 DSC_8328 DSC_8290

LEAVE A REPLY

Please enter your comment!
Please enter your name here