ഒന്നില്‍ കൂടുതല്‍ ട്രെയിനുകള്‍ ഉപയോഗിച്ചുള്ള കൊച്ചി മെട്രോയുടെ പരീക്ഷണയോട്ടം തുടങ്ങി.

പൂര്‍ണസജ്ജമായ ട്രാക്കിലൂടെയുള്ള പരീക്ഷണ ഓട്ടമാണ് നടക്കുന്നത്. സാധാരണ യാത്രാ സര്‍വിസിന് സമാനമായിരിക്കും പരീക്ഷണ ഓട്ടമെങ്കിലും യാത്രക്കാരെ കയറ്റില്ല. ആലുവ മുതല്‍ പാലാരിവട്ടംവരെയും തിരിച്ചുമുള്ള സര്‍വിസുകളില്‍ എല്ലാ സ്റ്റേഷനുകളിലും ട്രെയിന്‍ നിര്‍ത്തും. അനൗണ്‍സ്‌മെന്റ് കൂടാതെ ട്രെയിനിനകത്തുള്ള ഡിസ്‌പ്ലേയില്‍ അതാത് സ്റ്റേഷനുകളുടെ വിവരങ്ങളും മറ്റും പ്രദര്‍ശിപ്പിക്കും. ഘട്ടം ഘട്ടമായിട്ടായിരിക്കും ഈ സംവിധാനങ്ങള്‍ പരീക്ഷിക്കുക.

നാല് ട്രെയിനുകളാണ് ഇന്ന് പരീക്ഷണ ഓട്ടം നടത്തുക. രാത്രി 9.30ന് ഓട്ടം അവസാനിക്കും. 142 ട്രിപ്പുകളാണുണ്ടാവുക. വരുംദിവസങ്ങളില്‍ ട്രെയിനുകളുടെ എണ്ണം വര്‍ധിപ്പിക്കും. ആകെ ആറു ട്രെയിനുകളാണ് ആദ്യഘട്ടത്തിലെ സര്‍വിസിനായി മെട്രോക്കുള്ളത്. മൂന്നു കോച്ചുകളുള്ള ട്രെയിനുകളാണ് പരീക്ഷണ ഓട്ടത്തിന് ഉപയോഗിക്കുക. 136 സീറ്റുകളാണ് ഒരു ട്രെയിനിലുണ്ടാവുക. സര്‍വിസും അനുബന്ധ സംവിധാനങ്ങളും കുറ്റമറ്റതാണെന്ന് ഉറപ്പാക്കുംവരെ പരീക്ഷണ ഓട്ടം തുടരുമെന്ന് മെട്രോ അധികൃതര്‍ അറിയിച്ചു.

മൂന്നു ദിവസത്തെ വിശദമായ പരിശോധനകള്‍ക്കു ശേഷം കഴിഞ്ഞ ദിവസമാണ് കൊച്ചി മെട്രോക്ക് കേന്ദ്ര മെട്രോ റെയില്‍ സുരക്ഷാ കമ്മിഷണറുടെ യാത്രാനുമതി ലഭിച്ചത്. ഏറ്റവും കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ ദൂരം സര്‍വിസ് നടത്തുന്ന രാജ്യത്തെ ആദ്യത്തെ മെട്രോയെന്ന സവിശേഷതയും കൊച്ചി മെട്രോക്കുണ്ട്. ആലുവ മുതല്‍ പാലാരിവട്ടംവരെയുള്ള കൊച്ചി മെട്രോയുടെ 13 കിലോമീറ്റര്‍ ദൂരത്തില്‍ 11 സ്‌റ്റേഷന്‍ പരിധിയിലാണ് ആദ്യഘട്ട സര്‍വിസ്. സ്‌റ്റേഷനുകള്‍, പാളം, സിഗ്‌നലിങ്, ടെലികമ്മ്യൂണിക്കേഷന്‍, യാത്രക്കാര്‍ക്കുള്ള സൗകര്യങ്ങള്‍, ശുചിമുറികള്‍, അനൗണ്‍സ്‌മെന്റ് തുടങ്ങി മെട്രോയുടെ എല്ലാ വശങ്ങളും സുരക്ഷാ സംഘം പരിശോധിച്ചിരുന്നു. സുരക്ഷാകാര്യങ്ങളില്‍സംഘം പൂര്‍ണതൃപ്തി അറിയിച്ചിരുന്നു. സൈനേജുകള്‍, പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം എന്നിവയിലും കാമറകള്‍ സ്ഥാപിക്കുന്നതിലും മാത്രമാണ് ചില പോരായ്മകള്‍ കണ്ടെത്തിയത്. അതു പരിഹരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ പോരായ്മകള്‍ ഉടന്‍ തീര്‍ക്കാനുള്ള ശ്രമത്തിലാണ് കെ.എം.ആര്‍.എല്‍ അധികൃതര്‍.

LEAVE A REPLY

Please enter your comment!
Please enter your name here