സചിന്‍…സചിന്‍…ഗാലറികള്‍ മുഴുവന്‍ ഒത്തു വിളിക്കുന്നതിന്റെ ആരവം ഇന്നും മുഴങ്ങുന്നുണ്ടാവും ക്രിക്കറ്റ് പ്രേമികളുടെ മനസ്സില്‍. സച്ചിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ ഗാലറികളില്‍ മുഴങ്ങിയ ഈ ആരവമായിരിക്കും എല്ലാവരുടേയും മനസ്സില്‍ ഓടിയെത്തുക.

എന്നാല്‍ ഈ വിളികള്‍ ആദ്യം കേട്ടത് ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളില്‍ നിന്നല്ലെന്ന വെളിപെടുത്തിയിരിക്കുകയാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍. സചിനെക്കുറിച്ചുള്ള സിനിമയായ ‘സചിന്‍, എ ബില്ല്യണ്‍ ഡ്രീംസ്’എന്ന സിനിമയിലെ ഗാനം എ.ആര്‍ റഹ്മാനുമൊന്നിച്ച് പുറത്തിറക്കിയപ്പോഴായിരുന്നു  പ്രതികരണം.

എപ്പോഴായിരുന്നു ആദ്യം സചിന്‍… സചിന്‍ എന്ന വിളി ക്രിക്കറ്റ് കളിക്കിടെ കേട്ടതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് സ്വതസിദ്ധമായ കുസൃതിയില്‍ മറുപടിയുംനല്‍കി ക്രിക്കറ്റ് ഇതിഹാസം. ‘സത്യത്തില്‍ സചിന്‍, സചിന്‍ വിളി ആദ്യം തുടങ്ങിയത് എന്റെ അമ്മയാണ്. വീടിന് താഴെ കളിക്കാന്‍ പോകുമ്പോള്‍ ബാല്‍ക്കണിയില്‍ നിന്ന് അമ്മ വിളിച്ചാണ് ആദ്യം ആ വിളി കേള്‍ക്കുന്നത്.  നാലോ അഞ്ചോ വയസുള്ളപ്പോഴായിരുന്നു ആദ്യമായി ആ വിളി കേട്ടത് ഓര്‍ക്കുന്നത്. ടെന്നിസ് റാക്കറ്റുകൊണ്ടും ക്രിക്കറ്റ് ബാറ്റുകൊണ്ടും പന്ത് അടിച്ചകറ്റുന്നതായിരുന്നു അക്കാലത്തെ പ്രധാന വിനോദം’.

താന്‍ കളി അവസാനിപ്പിച്ച ശേഷം ആ വിളി കേള്‍ക്കാനാകില്ലെന്നാണ് കരുതിയതെന്നും. എന്നാല്‍ ആ ആരവം തിയേറ്ററില്‍ നിന്നും കേള്‍ക്കാന്‍ കഴിയുമെന്നതില്‍ സന്തോഷവാനാണെന്നും സചിന്‍ പറയുന്നു. 2013 ലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും സചിന്‍ വിരമിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here