കേരളത്തില്‍ ഏറ്റവും അധികം സുരക്ഷയുള്ള ‘വിഐപി ‘കള്‍ ഇനി മാതാ അമൃതാനന്ദമയിയും വെള്ളാപ്പള്ളി നടേശനും മാത്രം.

അമൃതാനന്ദമയിയുടെ കൊല്ലത്തെ ആശ്രമത്തിലെ സുരക്ഷക്കായി 40 സി ആര്‍ പി എഫ് കമാന്‍ണ്ടോകളെയാണ് നിയോഗിക്കുന്നത്. രണ്ട് വാഹനങ്ങളുടെ അകമ്പടിയുമുണ്ടാകും. 24 പേര്‍ എപ്പോഴും കൂടെയുണ്ടാകും.

ജീവന് ഭീഷണിയുണ്ടെന്ന കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സുരക്ഷ ഏര്‍പ്പെടുത്താന്‍ ഉത്തരവിട്ടിരിക്കുന്നത്.

കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വെള്ളാപ്പള്ളിക്ക് നേരത്തെ വൈ കാറ്റഗറി സുരക്ഷയാണ് അനുവദിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ മാതാ അമൃതാനന്ദമയിക്ക് സെഡ് കാറ്റഗറി സുരക്ഷയാണ് അനുവദിച്ചിരിക്കുന്നത്. എ കെ 47 തോക്ക് ഉൾപ്പെടെയുള്ള അത്യാധുനിക ആയുധങ്ങളാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ പക്കലുള്ളത്.

യോഗ ഗുരു ബാബാ രാംദേവിന് ശേഷം സെഡ് കാറ്റഗറി സുരക്ഷ ലഭിക്കുന്ന ആത്മീയ നേതാവാണ് അമൃതാനന്ദമയി.

എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി കൂടിയായ വെള്ളാപ്പള്ളി നടേശന്റെ സുരക്ഷ 13 സി ഐ എസ് എഫ് ജവാന്‍മാരാണ് ഇപ്പോള്‍ നോക്കുന്നത്.

ഒരു തീവ്രവാദ സംഘടനയുടെ ഭീഷണി ഉണ്ടായതായി ചൂണ്ടിക്കാട്ടിയാണ് ഈ സുരക്ഷ. സംസ്ഥാന ആഭ്യന്തര വകപ്പ് അനുവദിച്ചിട്ടുള്ള നാല് പൊലീസുകാര്‍ക്ക് പുറമെയാണിത്.

സ്വാമി ശാശ്വതീകാനന്ദയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളിക്കെതിരെ ആരോപണമുയര്‍ന്നപ്പോള്‍ തനിക്ക് വധഭീഷണി ഉണ്ടെന്ന് പറഞ്ഞ് വെള്ളാപ്പള്ളി തന്നെ രംഗത്ത് വന്നിരുന്നു.

കേരളത്തിലെ ബിജെപി നേതാക്കളും വെള്ളാപ്പള്ളിക്ക് സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുകയുണ്ടായി.

ബി.ഡി.ജെ.എസുമായി ബിജെപി ബന്ധം ‘സുരക്ഷിതമാക്കുന്നതിന്റെ ‘ ഭാഗമായിരുന്നു ഈ സുരക്ഷയെന്ന ആക്ഷേപവും അന്ന് ഉയര്‍ന്നിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും സംഘപരിവാര്‍ നേതൃത്വവുമായും നേരിട്ട് ബന്ധമുള്ളവരാണ് കേന്ദ്ര സുരക്ഷ ലഭിച്ച രണ്ടു പേരും എന്നതും ശ്രദ്ധേയമാണ്.

ഇതോടെ കേരളത്തില്‍ ഏറ്റവും അധികം സുരക്ഷയുള്ള ‘വിഐപി ‘കളായി മാതാ അമൃതാനന്ദമയിയും വെള്ളാപ്പള്ളിയും മാറിയിരിക്കുകയാണ്.

സംസ്ഥാന മുഖ്യമന്ത്രിക്ക് പോലും ഇല്ലാത്ത സുരക്ഷയാണിത്.

ഇവരുടെ സുരക്ഷ ഇനത്തില്‍ മാത്രം വന്‍ സാമ്പത്തിക ചിലവും കേന്ദ്ര സര്‍ക്കാറിന് വഹിക്കേണ്ടി വരും.

അതേ സമയം ബീക്കണ്‍ ലൈറ്റ് ഒഴിവാക്കി വിഐപി സംസ്‌ക്കാരത്തോട് ഗുഡ് ബൈ പറയുന്നതിനായി നിരോധനം ഏര്‍പ്പെടുത്തിയ മോദി സര്‍ക്കാര്‍ സുരക്ഷയുടെ പേരില്‍ വിഐപി സംസ്‌കാരം ശക്തിപ്പെടുത്തുകയാണോ എന്ന ചോദ്യവും ഇതിനകം ഉയര്‍ന്നിട്ടുണ്ട്.

ബി ജെ പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും സംസ്ഥാന ഭാരവാഹികളായ കെ.സുരേന്ദ്രന്‍, എം.ടി രമേശ് എന്നിവര്‍ക്കും കേന്ദ്ര സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും കുമ്മനം ഉള്‍പ്പെടെയുള്ളവര്‍ സുരക്ഷ വേണ്ടന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here