പെയിന്റ് വിവാദത്തില്‍പ്പെട്ട വിജിലന്‍സ് ഡയറക്ടര്‍ ലോക് നാഥ് ബഹ്‌റ നേരിടുന്നത് ‘അഗ്‌നി പരീക്ഷണം’

ടെണ്ടറു പോലും വിളിക്കാതെ ഒരു പ്രത്യേക കമ്പനിയുടെ പെയിന്റ് പോലീസ് സ്റ്റേഷനുകളില്‍ അടിക്കണമെന്ന് നിര്‍ദ്ദേശിച്ച ഉത്തരവ് വിജിലന്‍സ് കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടാല്‍ തിരിച്ച് സംസ്ഥാന പൊലീസ് മേധാവിയാകാന്‍ മാത്രമല്ല ഡെപ്യൂട്ടേഷന്‍ മോഹങ്ങള്‍ക്കും അത് തിരിച്ചടിയാകും.

വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് തുടരാനും ഇതോടെ കഴിയാതെ വരും.

സുപ്രീം കോടതി സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവിയാക്കി തിരികെ നിയമിക്കാന്‍ ഉത്തരവിട്ടതിന് ശേഷം ധൃതി പിടിച്ച് ഉത്തരവിറക്കിയത് ഗൗരവമായി കോടതി കാണുമെന്നാണ് മുതിര്‍ന്ന അഭിഭാഷകര്‍ തന്നെ ചൂണ്ടിക്കാട്ടുന്നത്.

വിവാദ ഉത്തരവിനെതിരെ അന്വേഷണം ആവശ്യപ്പെട്ട ഒരു പരാതി ഇതിനകം തന്നെ വിജിലന്‍സില്‍ എത്തിയതായാണ് സൂചന. വിജിലന്‍സ് ഡയറക്ടര്‍ തന്നെ ആരോപണ വിധേയനായ സംഭവത്തില്‍ വിജിലന്‍സ് എന്ത് നടപടി സ്വീകരിച്ചാലും അത് പ്രഹസനമാകുമെന്നതിനാല്‍ പരാതിക്കാര്‍ ഇനി കോടതിയെ സമീപിക്കാനാണ് സാധ്യത കൂടുതല്‍.

ബഹ്‌റ അഴിമതി നടത്തിയതായി വിശ്വസിക്കുന്നില്ല എന്ന് പറയുന്നവര്‍ പോലും ഉത്തരവ് തെറ്റാണെന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്.

സെന്‍കുമാര്‍ വിരമിക്കുന്ന ഘട്ടത്തില്‍ ബഹ്‌റയെ തിരികെ പൊലീസ് മേധാവിയാക്കരുതെന്ന അഭിപ്രായം സിപിഎമ്മിലും ശക്തമായിരിക്കെയാണ് പുതിയ സംഭവ വികാസങ്ങള്‍.

പൊലീസ് ഭരണത്തിനെതിരെ നിരന്തരം പരാതി ഉയരുന്ന സാഹചര്യത്തില്‍ ഭരണപരമായി കൂടുതല്‍ പരിചയമുള്ള ഒരു ഉദ്യോഗസ്ഥനെ നിയമിക്കണമെന്നതാണ് സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ താല്‍പര്യം.

സെന്‍കുമാര്‍ റിട്ടയര്‍ ചെയ്യുന്നതോടെ എക്‌സ് കേഡര്‍ ഡിജിപി തസ്തികയിലെത്തുന്ന ഹേമചന്ദ്രനെ പരിഗണിക്കണമെന്ന അഭിപ്രായം പാര്‍ട്ടിക്കകത്തുണ്ട്. എന്നാല്‍ യുഡിഎഫ് ഭരണകാലത്ത് രഹസ്യാന്വേഷണ വിഭാഗം മേധവിയായിരുന്നു എന്നതാണ് പ്രധാന തടസ്സം. മുഖ്യമന്ത്രി അനുകൂലമായാല്‍ മാത്രമേ ഹേമചന്ദ്രന് നറുക്ക് വീഴൂ.

നിലവില്‍ കേന്ദ്രം അനുവദിച്ച രണ്ട് ഡിജിപി കേഡര്‍ തസ്തികയിലും രണ്ട് എക്‌സ് കേഡര്‍ തസ്തികയിലുമായി സെന്‍കുമാര്‍, ജേക്കബ് തോമസ്, ലോക് നാഥ് ബഹ്‌റ, ഋഷിരാജ് സിംങ്ങ് എന്നിവരാണുള്ളത്. സെന്‍കുമാര്‍ വിരമിക്കുന്നതോടെ ഹേമചന്ദ്രന്‍ ഈ പട്ടികയിലെത്തും.

ഇവരില്‍ നാല് പേരില്‍ ആരെയെങ്കിലും മാത്രമേ സംസ്ഥാന പൊലീസ് മേധാവിയാക്കി നിയമിക്കാന്‍ സാധാരണ ഗതിയില്‍ സാധിക്കൂ. മറിച്ചായാല്‍ കേഡര്‍ പ്രശ്‌നം ചൂണ്ടിക്കാട്ടി കേന്ദ്രം ഉടക്കും.

സീനിയോറിറ്റിയും കേഡര്‍ പദവിയും നോക്കുകയാണെങ്കില്‍ സെന്‍കുമാറിന്റെ പിന്‍ഗാമി യഥാര്‍ത്ഥത്തില്‍ ജേക്കബ് തോമസാണ് ആകേണ്ടത്. ഇത് മറികടന്നാണ് നേരത്തെ ബഹ്‌റയെ നിയമിച്ചിരുന്നത്.

അവധി നീട്ടിയ ജേക്കബ് തോമസ് തിരികെ വന്നാലും പകരം പദവി കണ്ടെത്തേണ്ടി വരും. വിജിലന്‍സ് തലപ്പത്ത് പ്രതിഷ്ടിച്ചില്ലങ്കിലും ‘ഒതുക്കല്‍’ തസ്തികയില്‍ നിയമിക്കാന്‍ സാധ്യതയില്ല. സംസ്ഥാനത്തെ സീനിയര്‍ ഐ.പി.എസുകാരന് ഏത് തസ്തികയില്‍ നിയമനം നല്‍കുമെന്നതും സര്‍ക്കാറിനെ സംബന്ധിച്ച് കുഴക്കുന്ന ചോദ്യമാണ്.

ജേക്കബ് തോമസിനേയോ, ഋഷിരാജ് സിങ്ങിനെയോ പൊലീസ് മേധാവിയാക്കാനുള്ള സാധ്യതയും വളരെ കുറവാണ്.

ഈ ‘പരിമിതി’ തന്നെയാണ് ബഹ്‌റയില്‍ തന്നെ വീണ്ടും സര്‍ക്കാറിന്റെ സാധ്യത കൊണ്ടു ചെന്നെത്തിക്കുന്നത്. എന്നാല്‍ അദ്ദേഹത്തിന് കേരളം വിടാനാണ് താല്‍പര്യം.

ബഹ്‌റ ഡെപ്യൂട്ടേഷന് പോവുകയാണെങ്കില്‍ ഹേമചന്ദ്രനെ പൊലീസ് മേധാവിയും രാജേഷ് ദിവാനെ വിജിലന്‍സ് ഡയറക്ടറുമാക്കണമെന്ന അഭിപ്രായം നേരത്തെ തന്നെ മുതിര്‍ന്ന സിപിഎം നേതാക്കള്‍ക്കിടയിലുണ്ടായിരുന്നു.

മുമ്പ്‌ എന്‍.ഐ.എ യിലടക്കം സേവനമനുഷ്ടിച്ചിട്ടുള്ളതിനാല്‍ ബഹ്‌റയെ സംബന്ധിച്ച് വീണ്ടും കേന്ദ്രത്തിലേക്ക് മടങ്ങാന്‍ എളുപ്പവുമാണ്. അതിനായുള്ള ചില നീക്കങ്ങള്‍ നടക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി പെയിന്റ് വിവാദത്തില്‍പ്പെട്ട് പുലിവാല് പിടിച്ചത്.

അതേസമയം ഡല്‍ഹിയിലെ ബഹ്‌റയുടെ രണ്ടാമൂഴം മുടക്കണമെന്ന് ആഗ്രഹിക്കുന്ന ബിജെപി നേതൃത്വത്തിന് പെയിന്റ് വിവാദം ഇപ്പോള്‍ പിടിവള്ളിയായിട്ടുണ്ട്.

കേന്ദ്ര നേതൃത്വവുമായി വളരെ അടുപ്പമുള്ള ഉന്നതനായ ബിജെപി നേതാവ് ബഹ്‌റയുടെ ഡെപ്യൂട്ടേഷന്‍ നീക്കങ്ങള്‍ക്കെതിരെ ഇതിനകം തന്നെ ചരടുവലി തുടങ്ങിയതായാണ് സൂചന.

കേരളത്തില്‍ ഏറ്റവും അധികം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടത് ബഹ്‌റ പൊലീസ് മേധാവിയായിരുന്ന സമയത്താണെന്നും സുപ്രീം കോടതി പോലും മഹിജയുടെ സമരവുമായി ബന്ധപ്പെട്ട് ‘ബഹ്‌റയെ മാറ്റേണ്ടതല്ലേ ‘എന്ന് ചോദിച്ചതാണെന്നുമെല്ലാം ചൂണ്ടിക്കാട്ടിയാണ് കരുനീക്കം. ഇക്കാര്യം പ്രമുഖ നേതാവ് തന്നെ കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

ബഹ്‌റക്ക് കേന്ദ്രത്തില്‍ പ്രധാന തസ്തികയില്‍ നിയമനം നല്‍കിയാല്‍ കേരളത്തില്‍ പാര്‍ട്ടി പ്രതിരോധത്തിലാകുമെന്ന ആശങ്കയും ബിജെപി സംസ്ഥാന നേതാക്കള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here